പമ്പ: തിന്നുകയുമില്ല...തീറ്റിക്കുകയുമില്ല എന്ന പ്രയോഗം കേട്ടിട്ടില്ലേ? അതാണ് അക്ഷരാർത്ഥത്തിൽ പമ്പയിൽ സംഭവിച്ചത്. കഴിഞ്ഞ പ്രളയത്തിൽ പമ്പാ ത്രിവേണിയിൽ ഒഴുകി വന്ന ലക്ഷക്കണക്കിന് രൂപയുടെ മണൽ ഇത്തവണത്ത മഴയിൽ ഒലിച്ചു പോയി. മണൽ എടുക്കുന്നതിനെ ചൊല്ലി വനം വകുപ്പും ദേവസ്വം ബോർഡും തമ്മിൽ നിലനിന്ന തർക്കമാണ് ആർക്കും ഉപയോഗമില്ലാത്ത തരത്തിൽ ഇപ്പോൾ വിരാമമായത്.
കുന്നുകൾക്ക് സമാനമായാണ് ത്രിവേണിക്കും ചെറിയാനവട്ടത്തിനും മധ്യേ പമ്പാ നദിയുടെ പലഭാഗത്തായി പ്രളയത്തിൽ ഒഴുകി വന്ന മണൽ കൂട്ടിയിട്ടത്.
കുറച്ചു മണൽ ചക്കുപാലം പാർക്കിംഗ് ഗ്രൗണ്ടിലും നിക്ഷേപിച്ചു. ശബരിമല വികസന പ്രവർത്തനങ്ങൾക്കായി ഇതിൽ 20,000 ഘനഅടി മണൽ ദേവസ്വം ബോർഡിന് സൗജന്യമായി നൽകാൻ സർക്കാർ ഉത്തരവ് ഇറക്കിയപ്പോഴാണ് പതിവുപോലെ തടസവുമായി വനംവകുപ്പ് എത്തിയത്.
ചക്കുപാലത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽ എടുത്താൽ മതിയെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. എന്നാൽ ചെളി നിറഞ്ഞത് ആയതിനാൽ അതുവേണ്ടന്ന് ദേവസ്വം ബോർഡും വാദിച്ചു. തുടർന്ന് വകുപ്പ് മന്ത്രിമാർ ഇടപെട്ടിട്ടും തീരുമാനമാകാതെ തർക്കം നീണ്ടുപോയി. പമ്പാനദിയിൽ എവിടെ നിന്നു വേണമെങ്കിലും ദേവസ്വം ബോർഡിന് മണൽ സംഭരിക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. പക്ഷേ വനം വകുപ്പ് പാസ് നൽകാത്തതിനാൽ സംഭരണം നടന്നില്ല. മഴയും വെള്ളപ്പൊക്കം ഉണ്ടായാൽ മണൽ ഒലിച്ചുപോകുമെന്ന മുന്നറിയിപ്പും അവഗണിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്തമായ മഴയിൽ പമ്പ തന്ന മണൽ പമ്പ തന്നെ തിരിച്ചെടുക്കുകയായിരുന്നു. വളരെ കുറച്ച് മണൽ മാത്രമാണ് ഇനി അവശേഷിക്കുന്നത്.