priyanka-gandhi

ലക്‌നൗ: ഉത്തർ പ്രദേശിലെ മിർസാപ്പൂരിൽ കരുതൽ തടങ്കലിലായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സോൻഭദ്ര സംഭവത്തിലെ ഇരകളെ കണ്ടു. പ്രിയങ്ക ഗാന്ധിക്ക് 'എവിടെ വേണമെങ്കിലും പോകാ'നുള്ള അവകാശമുണ്ടെന്ന് ഉത്തർ പ്രദേശ് സർക്കാരിന്റെ പ്രതിനിധി അറിയിച്ചു. എന്നാൽ താൻ ഇപ്പോഴും തടങ്കലിൽ തന്നെയാണെന്നാണ് പ്രിയങ്ക ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ഏതായാലും സോൻഭദ്ര വെടിവെപ്പിലെ ഇരകളുടെ ബന്ധുക്കളെ കണ്ട സ്ഥിതിയ്ക്ക് താൻ വന്ന കാര്യം സാധിച്ചു എന്നും പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തർ പ്രദേശ് ഭരണകൂടം തന്റെ തന്നെ തടവിലാക്കിയതിനെക്കുറിച്ച് എന്ത് പറയുമെന്ന് നോക്കാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി ഇന്ന് തിരിച്ച് ഡൽഹിക്ക് പോയി. എന്നാൽ താൻ തിരിച്ചെത്തുമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ, ഇരകളുടെ ബന്ധുക്കളെ കാണാതെ താൻ ഇവിടെ നിന്നും പോകില്ല എന്നറിയിച്ചുകൊണ്ട് പ്രിയങ്ക ഗസ്റ്റ്ഹൗസിന് പുറത്തേക്ക് പോകാൻ ശ്രമിച്ചിരുന്നു, എന്നാൽ ഉത്തർ പ്രദേശ് പൊലീസ് ഇതിന് അനുവദിച്ചില്ല. എന്നാൽ സോൻഭദ്രയിലുണ്ടായ സംഘർഷത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ പ്രിയങ്കയെ കാണാനായി ഗസ്റ്റ് ഹൗസിലേക്ക് എത്തിയപ്പോൾ ഇവരെ പൊലീസ് കടത്തിവിട്ടു.

ബന്ധുക്കളെ കണ്ട ശേഷം, യോഗി ആദിത്യനാഥാണ് ഉത്തർ പ്രദേശിലെ മരണങ്ങൾക്ക് കാരണമെന്നും, അല്ലാതെ നെഹ്‌റുവല്ല എന്നും പ്രിയങ്ക പരിഹസിച്ചു. സോൻഭദ്ര സംഭവത്തിലെ ഇരകൾക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

അതേസമയം സോൻഭദ്ര സംഭവത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാൻ പ്രിയങ്കയ്ക്ക് പിറകെ പശ്ചിമ ബംഗാളിലെ തൃണമൂൽ എം.പിമാരുടെ സംഘവും യു.പിയിലേക്ക് എത്തിയിരുന്നു. തൃണമൂൽ നേതാവായ ഡെറിക്ക് ഒബ്രയാന്റെ നേതൃത്വത്തിലാണ് നാല് എം.പിമാർ അടങ്ങുന്ന സംഘം യു.പിയിലേക്ക് എത്തുന്നത്. എന്നാൽ ഇവരെ വിമാനത്താവളത്തിൽ വച്ച് തന്നെ തടയുകയായിരുന്നു. ബംഗാളിലെ അക്രമസംഭവങ്ങളെ വിമർശിച്ച ബി.ജെ.പിക്കും യോഗി ആദിത്യനാഥിനും അതെ നാണയത്തിൽ തന്നെ മറുപടി നൽകുന്നതിന് വേണ്ടിയായിരുന്നു എം.പിമാരുടെ സംഘം ഇവിടേക്ക് എത്തിയത്.