വളരെ സാധാരണമായി കണ്ടുവരുന്ന എന്നാൽ, കരളിനെ ബാധിക്കുന്ന ഗുരുതരമായ അസുഖങ്ങളിൽ ഒന്നാണ് മഞ്ഞപ്പിത്തം. വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കിൽ മരണകാരണമായി മാറിയേക്കാം. ലക്ഷണങ്ങൾ തിരിച്ചറിയാത്തതാണ് ഈ അസുഖത്തെ കൂടുതൽ ഗുരുതരാവസ്ഥയിലേക്കെത്തിക്കുന്നത്.
മൂത്രം മഞ്ഞ നിറത്തിലാവുക, ചർമ്മത്തിലും കണ്ണിലും മഞ്ഞനിറം കാണുക തുടങ്ങിയവ മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. വയറുവേദന, വലതുവശത്ത് വാരിയെല്ലിന് കീഴെയായി വേദന വന്ന് പുറകുവശത്തേക്ക് വ്യാപിക്കുക, വിശപ്പുകുറയുക, സന്ധിവേദന, പനിയും കുളിരും, ക്ഷീണം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. ഗുരുതരാവസ്ഥയിൽ രോഗി രക്തം ഛർദ്ദിക്കാം.
കരളിന്റെ ഒരു ധർമമാണ് പിത്തരസം ഉല്പാദിപ്പിക്കൽ. ദഹനത്തിന് വേണ്ടി കരളിൽ നിന്ന് ഉല്പാദിപ്പിച്ച് പിത്തനാളികൾ വഴി ചെറുകുടലിലേക്ക് ദ്രാവകരൂപത്തിൽ ഒഴുകുന്ന ഒന്നാണ് പിത്തം.
മഞ്ഞയും പച്ചയും കലർന്ന നിറമാണ് ഇതിന്. ബിലിറൂബിൻ ആണ് ഈ നിറം നല്കുന്നത്. കരളിന് രോഗം ബാധിച്ചാൽ പിത്തരസം കുടലിലേക്കൊഴുകാതെ തടസപ്പെടുന്നു. കരളിലെ ചെറുനാളങ്ങളിലെല്ലാം അത് നിറയും. പിത്തരസം വീണ്ടും കരൾ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അത് രക്തത്തിലേക്ക് പ്രവേശിക്കുകയും ദേഹത്താകെ മഞ്ഞനിറം വ്യാപിക്കുകയും ചെയ്യും. മഞ്ഞപ്പിത്ത രോഗികളിൽ ബിലിറൂബിന്റെ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടക്കാത്തതിനാൽ ചർമ്മ രോഗങ്ങൾ ഉണ്ടാവാം. മലത്തിലും നിറവ്യത്യാസം ഉണ്ടാകും.
മലിനമായ കുടിവെള്ളത്തിലൂടെയോ ഭക്ഷണ പദാർത്ഥത്തിലൂടെയോ വളരെ എളുപ്പത്തിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കാം. പിത്താശയ കല്ലുകൾ കാരണവും മഞ്ഞപ്പിത്തം ഉണ്ടാവാം. മഞ്ഞപ്പിത്ത രോഗിക്ക് വിശ്രമം ആവശ്യമാണ്. എളുപ്പത്തിൽ ദഹിക്കാവുന്ന ലഘുഭക്ഷണങ്ങൾ കഴിക്കാം. വിദഗ്ദ്ധനായ ആയുർവേദ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സ ലഭിക്കുകയാണെങ്കിൽ മഞ്ഞപ്പിത്തം ഭേദമാക്കാം.
ഡോ. ശില്പ എം.വി,
വി.എം ഹോസ്പിറ്റൽ,
ഗവ. ആശുപത്രിക്ക്
എതിർവശം,
മട്ടന്നൂർ
ഫോൺ: 9846366000