തിരുവനന്തപുരം: ജയിൽ ചപ്പാത്തിയുടെയും ബിരിയാണിയുടെയും കോഴിക്കറിയുടെയും രുചി ഓൺലൈൻ വഴിയും ഇനി ആവശ്യക്കാരുടെ തീൻമേശയിലെത്തും. 'ഫ്രീഡം കോംബോ ഓഫർ' എന്നപേരിൽ ഊബർ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ ഏജൻസികളുടെ സഹകരണത്തോടെ ജയിലിലെ ഹിറ്റ് വിഭവങ്ങൾ കേരളമാകെ വ്യാപിപ്പിക്കാൻ പദ്ധതി തയാറാകുന്നു. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ പ്രത്യേക താത്പര്യപ്രകാരം വിയ്യൂർ ജയിലിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയിച്ചതോടെ കൊല്ലം ജില്ലാ ജയിൽ, തിരുവനന്തപുരം സെൻട്രൽ ജയിൽ എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ വ്യാപിപ്പിക്കും.
ഓൺലൈൻ ആയി മാത്രമാണ് കോംബോ ഓഫർ ലഭിക്കുക. 300 ഗ്രാമുള്ള ചിക്കൻ ബിരിയാണി, ചിക്കൻ കറി, മൂന്നു ചപ്പാത്തി. ഒരു കപ്പ് കേക്ക്, ഒരു കുപ്പി വെള്ളം എന്നിവയാണ് കോംബോ ഓഫറിലുള്ളത്. പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതിനാൽ തൂശനിലയും ഒപ്പം നൽകും. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഒഴിവാക്കി പേപ്പർ ബാഗിലാകും ഭക്ഷണം വീട്ടിലെത്തുക. 127 രൂപയാണ് ഓഫറെങ്കിലും 27 രൂപ ഓൺലൈൻ കമ്പനിക്ക് നൽകണം. നിലവിൽ ജയിലിലും ജയിൽ വകുപ്പിന്റെ കീഴിൽ ആശുപത്രികളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള മൊബൈൽ ഔട്ട് ലറ്റുകളും കേന്ദ്രീകരിച്ചാണ് ഫ്രീഡം ഫുഡിന്റെ വിൽപ്പന. കാലത്തിനനുസരിച്ച് ഫ്രീഡം ഫുഡിന്റെ വിപണിയിലും നൂതന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഓൺലൈൻ കമ്പനികളുടെ പങ്കാളിത്തത്തിന് ശ്രമമുണ്ടായത്.