ശരീര വലിപ്പമുള്ളവരെ സമൂഹവും മറ്റൊരു കണ്ണിലൂടെയാണ് പലപ്പോഴും കാണുന്നത്. മേദസുള്ളവർ സ്നേഹം അർഹിക്കുന്നില്ലെന്നും അവരെ വിവാഹം കഴിക്കാനും സ്നേഹിക്കാനും ആരും തയാറാകില്ലെന്നും നമ്മളിൽ പലരും കരുതുന്നു. ഇങ്ങനെയുള്ളവർ ജീവിതത്തിന്റെ ഓരോ വേളയിലും പരിഹാസങ്ങളും കുത്തുവാക്കുകളും ഏറ്റുവാങ്ങി തങ്ങളുടെ സ്വകാര്യതയിലേക്ക് സ്വയം ചുരുങ്ങുകയാണ് പതിവ്. കളിയാക്കലുകളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രം. എന്നാൽ ശരീരം മാത്രമല്ല തന്റെ വ്യക്തിത്വം എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ട് വന്ന് തന്റേടത്തോടെ ജീവിതത്തിൽ വിജയിച്ചു കാണിക്കുന്നവരും അനവധിയാണ്. ഇതിലൂടെ തങ്ങളെ പരിഹസിച്ചവരുടെ വാ പിന്നീടെങ്ങും തുറക്കാൻ അനുവദിക്കാത്ത വിധം ഇവർ അടപ്പിക്കുന്നു. അത്തരത്തിലൊരു കഥയാണ് മുംബയിലെ ലേഡി ഷെഫും സംരംഭകയുമായ പൂജ ദിൻഗ്രയ്ക്ക് പറയാനുള്ളത്. താൻ നേരിട്ട കളിയാക്കലുകൾ മൂലം പലപ്പോഴും കരയേണ്ടി പോലും വന്നിട്ടുള്ള ദിൻഗ്ര ഇന്ന് മുംബയിലെ 'ലെ15 പാറ്റിസറി' ബേക്കറി ശൃംഖലയുടെ ഉടമയാണ്. മാത്രമല്ല, ഫ്രഞ്ച് മിഠായിയായ 'മാക്കറോണി'ന്റെ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ തുറന്നതും പൂജയാണ്. പൂജയുടെ കഥ കേൾക്കാം.
'തടിയുള്ള പെണ്ണായി വളർന്ന് വരുമ്പോൾ , ഒരു നിശ്ചിത അളവിൽ എത്തും വരെ സ്നേഹത്തിന് അർഹയല്ല എന്നാണ് ഞാൻ എന്നെക്കുറിച്ച് കരുതിപ്പോന്നത്. 'നിനക്ക് നല്ല മുഖം ഉണ്ടല്ലോ, തടി കുറച്ചില്ലെങ്കിൽ നിന്നെ ആരും കെട്ടാൻ വരില്ല' എന്ന മട്ടിലുള്ള വാക്കുകളും ഞാൻ ഓരോരുത്തരിലും നിന്നും കേട്ടുപോന്നു. കുടുംബത്തോടൊപ്പമുള്ള പല ചടങ്ങുകൾക്കിടയിലും ഇത്തരത്തിലുള്ള കുത്തുവാക്കുകൾ എനിക്ക് കേൾക്കേണ്ടതായി വന്നു. പലപ്പോഴും ഇത് കേട്ട് കരഞ്ഞുപോയിട്ടുണ്ട് ഞാൻ. കാരണം മിക്കപ്പോഴും അത് മാത്രമായിരുന്നു എന്റെ ബന്ധുക്കൾ എന്നോട് പറഞ്ഞിരുന്നത്. അതിന് ശേഷമാണ്, 18 വയസുള്ളപ്പോൾ പഠനത്തിനായി ഞാൻ സ്വിറ്റ്സർലണ്ടിലേക്ക് പോകുന്നത്. അവിടെ വച്ച് ഞാൻ ജീവിതത്തിൽ ആദ്യമായി, എന്നെത്തന്നെ കണ്ടെത്തുകയായിരുന്നു.
ശരീരത്തിനപ്പുറം എനിക്കൊരു വ്യക്തിത്വം ഉണ്ടെന്ന് അവിടെനിന്നും ഞാൻ മനസിലാക്കി. ഞാൻ ആരാണെന്നും ജീവിതത്തിൽ എനിക്ക് എന്താണ് വേണ്ടതെന്നും മനസിലാക്കി. ഞാൻ എങ്ങനെയാനിരിക്കേണ്ടതെന്ന് ആരും എനിക്ക് പറഞ്ഞു തരേണ്ടെന്നും അതിന്റെ ആവശ്യം എനിക്കില്ലെന്നും എനിക്ക് മനസിലായി. ഞാൻ അവിടെ വച്ച് ഒരാളുമായി പ്രണയത്തിലായി. അഞ്ച് വർഷം നീണ്ടുനിന്ന ആ ബന്ധം അവസാനിച്ചപ്പോൾ സ്വാഭാവികമായും ഞാൻ ഏറെ വിഷമിച്ചു. ഹൃദയം തകർക്കുന്ന വേദന. പക്ഷെ ഞാൻ അതിനെ അതിജീവിച്ചു. എന്നിട്ട് എന്റെ ഊർജം മുഴുവൻ എന്റെ ജോലിയിൽ കേന്ദ്രീകരിക്കാൻ ഞാൻ തീരുമാനിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി ഞാൻ എന്റെ ബിസിനസ് വളർത്തുന്നതിന്റെ തിരക്കിലായിരുന്നു. അതിനിടെ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നു.
എന്നാൽ എന്റെ ജീവിതത്തിന് ഏറ്റവും കൂടുതൽ അർത്ഥമുണ്ടാക്കിയ ഒരു യാത്രയായിരുന്നു അത്. എന്റെ രണ്ട് ദിവസങ്ങൾ ഒരിക്കലും ഒരു പോലെ ആയിരുന്നില്ല. ഓരോ ദിവസവും ഓരോ തരം വെല്ലുവിളികളാണ് എനിക്ക് അഭിമുഖീകരിക്കേണ്ടതായി വന്നത്. അതെന്നെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു. പക്ഷെ ഈ ഒൻപത് വർഷത്തിനിടെ ഏറ്റവും മികച്ച ജീവിതപാഠങ്ങൾ പഠിക്കാൻ എനിക്ക് അവസരമുണ്ടായി. എന്റെ എല്ലാ കുറവുകൾക്കും അപ്പുറം പോയി ഞാൻ എന്നെതന്നെ സ്നേഹിക്കാൻ പഠിച്ചു. എനിക്ക് പറ്റിയ തെറ്റുകൾ മനസിലാക്കി സ്വയം മാപ്പ് കൊടുക്കാൻ എനിക്ക് കഴിഞ്ഞു.
ഒടുവിൽ എനിക്ക് മനസിലായി ഇങ്ങനെയുള്ള ഞാൻ തന്നെ മതി, ഒരു മാറ്റവും വരുത്തേണ്ട. എന്നോട് മാത്രമല്ല എനിക്ക് ചുറ്റുമുള്ള ആളുകളോടും ക്ഷമിക്കാനും അവരെ മനസിലാക്കാനും എനിക്ക് സാധിച്ചു. ഓരോ മനുഷ്യനും ഓരോ തരം ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ഞാൻ പഠിച്ചു(ഇൻസ്റ്റാഗ്രാമിനെ നിങ്ങൾ വിശ്വസിക്കരുത്). ഇപ്പോൾ എനിക്ക് 32 വയസുണ്ട്. ഇപ്പോൾ എനിക്കറിയാം. ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രണയം അയാളോട് തന്നെയാണെന്ന്.'