arnab-goswami

ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി വാർത്താ ചാനലിന്റെ എം.ഡിയും ചാനലിലെ പ്രധാന വാർത്താവതാരകനുമായ അർണാബ് ഗോസ്വാമിയെ ടി.വിയിൽ തീരെ കാണാതായിട്ട് ആഴ്ചകളായി. രണ്ടാഴ്ചയിൽ കൂടുതലായി ചാനലിലെ പ്രധാന പരിപാടിയായ ഒൻപത് മണിക്കുള്ള ചർച്ചാവേള അവതരിപ്പിക്കാനെത്തുന്നത് മറ്റ് രണ്ട് അവതാരകരാണ്. സാധാരണയായി അർണാബ് തന്നെയാണ് ഈ പരിപാടി അവതരിപ്പിച്ചിരുന്നത്. ഇതിനിടെ അനവധി പ്രധാനപ്പെട്ട വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നിട്ടും അർണാബിനെ കുറിച്ച് യാതൊരു വിവരവുമില്ല.

കുൽഭൂഷൺ ജാദവിന് അനുകൂലമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി, ഗോസ്വാമിയുടെ സ്വന്തം സംസ്ഥാനമായ അസമിലെ വെള്ളപൊക്കം, കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി, ബിഹാറിലെ വെള്ളപൊക്കത്തിനിടയിലും രാഷ്ട്രീയക്കാർ പ്രകടിപ്പിക്കുന്ന നിഷ്‌ക്രിയത്വം എന്നിവയാണ് ഇതിൽ ചില പ്രധാനപ്പെട്ട വാർത്തകൾ. ഇതെല്ലാം അർണാബിന് 'കസറാ'നുള്ള അവസരങ്ങൾ കൂടിയായിരുന്നു. എന്നിട്ടും അദ്ദേഹം ഈ 'ഒളിച്ചുകളി' നടത്തുന്നതെന്താണെന്നാണ് സോഷ്യൽ മീഡിയ യൂസേഴ്സ് ആശങ്കപ്പെടുന്നത്. പാകിസ്ഥാനെ 'പാഠം' പഠിപ്പിക്കാനുള്ള അവസരമാണ് അർണാബ് നഷടമാക്കുന്നതെന്ന് ചിലർ അഭിപ്രായപെടുമ്പോൾ, അസമിലെ വെള്ളപൊക്കം കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നാണ് മറ്റ് ചിലർ പറയുന്നത്.

'അർണാബ് ഇപ്പോൾ എവിടെ പോയിരിക്കുകയാണ്? മണ്ണിന്റെ മകനേ, ടി.ആർ.പി റേറ്റിങ്ങിന് വേണ്ടിയെങ്കിലും തങ്ങളുടെ വിലപ്പെട്ട സമയത്തിൽ കുറച്ച് അസമിന് വേണ്ടി ചിലവാക്കൂ. ഇപ്പോൾ അവർക്ക് അസമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ അൽപ്പം പോലും സമയമില്ല. ഞങ്ങളും ഇന്ത്യയുടെ ഭാഗമാണ്. ഇൻക്രെഡിബിൾ ഇന്ത്യയുടെ.' രോഷത്തോടെ അസമിലെ ഒരു സോഷ്യൽ മീഡിയ യൂസർ ചോദിക്കുന്നു. 'അർണാബ് എവിടെയാണ്? രാജ്യത്തിനറിയണം(ദ നേഷൻ വാണ്ട്സ് ടു നോ)' മറ്റൊരു ട്വിറ്റർ യൂസറും കുറിച്ചു.