ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സർവേഫലം. ബ്രിട്ടൺ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമാണ് സർവേ നടത്തിയത്. ലോകനേതാക്കളുടെ പട്ടികയിൽ കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മോദി ആറാമതെത്തുകയും ചെയ്‌തു. ഇന്ത്യൻ രാഷ്‌ട്രീയ നേതാക്കളിൽ മോദിക്ക് മാത്രമാണ് പട്ടികയിൽ ഇടം നേടാനായത്.ബോക്‌സിംഗ് താരം മേരി കോം ആണ് ഏറ്റവും ആരാധ്യയായ ഇന്ത്യൻ വനിത.
ലോകനേതാക്കളുടെ ആദരവ് സൂചികയിൽ 4.8 ആണ് മോദിക്ക് ലഭിച്ച പോയിന്റ്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർ പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിലുണ്ട്. ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായി, സുസ്‌മിത സെൻ എന്നിവരാണ് ആദ്യ ഇരുപതിലെ വനിതാ സാന്നിദ്ധ്യങ്ങൾ.
ലോകസമ്പന്നൻ ബിൽഗേറ്റാണ് പട്ടികയിലെ ആദ്യ പേരുകാരൻ. തൊട്ടുപിറകെ അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുമുണ്ട്. മിഷേൽ ഒബാമ, അമേരിക്കൻ ടിവി അവതാരക ഒപ്ര വിൻഫ്രേ എന്നിവരാണ് ഏറ്റവും ആരാധ്യരായ വനിതകളായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ ബ്രിട്ടീഷ് മാസികയായ ബ്രിട്ടിഷ് ഹെറാൾഡ്, ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തിരുന്നു. മാസികയുടെ ജൂലായ് ലക്കം കവർ പേജിന് മോദിയുടെ ചിത്രമാണ് പ്രസാദകർ നൽകിയത്. സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ലോക നേതാക്കളിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ മോദി.