കുന്ദമംഗലം: ശാരീരിക വൈകല്യത്തെ തോല്പിച്ചു മുന്നേറിയ മുഹമ്മദ് ആസിമിനെ സർക്കാർ ഉജ്ജ്വല ബാല്യപുരസ്കാരം നൽകി ആദരിച്ചെങ്കിലും സ്കൂളിൽ പോവാനാവാതെ വീട്ടിലിരിക്കുകയാണിപ്പോൾ.
എന്നുകരുതി പഠനം ഉപേക്ഷിക്കാനൊന്നും തയ്യാറല്ല ആസിം. എട്ടാം ക്ലാസിലെ പുസ്തകങ്ങൾ വായിക്കും. കാലുകൊണ്ട് ലാപ്ടോപ്പിൽ എഴുതും, ചിത്രം വരയ്ക്കും. പതിമ്മൂന്നുകാരനെങ്കിലും ആറ് വയസിന്റെ മാത്രം വളർച്ച. ഇരു കൈകളുമില്ല. നിവർന്ന് നിൽക്കാനുള്ള ബലം കാലുകൾക്കില്ല. ഭക്ഷണം കഴിക്കാനും പ്രാഥമികാവശ്യങ്ങൾക്കും പരസഹായം വേണം.
ആസിമിന് ഒരേയൊരു ആവശ്യമേയുള്ളൂ. ഏഴു വരെ പഠിച്ച വെളിമണ്ണ ഗവ. യു.പി ഹൈസ്കൂളായി കിട്ടണം. അതിനായി പഞ്ചായത്ത് പ്രസിഡന്റ് മുതൽ പ്രധാനമന്ത്രി വരെയുള്ളവർക്ക് കാലുകൊണ്ടെഴുതി നിവേദനം നൽകി. ആരും കനിയുന്നില്ലെന്നു മാത്രം. വീട്ടിൽ നിന്ന് ഇരുനൂറ് മീറ്റർ ദൂരത്തിലാണ് വെളിമണ്ണ സ്കൂൾ. അവിടേക്ക് പിതാവ് എടുത്തുകൊണ്ടാക്കുമായിരുന്നു. ഹൈസ്കൂൾ 5 കി.മീ അകലെയാണ്. എട്ടാം ക്ലാസ് വരെ യു.പി സ്കൂൾ ആയി പരിഗണിച്ച് വിദ്യാഭ്യാസ ഘടനയിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായാൽ വീടിനടുത്ത് ഒരു കൊല്ലം കൂടി പഠിക്കാം. കോഴിക്കോട്ട് ഓമശ്ശേരിയിൽ മദ്രസ്സ അദ്ധ്യാപകനായ മുഹമ്മദ് ഷനീദിന്റെയും ജംസീനയുടെയും മകനാണ്. ആസിമിനു താഴെ ആറു സഹോദരങ്ങൾ.
പോരാട്ടത്തിന്റെ വഴികൾ
നാലാം ക്ലാസിൽ പഠിക്കവേ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്കൂൾ യു.പിയാക്കി ഉയർത്തിക്കൊടുത്തു.
ഏഴ് കഴിയാറായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെയും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെയും കണ്ടെങ്കിലും ഹൈസ്കൂളെന്ന ആവശ്യം പരിഗണിച്ചില്ല
സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടെങ്കിലും സർക്കാർ അത് നടപ്പാക്കിയില്ല. തുടർന്ന് ഹൈക്കോടതിയിൽ. അനുകൂല വിധിക്കെതിരെ സർക്കാർ സ്റ്റേ വാങ്ങി. സ്റ്റേ നീക്കിക്കിട്ടാനുള്ള കേസിലാണിപ്പോൾ
: