ന്യൂഡൽഹി: കോൺഗ്രസിലെ മുതിർന്ന നേതാവും ഡൽഹി മുൻമുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഉച്ച തിരിഞ്ഞ് 3.30ഓടെയായിരുന്നു അന്ത്യം. ഹൃദയസ്‌തംഭനമാണ് മരണകാരണം. 15 വർഷത്തോളം തുടർച്ചയായി ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് തലസ്ഥാന നഗരിയിലെ കോൺഗ്രസിന്റെ മുഖം തന്നെയായിരുന്നു. നിലവിൽ ഡൽഹി പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന ഷീല, കേരള ഗവർണറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രി പദം അലങ്കരിച്ച ഷീല ദീക്ഷിത് തന്നെയാണ് ഏറ്റവും കൂടുതൽ സമയം ആ പദവിയിലിരുന്ന നേതാവ്. 1998 മുതൽ 2003 വരെയാണ് ഷീല ഡൽഹി മുഖ്യമന്ത്രിയായിരുന്നത്. 2014ലാണ് ഷീല ദീക്ഷിത് കേരള ഗവർണറായി സേവനമനുഷ്‌ഠിച്ചത്. എന്നാൽ ആറു മാസം മാത്രമാണ് അവർക്ക് ആ പദവിയിൽ തുടരാൻ സാധിച്ചത്.
ഡൽഹിയുടെ അടിസ്ഥാനപരമായ വളർച്ചയ്‌ക്ക് മുഖ്യമന്ത്രി എന്ന നിലയിൽ ഷീല ദീക്ഷിത് വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണ്. മികച്ച റോഡുകൾ, മേൽപ്പാലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ രാജ്യതലസ്ഥാനത്തിനായി ഒരുക്കുന്നതിൽ അവർ നിർണായക പങ്കു വഹിച്ചിരുന്നു.
1938ൽ പഞ്ചാബിലെ കപൂർത്തലയിലാണ് ഷീല ദീക്ഷിത് ജനിച്ചത്. യു.പിയിലെ കോൺഗ്രസ് നേതാവും ഭർതൃപിതാവുമായ ഉമാശങ്കർ ദീക്ഷിതിന്റെ പാത പിന്തുടർന്നായിരുന്നു ഷീലയുടെ രാഷ്‌ട്രീയ പ്രവേശം. നെഹ്‌റു കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഷീല ദീക്ഷിതിന് ഉണ്ടായിരുന്നത്. അന്തരിച്ച മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ വിനോദ് ദീക്ഷിതാണ് ഭർത്താവ്. മകൻ മുൻ എം.പി സന്ദീപ് ദീക്ഷിത്, മകൾ ലതിക സെയ്ദ്.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ഷീല ദീക്ഷിതിന്റെ മരണത്തിൽ അനുശോചിച്ചു.