us

റിയാദ്: ബ്രിട്ടീഷ് എണ്ണക്കപ്പൽ ഫോർമൂസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്തതിന് പിന്നാലെ സൗദി അറേബ്യയിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്ക. യു.എസിന്റെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്. കലുഷിതാവസ്ഥ തുടരുന്ന ഗർഫ് മേഖലയിൽ യു.എസിന്റെ നീക്കം ഇറാന് തിരിച്ചടിയായിരിക്കുകയാണ്. മേഖലയിൽ ഉയർന്നുവരുന്ന ഭീഷണികൾക്ക് പ്രതിരോധം തീർക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സൈനിക നീക്കം നടത്തുന്നതെന്ന് പെന്റഗൺ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.

മേഖലയിൽ അമേരിക്ക സൈന്യത്തെ വിന്യസിച്ചത് സൗദി അറേബ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണിതെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. സൗദി-യുഎസ് സഹകരണം ശക്തമാക്കുന്നതിനും മേഖലയിൽ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിനുമായി അമേരിക്കൻ സേനയ്ക്ക് താവളമൊരുക്കാനുള്ള തീരുമാനത്തിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകിയെന്നാണ് സൗദി ഭരണകൂടം വ്യക്തമാക്കിയത്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായി നിലനിൽക്കുന്നതിനിടെയുള്ള പുതിയ നീക്കം മേഖലയിൽ യുദ്ധഭീതി പടർത്തിയിട്ടുണ്ട്. സൗദി വാർത്ത ഏജൻസിയെ ഉദ്ധരിച്ച് അൽ-ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മേഖലയിലെ സ്ഥിതി കണക്കിലെടുത്ത് 500ഓളം സൈനികരെയാണ് വിന്യസിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് മേഖലകളിൽ യു.എസിന്റെ വ്യോമനിരീക്ഷണം ഉൾപ്പെടയുള്ളവ നടക്കുന്നുണ്ട്. റിയാദിൽ നിന്ന് 150 കലോമീറ്റർ അകലെയുള്ള പ്രിൻസ് സുൽത്താൻ എയർ ബേസിലായിരിക്കും അമേരിക്കൻ സേന തമ്പടിക്കുകയെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് പിന്നാലെ 2003ലാണ് ഈ വ്യോമതാവളം അടച്ചത്. പിന്നീട് അമേരിക്കൻ സൈന്യം ഇവിടെനിന്ന് ഖത്തറിലേക്ക് മാറി. നിലവിൽ യെമനിലെ ഹൂതികൾക്കെതിരെയുള്ള സൈനിക നീക്കങ്ങൾക്ക് സൗദി അറേബ്യയെ അമേരിക്കൻ സൈന്യം സഹായിക്കുന്നുണ്ട്. എന്നാൽ പ്രത്യേക സൈനിക താവളം നിലവിലുണ്ടായിരുന്നില്ല.

അതേസമയം, രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്‌റ്റെനാ ഇംപെറോയിൽ 18 ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ട്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽ ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്തതായി ഇറാൻ വ്യക്തമാക്കിയത്. കപ്പലിലെ 23 ജീവനക്കാരിൽ ഇന്ത്യക്കാർക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ജീവനക്കാരിൽ ആർക്കും പരിക്കില്ല. എല്ലാവരും സുരക്ഷിതരാണ്. കപ്പൽ ഇപ്പോൾ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്‌റ്റെനാ ബൾക്ക് അറിയിച്ചു. സൗദി തുറമുഖത്തേക്കു പോയ കപ്പലാണ് ഇറാൻ പിടിച്ചെടുത്തിരിക്കുന്നത്.