കൊച്ചി: പഞ്ഞക്കർക്കടകവും വിലക്കുതിപ്പും ഒന്നിച്ചെത്തിയതോടെ സംസ്ഥാനത്ത് സ്വർണക്കച്ചവടം പാതിയായി കുറഞ്ഞു. മറ്റു മാസങ്ങളെ അപേക്ഷിച്ച്, പൊതുവേ കർക്കടകം സ്വർണാഭരണ വിപണിക്ക് ഓഫ് സീസണാണ്. ഇതിനൊപ്പം, വിലയും കുതിച്ചതോടെ വില്‌പന 50 മുതൽ 60 ശതമാനം വരെ കുറഞ്ഞുവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്‌ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ 'കേരളകൗമുദി"യോട് പറഞ്ഞു.
സ്വർണവില വെള്ളിയാഴ്‌ച പവന് സംസ്‌ഥാന ചരിത്രത്തിൽ ആദ്യമായി 26,000 രൂപ കടന്നിരുന്നു. 200 രൂപ വർദ്ധിച്ച് 26,120 രൂപയായിരുന്നു അന്ന് വില. ഗ്രാം വില 25 രൂപ വർദ്ധിച്ച് 3,265 രൂപയിലുമെത്തി. ഇന്നലെ പവന് 400 രൂപ കുറഞ്ഞ് 25,720 രൂപയിലും ഗ്രാമിന് 50 രൂപ താഴ്‌ന്ന് 3,215 രൂപയിലും വില എത്തിയെങ്കിലും ഈ വിലക്കുറവ് താത്കാലികമാണെന്നാണ് വിലയിരുത്തൽ. അന്താരാഷ്‌ട്ര വിപണിയുടെ ചുവടുപിടിച്ച് വില വരും ദിവസങ്ങളിലും കൂടാൻ തന്നെയാണ് സാദ്ധ്യത.
കേരളത്തിൽ പ്രതിദിനം ശരാശരി 100-150 കോടി രൂപയുടെ സ്വർണം വിറ്റഴിയുന്നു എന്നാണ് കണക്ക്. കർക്കടകവും വിലവർദ്ധനയും ഒന്നിച്ചെത്തിയതോടെ ഇപ്പോൾ കച്ചവടം ഇതിന്റെ 50-60 ശതമാനം വരെ കുറഞ്ഞു.
വിലക്കുതിപ്പിന് പിന്നിൽ
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ കുറച്ചേക്കുമെന്ന സൂചന
പലിശ കുറച്ചാൽ, കടപ്പത്രങ്ങളിൽ നിന്നുള്ള റിട്ടേൺ കുറയുമെന്ന ഭീതി, നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു
അമേരിക്ക-ഇറാൻ യുദ്ധഭീതി മൂലം ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങുന്നതും സ്വർണത്തിന് നേട്ടമാകുന്നു
അന്താരാഷ്‌ട്ര വില വെള്ളിയാഴ്‌ച ഔൺസിന് 6 വർഷത്തെ ഉയരമായ 1,452 ഡോളറിലെത്തി
നിർമ്മാണ മേഖലയും
പ്രതിസന്ധിയിൽ
സ്വർണാഭരണ വിതരണക്കാരിൽ നിന്ന് ഓർഡറുകൾ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വർണാഭരണ നിർമ്മാണ വ്യവസായവും പ്രതിസന്ധിയിലാണ്. ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്‌ടമാകുന്ന സൗഹചര്യവുമുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
വില എങ്ങോട്ട്?
അന്താരാഷ്‌ട്ര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുതിക്കുന്നത്. പശ്‌ചിമേഷ്യയിലെ യുദ്ധഭീതി നിലനിൽക്കുകയും അമേരിക്ക പലിശ കുറയ്ക്കുകയും ചെയ്‌താൽ അന്താരാഷ്‌ട്ര വില വൈകാതെ 1,500 ഡോളർ കടക്കും. അങ്ങനെ സംഭവിച്ചാൽ, കേരളത്തിൽ പവൻ വില 30,000 രൂപ കടന്നാലും അത്ഭുതപ്പെടാനില്ല!
ഒരു പവന്
എത്ര നൽകണം?
പവന് വിപണിവില ഇന്നലെ 25,720 രൂപയാണെങ്കിലും, ഉപഭോക്താക്കളുടെ കൈയിലേക്ക് എത്തുമ്പോൾ വില 29,000 മുതൽ 30,000 രൂപയെങ്കിലും വരും. വിപണി വിലയ്ക്ക് പുറമേ പണിക്കൂലി, മൂന്നു ശതമാനം ജി.എസ്.ടി എന്നിവ ചേരുമ്പോഴാണ് വില 29,000 രൂപ കടക്കുക.
ചിങ്ങമാസത്തിൽ
കച്ചവടം ഉഷാറാകും
''ചിങ്ങമാസം ഓണത്തിന് പുറമേ വിവാഹ സീസൺ കൂടിയാണ്. വില കൂടിനിൽക്കുകയാണെങ്കിലും ഉപഭോക്താക്കൾ സ്വർണ വിപണിയിലേക്ക് ഒഴുകിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇത്, വിപണിക്ക് വലിയ ഉഷാറേകും"",
എസ്. അബ്‌ദുൾ നാസർ,
ട്രഷറർ, എ.കെ.ജി.എസ്.എം.എ
വിലയിലെ കൗതുകം
(സംസ്ഥാനത്തെ പവൻ വിലയിലേക്ക് ഒരു തിരിഞ്ഞുനോട്ടം)
വർഷം വില
1925 ₹13.75
1950 ₹72.75
1985 ₹1,573
2000 ₹3,212
2010 ₹12,280
2014 ₹21,480
2019 ₹26,120