കൊല്ലം: വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി 12 വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് അർഹത നേടിയത് സംബന്ധിച്ച് ഒന്നര വർഷം മുമ്പ് ഡി.ജി.പിക്ക് കൊടുത്ത പരാതിയിൽ പൊലീസ് കേസെടുത്തത് ഇപ്പോൾ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
കേരള റൈഫിൾ അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി എറണാകുളം സ്വദേശി വി.സി.ജെയിംസ്, വ്യാജ സർട്ടിഫിക്കറ്റിലൂടെ ഗ്രേസ് മാർക്ക് നേടിയ പാലക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനി കെ.എസ്.നിരഞ്ജന എന്നിവർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങി.വിവിധ ജില്ലകളിൽ നിന്നുള്ള 12 കുട്ടികൾക്കായി 32 സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ചുവെന്നാണ് ആക്ഷേപം.
കൊല്ലം ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി സജു.എസ്. ദാസ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഡി.ജി.പിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. 2017 ആഗസ്റ്റ് 21മുതൽ 26 വരെ ചെന്നെയിൽ നടന്ന സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ മറവിലാണ് തട്ടിപ്പ്. വിജയികൾക്ക് റൈഫിൾ അസോസിയേഷന്റെ ഒൗദ്യോഗിക സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് ഒരാഴ്‌ച മുമ്പ് വ്യാജ സർട്ടിഫിക്കറ്റുകളുടെ വിതരണം നടന്നിരുന്നുവെന്നാണ് പരാതി.സംസ്ഥാന റൈഫിൾ അസോസിയേഷൻ സെക്രട്ടറിയുടെ ഒപ്പോടു കൂടിയ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കുട്ടികളിൽ പലരും ഉപരി പഠനത്തിന് ഗ്രേസ് മാർക്ക് നേടിയിരുന്നു.
വ്യാജനെ കണ്ടെത്തിയത്
1..വ്യാജ സർട്ടിഫിക്കറ്റുകളിൽ തമിഴ്നാട് ഷൂട്ടിംഗ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഒപ്പ്. ,ദേശീയ റൈഫിൾ അസോസിയേഷൻ നൽകുന്ന യഥാർത്ഥ സർട്ടിഫിക്കറ്റുകളിൽ ഒപ്പിടുന്നത് ദേശീയ സെക്രട്ടറി.
2. വ്യാജ സർട്ടിഫിക്കറ്റുകളിൽ ദേശീയ റൈഫിൾ അസോസിയേഷന്റെ അടയാളവും സീരിയൽ നമ്പരുമില്ല.
3.വ്യാജനിൽ തമിഴ്നാട് ഷൂട്ടിംഗ് അസോസിയേഷൻ എന്നാണ് കാണുന്നത്.
ഒൗദ്യോഗിക സർട്ടിഫിക്കറ്റുകളിൽ ദേശീയ റൈഫിൾ അസോസിയേഷൻ.
4.അസോസിയേഷൻ ചട്ടമനുസരിച്ച് ഒരു മത്സരാർത്ഥി എത്ര ഇനങ്ങളിൽ മത്സരിച്ചാലും ഒരു സർട്ടിഫിക്കറ്റ്. വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചവർ കൂടുതൽ ഗ്രേസ് മാർക്കിനായി ഒാരോ ഇനത്തിനും സർട്ടിഫിക്കറ്റുകൾ നിർമിച്ചതായി സംശയം.
സർട്ടിഫിക്കറ്റ്
പരിശോധന
ഗ്രേസ് മാർക്കുകൾക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പിനും സർവകലാശാലകൾക്കും പി.എസ്.സിക്കും ലഭിക്കുന്ന സ്‌പോർട്സ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത് ഡി.പി.ഐ ആണ്.
ആവശ്യമെങ്കിൽ ഡി.പി.ഐ സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ ഉപദേശം തേടും.തമിഴ്നാട് ഷൂട്ടിംഗ് അസോസിയേഷന്റെ സർട്ടിഫിക്കറ്റുമായി വന്നാൽ കേരളത്തിൽ ഗ്രേസ് മാർക്ക് നൽകാൻ വ്യവസ്ഥയില്ലെങ്കിലും അംഗീകാരവും മാർക്കും നൽകാൻ ബന്ധപ്പെട്ടവർ നിർദേശം നൽകി.
കായിക, ഉദ്യോഗസ്ഥ മേഖലകലിലെ സംഘടിത മാഫിയകൾ ക്രമക്കേടുകൾക്ക് പിന്നിലുണ്ട്. ജോലിക്കും ഗ്രേസ് മാർക്കിനുമായി ലക്ഷങ്ങൾ കോഴ വാങ്ങിയാണ് ഇത്തരം ക്രമക്കേടുകൾ നടത്തുന്നത്..
- സജു എസ്. ദാസ്, കൊല്ലം ജില്ലാ റൈഫിൾ അസോ. സെക്രട്ടറി