ambu

മുംബയ്: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിക്ക് കഴിഞ്ഞ 11 വർഷമായി ശമ്പളത്തിൽ ഒരു രൂപ പോലും കൂടിയിട്ടില്ല! റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനി 15 കോടി രൂപയാണ് 2008-09 മുതൽ വാർഷിക ശമ്പളമായി കൈപ്പറ്റുന്നത്.

ശമ്പളവും അലവൻസുകളുമായി 4.45 കോടി രൂപയും കമ്മിഷനായി 9.53 കോടി രൂപയും പ്രത്യേക അവകാശത്തുകയായി 31 ലക്ഷം രൂപയും വിരമിക്കൽ ആനുകൂല്യമായി 71 ലക്ഷം രൂപയുമാണ് അദ്ദേഹം വാർഷിക വേതനമായി വാങ്ങുന്നത്. അതേസമയം, അദ്ദേഹത്തിന്റെ ബന്ധുക്കളും മുഴുവൻ സമയ ഡയറക്‌ടർമാരുമായ നിഖിൽ ആർ. മേസ്വാനി, ഹിതൽ ആർ. മേസ്വാനി എന്നിവർ കഴിഞ്ഞ സാമ്പത്തിക വർഷം കൈപ്പറ്റിയത് 20.57 കോടി രൂപവീതമാണ്. 2017-18ൽ ഇവരുടെ വേതനം 19.99 കോടി രൂപയായിരുന്നു.

മുകേഷ് അംബാനിയുടെ ഭാര്യയും കമ്പനി ഡയറക്‌ടറുമായ നിത അംബാനിക്ക് കമ്മിഷൻ ഇനത്തിൽ 1.65 കോടി രൂപ ലഭിച്ചു. 2017-18ൽ അവർ 1.5 കോടി രൂപയാണ് കമ്മിഷൻ നേടിയത്. സിറ്റിംഗ് ഫീസ് ഇനത്തിൽ ഏഴുലക്ഷം രൂപയും നിത കഴിഞ്ഞവർഷം നേടി.