തിരുവനന്തപുരം: സി.ഒ.ടി നസീർ വധശ്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്ന കാറിൽ എ.എൻ. ഷംസീർ എം.എൽ. എ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയതിനെതിരെ വി.ടി ബൽറാം എം.എൽ.എ. ആലത്തൂരിൽ ജയിച്ച എം.പിക്ക് പ്രവർത്തകർ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതല്ല കേരളം ചർച്ചചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ ബൽറാം ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ കേസിൽ കേരള പൊലീസ് കർണ്ണാടകത്തിൽ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറിൽ എം.എൽ.എ എങ്ങനെയാണ് സ്വൈര്യ വിഹാരം നടത്തുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറിന്റെ സഹോദരന്റെ പേരിലുള്ള ഇന്നോവ കാറാണ് നസീർ വധശ്രമക്കേസിൽ പൊലീസ് തിരയുന്നത്. സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാൻ ഇന്ന് ഈ കാറിലാണ് ഷംസീർ എത്തിയത്. എം.എൽ.എയുടെ സഹായിയും തലശേരി എരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയുമായിരുന്ന എൻ.കെ.രാഗേഷ് മറ്റൊരു പ്രതിയായ പൊട്ടിയൻ സന്തോഷിനെ വിളിച്ച് ഗൂഢാലോചന നടത്തിയത് കെ.എൽ 7 സി.ഡി 6887 എന്ന ഇന്നോവ കാറിൽ വെച്ചാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. കാറിൽ വെച്ചാണ് കൊട്ടേഷൻ ഏൽപ്പിച്ചത്.
ഷംസീർ എംഎൽഎയുടെ സഹോദരൻ ഷാഹിറിന്റെ പേരിലാണ് ഈ കാർ. കേസിൽ എം.എൽ.എയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നുവെങ്കിലും ഇതും ഇതുവരെ നടന്നിട്ടില്ല.
വി.ടി.ബൽറാമിന്റെ ഫോസ്ബുക്ക് പോസ്റ്റ്
ആലത്തൂരിൽ ജയിച്ച എംപിക്ക് പ്രവർത്തകർ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയിൽ തോറ്റമ്പിയ ചെന്താരകത്തിന് പാർട്ടി ഖജനാവിൽ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം,
ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ കേസിൽ കേരള പൊലീസ് കർണ്ണാടകത്തിൽ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറിൽ നാട് ഭരിക്കുന്ന പാർട്ടിയുടെ യുവ എം എൽ എ പൊലീസിന്റെ കൺമുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടത്.