haryana

ചണ്ഡിഗഢ്: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഓടയിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിനെ രക്ഷിച്ചത് തെരുവ് നായ്ക്കൾ. ഹരിയാനയിലെ കൈതൽ നഗരത്തിന് സമീപമാണ് സംഭവം. ജനിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞ പെൺകുഞ്ഞിനെ ഒരു സ്ത്രീ പ്ലാസ്റ്റിക്ക് കവറിലാക്കി ഓടയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഓടയിൽ കിടന്ന് കരഞ്ഞ കുഞ്ഞിനെ ഒരുകൂട്ടം തെരുവ് നായ്ക്കൾ വലിച്ച് കരയിലേക്കിടുകയായിരുന്നു. നായ്ക്കൾ കുരയ്ക്കുന്ന ശബ്ദം കേട്ട് നാട്ടുകാരാണ് കവറിനുള്ളിൽ പെൺകു‌ഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ രക്ഷിച്ച ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കു‌ഞ്ഞിനെ ആശുപത്രിയിലാക്കി. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സമീപത്ത് സ്ഥാപിച്ച സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ പ്ലാസ്റ്റിക് കവർ ഓടയിലേക്ക് എറിഞ്ഞശേഷം വേഗത്തിൽ നടന്നുപോവുന്നത് ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കി.