തിരുവനന്തപുരം: കടാരം കൊണ്ടാൻ ചിത്രത്തിന്റെ പ്രചരണാർത്ഥം തലസ്ഥാനത്തെത്തിയ തമിഴകത്തിന്റെ പ്രിയതാരം വിക്രം ആരാധകരെ ത്രസിപ്പിക്കുന്ന വാർത്തകളുമായാണ് എത്തിയത്. തന്റെ സിനിമ കരിയറിൽ എന്ന് മാത്രമല്ല തമിഴകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രമായേക്കാവുന്ന മണിരത്നം സംവിധാനം നിർവഹിക്കുന്ന 'പൊന്നിയിൻ സെൽവൻ' ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം.
തമിഴ്നാടിന്റെ ചരിത്രപ്രധാനമായ കഥകളിലൊന്നാണ് ഇത്. പൊന്നിയിൻ സെൽവനെ ആസ്പദമാക്കി 1958ൽ എം.ജി.ആർ ചലച്ചിത്രം നിർമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ മാദ്ധ്യമങ്ങളോടാണ് വിക്രം ഇക്കാര്യം പറഞ്ഞത്. താൻ മുടി വളർത്തുന്നത് പോലും ആ കഥാപാത്രത്തിന് വേണ്ടിയാണെന്നും ചിത്രം ജനുവരയിൽ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകന്റെ 'ആദിത്യ വർമ്മ' കാണാൻ സ്വന്തം ചിത്രത്തേക്കാൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമ സംവിധാനം ചെയ്യായ്യുന്നുണ്ടോ എന്ന ചോദ്യത്തിന് താമസിച്ചാലും താൻ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ടാകുമെന്ന് വിക്രം പറഞ്ഞു. ബ്രഹ്മാണ്ഡ ചിത്രമായ കർണ്ണനാണ് വിക്രമിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.
മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും വിക്രം പ്രശംസിച്ചു. ഹോളിവുഡിലെ പല നടന്മാരേക്കാളും മികച്ചവരാണ് ഇവരെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.