കെയ്റോ: അർജീരിയ ആഫ്രിക്കൻ ഫുട്ബാളിലെ പുതിയ രാജാക്കൻമാർ. ഇന്നലെ നടന്ന ആഫ്രിക്ക കപ്പ് ഒഫ് നേഷൻസ് ഫൈനലിൽ സെനഗലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് അൾജീരിയ ചാമ്പ്യൻമാരായത്. 29 വർഷത്തിന് ശേഷമാണ് അൾജീരിയ ആഫ്രിക്കൻ കിരീടത്തിൽ മുത്തമിടുന്നത്. ഈജിപ്‌തിലെ കെയ്റോ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം മിനിട്ടിൽ ബാഗ്‌ദാദ് ബൗനേഡ്‌ജായാണ് അൾജീരിയയുടെ വിജയഗോൾ നേടിയത്. ബെനാസർ നീട്ടിക്കൊടുത്ത പന്തുമായി സെനഗൽ ഗോൾ പോസ്റ്റിലേക്ക് കുതിച്ച ബൗനേഡ്‌ജാ പെനാൽറ്രി ബോക്‌സിന് തൊട്ടു വെളിയിൽ വച്ച് തൊടുത്ത ഷോട്ട് തടുക്കാനെത്തിയ സെനഗൽ ഡിഫൻഡർ സാലിഫ് സനെയുടെ കാലിൽ തട്ടി ഗതിമാറി ഗോൾ വലകുലുക്കുകയായിരുന്നു. സ്ഥാനം തെറ്രി നിൽക്കുകയായിരുന്ന സെനഗൽ ഗോളി ആൽഫ്രഡ് ഗോമിസിന് കാഴ്ചക്കാരനായി നിൽക്കാനെ കഴിഞ്ഞുള്ളൂ.
തുടർന്ന് ആക്രമണം കനപ്പിച്ച സെനഗൽ പലതവണ ഗോളിനടുത്തുവരെയെത്തിയെങ്കിലും നിർഭാഗ്യവും റയിസ് എം ബോൾഹിയും അവർക്ക് വിലങ്ങ് തടിയാവുകയായിരുന്നു.