മുംബയ്: അനുകൂല അന്തരീക്ഷമുണ്ടായിട്ടും വായ്‌പാ പലിശനിരക്ക് കുറയ്‌ക്കാത്ത വാണിജ്യ ബാങ്കുകളുടെ നിലപാടിനെതിരെ വിമർശനവുമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. പണലഭ്യത ആവശ്യത്തിലേറെയായി ഉയർന്നിട്ടും വായ്‌പാ പലിശ കുറയ്ക്കാത്ത ബാങ്കുകളുടെ നടപടി ആശ്‌ചര്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പറഞ്ഞു.
കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് നൽകുന്ന യീൽഡ് (റിട്ടേൺ) കുറഞ്ഞു. റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് കുത്തനെ കുറച്ചു. ബാങ്കുകളിലേക്കുള്ള പണമൊഴുക്കും കൂടി. എന്നിട്ടും വായ്‌പാ പലിശ റിപ്പോ നിരക്കിളവിന് ആനുപാതികമായി കുറയ്ക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. കോർപ്പറേറ്റ് വായ്‌പകൾക്ക് പകരം റീട്ടെയിൽ വായ്‌പകളിലാണ് ഇപ്പോൾ മിക്ക ബാങ്കുകളും ശ്രദ്ധ കൂട്ടുന്നത്. റീട്ടെയിൽ വായ്‌പകളിലും 'റിസ്‌ക്" സാദ്ധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻ.ബി.എഫ്.സി) പ്രവർത്തനം ബാങ്കുകളെ ആശ്രയിച്ചാണ് എന്നതിനാൽ, അവയ്ക്ക് വായ്‌പാ നൽകാൻ ബാങ്കുകൾ തയ്യാറാകണം. വായ്‌പകൾ എഴുതിതള്ളുന്നതിന് പകരം, റിക്കവറി ശക്തമാക്കാൻ അനിവാര്യമായ നടപടികളാണ് ബാങ്കുകൾ സ്വീകരിക്കേണ്ടത്. ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകൾ മുൻകൂട്ടി അറിയാനും തടയാനും ബാങ്കുകൾക്ക് സാധിക്കാത്തത് നിരാശാജനകമാണെന്നും ഈ അവസ്ഥ മാറണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
0.75%
കഴിഞ്ഞ ഫെബ്രുവരി മുതൽ തുടർച്ചയായി മൂന്നു ധനനയ യോഗങ്ങളിലായി റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് വരുത്തിയത് 0.75 ശതമാനം ഇളവ്.
0.30%
റിപ്പോ നിരക്ക് 0.75 ശതമാനം കുറഞ്ഞെങ്കിലും എം.സി.എൽ.ആറിൽ ബാങ്കുകൾ വരുത്തിയ ഇളവ് 0.30 ശതമാനം മാത്രം. വായ്‌പാപ്പലിശയുടെ പഴയ മാനദണ്ഡമായ ബേസ് റേറ്റിൽ മിക്ക ബാങ്കുകളും കുറവ് വരുത്തിയിട്ടുമില്ല.