നാളെ മുതൽ ആരംഭിക്കുന്ന ബിഗ് ബോസ് തെലുങ്കുപതിപ്പിനെതിരെ ഗുരുതര ആരോപണവുമായി നടി ഗായത്രി ഗുപ്ത. രണ്ടര മാസങ്ങൾക്ക് മുമ്പ് ഷോയിൽ പങ്കെടുക്കാൻ തന്നോട് ആവശ്യപ്പെട്ടതായും എന്നാൽ പിന്നീട് തന്റെ സമ്മതം കൂടാത കരാറിൽ നിന്ന് ഒഴിവാക്കിയതായും നടി ആരോപിച്ചു.
.
ഷോയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി പല പ്രൊജക്ടുകളും വേണ്ടെന്നു വച്ചതായും അവർ പറഞ്ഞു. സെക്സില്ലാതെ 100 ദിവസം ഞാൻ എങ്ങനെ ജീവിക്കുമെന്ന് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകരിൽ ഒരാൾ പരിഹസിച്ചതായും അവർ ആരോപിച്ചു. എന്നാൽ എന്ത് ചോദ്യമാണ് നിങ്ങൾ ചോദിക്കുന്നത് എന്ന് അയാളോട് മറുപടി നൽകിയത്.
കരാർ ഒപ്പിട്ട് പ്രതിഫലത്തുക പോലും നിശ്ചയിച്ച ശേഷമാണ് തന്നെ ഒഴിവാക്കിയത്. ബിഗ് ബോസിൽ പങ്കെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അവരെ വിശ്വസിച്ച് പുതിയ സിനിമകളൊന്നും ഞാൻ ഏറ്റെടുത്തില്ല. എനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
അതേസമയം ഗായത്രി ഗുപ്തയുടെ പരാതിയിൽ തെലുങ്കാന ഹൈക്കോടതി ബിഗ് ബോസിനെതിരായ നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ട്. ബിഗ് ബോസിലെ പ്രവർത്തകർക്കെതിരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഇതിനിടെ ബിഗ് ബോസ് 3 യുടെ അവതാരക സ്ഥാനത്തുനിന്ന് പിന്മാറിയില്ലെങ്കിൽ തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ വീട് ഉപരോധിക്കുമെന്ന ഒസ്മാനിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഭീഷണിയെത്തുടർന്ന് താരത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഹൈദരാബാദിലെ ബൻജാര ഹിൽസിലുള്ള നാഗാർജുനയുടെ വീടിനാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന, അധമസംസ്കാരം പ്രോത്സാഹിപ്പിക്കുന്ന ഷോയിൽ നിന്ന് നാഗാർജുന പിന്മാറണമെന്നാണ് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ ആവശ്യം.
വിവാദത്തെത്തുടർന്ന് നാഗാർജുന ബിഗ് ബോസിൽ പങ്കെടുക്കുന്ന വിവരം പ്രഖ്യാപിക്കാനിരുന്ന പത്രസമ്മേളനം റദ്ദ് ചെയ്തിരുന്നു.