priyanka-

തമിഴിൽ നിന്ന് ആരംഭിച്ച് ഹോളിവുഡിൽ വരെ താരമായി മാറിയ ഇന്ത്യൻ സുന്ദരിയാണ് പ്രിയങ്ക ചോപ്ര. പതിനെട്ടാമത്തെ വയസിൽ ലോകസുന്ദരി പട്ടം ചൂടിയതാണ് പ്രിയങ്ക ചോപ്രയുടെ ജീവിതത്തിൽ നിർണായകമായത്. ഹോളിവുഡിലും ബോളിവുഡിലും തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് പ്രിയങ്ക ചോപ്ര വേഷമിട്ടത്. 2008ൽ ഫാഷൻ എന്ന ചിത്രത്തിലെ പ്രകടനം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയങ്കയ്ക്ക് നേടിക്കൊടുത്തു.

എന്നാൽ സിനിമയിൽ പ്രിയങ്കയുടെ തുടക്കം അത്ര എളുപ്പമായിരുന്നില്ല എന്ന് വ്യക്തമാക്കുകയാണ് ഭാരതി എസ്.പ്രധാൻ എഴുതിയ പ്രിയങ്ക ചോപ്ര: എ ഡാർക്ക് ഹോഴ്‌സ് എന്ന പുസ്തകം. മൂക്കിന് നടത്തിയ ശസ്ത്രക്രിയ പിഴച്ചപ്പോൾ ആദ്യസിനിമയിൽ നിന്ന് പ്രിയങ്കയെ മാറ്റിയതായും പല നിർമ്മാതാക്കളും പ്രിയങ്കയ്ക്ക് നേരേ മുഖം തിരിച്ചുവെന്നും പുസ്തകത്തിൽ പറയുന്നു. ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് പ്രിയങ്ക പിന്നീട് ഇന്നുകാണുന്ന താരപദവിയിലെത്തിയത്.

'ബോബി ഡിയോൾ നായകനായ ഒരു ചിത്രത്തിൽ നായികയായാണ് പ്രിയങ്കയ്ക്ക് ആദ്യമായി ക്ഷണം ലഭിച്ചത്. മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. വിജയ് ഗലാനി നിർമാതാവും. ലണ്ടനിൽ നിന്ന് ശസ്ത്രക്രിയ ചെയ്ത് നാട്ടിലെത്തിയ പ്രിയങ്കയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി. എന്നാൽ ആ ചിത്രം അതോടെ ഉപേക്ഷിക്കുകയും ചെയ്തു

ലണ്ടനിൽ നിന്ന് പ്രിയങ്ക തിരിച്ചു വന്നപ്പോൾ താങ്കൾ എത്രയും പെട്ടന്ന് പ്രിയങ്കയെ നേരിൽ കാണണമെന്ന് അവരുടെ സഹായി ആവശ്യപ്പെട്ടിരുന്നു. ഞാൻ മുറിയിൽ ചെന്നപ്പോൾ പ്രിയങ്ക മേക്കപ്പ് ചെയ്യുകയായിരുന്നു. ലണ്ടനിലെ ശസ്ത്രക്രിയക്ക് ശേഷം പ്രിയങ്കയുടെ മൂക്കിന്റെ പാലത്തിന്റെ സ്ഥാനം തെറ്റിയിരുന്നു. എനിക്കത് വിശ്വസിക്കാനായില്ല.പ്രിയങ്കയ്ക്ക് ആശങ്കയുണ്ടായിരുന്നില്ല. ഒരു മാസത്തിന് ശേഷം മൂക്ക് പൂർണമായും ശരിയാകുമെന്ന് അവർ പറഞ്ഞു. എന്നാൽ ഒരു മാസത്തിന് ശേഷവും പ്രശ്‌നം അവശേഷിച്ചു. അതിനിടെ മഞ്ജരേക്കറിന്റെ സിനിമകൾ മറ്റു സിനിമകൾ പരാജയപ്പെട്ടു. ബോബി ചിത്രത്തിൽ നിന്ന് പിൻമാറുകയും ചെയ്തു.

അനിൽ ശർമ്മ സംവിധാനം ചെയ്ത ഹീറോ: ലൗ സ്‌റ്റോറി ഓഫ് എ സ്‌പൈ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ ബോളിവുഡ് അരങ്ങേറ്റം. പ്രിയങ്കയുടെ ശസ്ത്രക്രിയയിൽ അനിൽ ശർമയും അതൃപ്തനായിരുന്നു. അതെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ. ഞാൻ അമേരിക്കയിൽ പോയി തിരിച്ചുവന്നതിന് ശേഷം ഒരാൾ എനിക്ക് പ്രിയങ്കയുടെ പുതിയ ചിത്രം കാണിച്ചു തന്നു. ഞാൻ ഞെട്ടിപ്പോയി. ആ പെൺകുട്ടി പ്രിയങ്കയേ അല്ലായിരുന്നു. ആകെ മാറിപ്പോയിരിക്കുന്നു. ഞാൻ പ്രിയങ്കയെയും അമ്മ മധു ചോപ്രയെയും വിളിച്ച് വരുത്തി, അവരോട് ദേഷ്യപ്പെട്ടു. ''മനോഹരമായ മുഖം എന്തിന് മാറ്റിയെന്ന് ചോദിച്ചു''. പ്രിയങ്കയും അമ്മയും ആകെ വിഷമത്തിലായി. ഞാൻ നൽകിയ ചെക്ക് മടക്കി നല്‍കി. ശസ്ത്രക്രിയ കാരണം ഒരുപാട് സിനിമകള്‍ നഷ്ടടപ്പെട്ടുവെന്നും അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് വിഷമമായി. അങ്ങനെ ഒരു പരിചയസമ്പന്നനായ ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ വരുത്തി അടിമുടി മാറ്റിയെടുത്തു. ആ ചിത്രത്തില്‍ പ്രിയങ്ക നന്നായി അഭിനയിച്ചു. ഒരിക്കലും മറക്കാനാവാത്ത ഷൂട്ടിംഗ് അനുഭവമായിരുന്നു എനിക്കത്.'

സൂപ്പര്‍താര പദവിയിലേക്കുള്ള പ്രിയങ്കയുടെ വളര്‍ച്ച പതിയെയായിരുന്നു. 2005 ന് ശേഷം ബോളിവുഡിലെ മുന്‍നിര നായികയായി പ്രിയങ്ക വളർന്നു. 2016ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി പ്രിയങ്കയെ ആദരിച്ചു.