sunil-c-kurien-

തിരുവനന്തപുരം : റെഡ്‌ക്രോസ് കേരളം ഘടകം ചെയർമാനും സി.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സുനിൽ സി. കുര്യൻ (50) നിര്യാതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാത്രി 10.45നായിരുന്നു അന്ത്യം. കരൾമാറ്റ ശസ്ത്രക്രിയയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ നില വഷളായി. ഭാര്യ : പ്രമുഖ നൃത്താദ്ധ്യാപികയും ഗവേഷകയുമായ ഡോ. നീനാപ്രസാദ്. മകൻ : ബെവിൻ കുര്യൻ.

12-ാം വയസിൽ എസ്.എഫ്.ഐയിലൂടെ സജീവരാഷ്ട്രീയത്തിലെത്തിയ സുനിൽ സി.കുര്യൻ 1990ൽ യൂണിവേഴ്‌സിറ്റി കോളേജ് ചെയർമാനും 1992ൽ കേരള സർവകലാശാല യൂണിയൻ ചെയർമാനുമായും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. പിൽക്കാലത്ത് ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച സുനിൽ സി. കുര്യൻ പിന്നീട് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം നിന്നു. 2018 മേയിലാണ് സി.എം.പിയിൽ ചേർന്നത്. മൃതദേഹം നാളെ രാവിലെ ഒമ്പത് മുതൽ 11വരെ മുറിഞ്ഞപാലത്തുള്ള വസതിയിലും തുടർന്ന് 12 മണി വരെ പട്ടം എം.വി.ആർ ഭവനിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കോട്ടയത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹം വൈകിട്ട് 5ന് പേരൂർ യാക്കോബായ പള്ളിയിൽ സംസ്‌കരിക്കും.