പ്രാഗ്: തന്റെ ഇഷ്ട ഇനമായ 400 മീറ്ററിൽ മടങ്ങിയെത്തിയ ഹിമ ദാസിന് സ്വർണത്തിളക്കം. ചെക്ക് റിപ്പബ്ലിക്കിൽ നടന്ന മീറ്റിൽ ഇന്നലെ 52.09 സെക്കന്റിലാണ് ഹിമയുടെ സുവർണ ഫിനിഷ്. ഈ മാസം ഹിമ നേടുന്ന അഞ്ചാമത്തെ സ്വർണമാണിത്.
ജൂലായ് 2ന് പോളണ്ടിൽ നടന്ന പൊസാൻ അത്‌ലറ്രിക് ഗ്രാൻഡ് പ്രിക്സിൽ 200 മീറ്രറിൽ ഒന്നാമതെത്തിയാണ് ഹിമ ഈ മാസം സ്വർണ വേട്ട തുടങ്ങിയത്. 7-ാം തീയതി പോളണ്ടിൽ നടന്ന കുറ്റ്‌നോ അത്‌ലറ്രിക് മീറ്രിലും ഹിമ 200 മീറ്രറിൽ സ്വർണം നേടി. 13ന് ചെക്ക് റിപ്പബ്ലിക്കിൽ ക്ലാഡ്‌നോ അത്‌ലറ്രിക് മീറ്റിലും 17ന് ടാബോർ ജിപിയിലും 200 മീറ്രറിൽ സ്വർണം സ്വന്തമാക്കി.
പുരുഷൻമാരുടെ 400 മീറ്രർ ഹർഡിൽസിൽ മലയാളി താരം എം.പി ജാബിർ സ്വർണം നേടി. 49.66 സെക്കന്റിലാണ് ജാബിർ ഫിനിഷ് ചെയ്തത്. പുരുഷൻമാരുടെ 200 മീറ്രറിൽ മറ്രൊരു മലയാളിതാരം മുഹമ്മദ് അനസ് (20.95 സെക്കന്റ്) വെങ്കലം നേടി.