raghavan

ജീവസാന്നിദ്ധ്യമാകുകയും അതേ സമയം തന്നെ നിശബ്ദമായി ജീവിതത്തെ സമീപിക്കുകയും ചെയ്യുക. അമ്പത്തൊന്നുവർഷം നീണ്ട അഭിനയജീവിതത്തിൽ നടൻ രാഘവനെ ഏറ്റവും ചുരുക്കത്തിൽ ഇങ്ങനെ അടയാളപ്പെടുത്താം. കയ്യടക്കമുള്ള അഭിനയചാതുരിയാൽ മലയാള സിനിമയുടെ ഓരം ചേർന്നൊഴുകുന്നുണ്ട് ഇപ്പോഴും രാഘവൻ. ജീവിതത്തിൽ വന്നുചേർന്നതെല്ലാം യാദൃച്ഛികം എന്ന വാക്കിനപ്പുറത്തേക്ക് വിശദീകരിക്കുന്നില്ല അദ്ദേഹത്തിന്റെ പക്വതയുള്ള വ്യക്തിത്വം.

ജീവിതം വളരെ ലളിതമാണെന്ന് പറഞ്ഞുവയ്ക്കുമ്പോഴും അതിനെല്ലാമപ്പുറത്തെ ദാർശനികത അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും തൊട്ടെടുക്കാം. ജീവിതത്തെക്കുറിച്ചും അഭിനയവഴികളെ കുറിച്ചുമുള്ള ഓർമ്മകൾ അദ്ദേഹം പങ്കിടുന്നു.

അമ്പത്തൊന്നുവർഷത്തെ സിനിമാജീവിതം ആഗ്രഹിച്ചതു പോലെയായിരുന്നോ?
എന്റെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മാവനായിരുന്നു വളർത്തിയത്. അമ്മയുടെ അമ്മയും അച്ഛനുമുണ്ടായിരുന്നു. തളിപ്പറമ്പിലാണ് സ്വദേശം. അന്നതൊരു ഗ്രാമമായിരുന്നു. പ്രശസ്തമായ രാജരാജേശ്വരക്ഷേത്രത്തിന്റെയും തൃച്ഛംബരം ക്ഷേത്രത്തിന്റെയും നടുവിലായിരുന്നു വീട്. അമ്മാവാൻ പ്രശസ്തനായ സംസ്‌കൃത പണ്ഡിതനും ജോത്സ്യനുമായതിനാൽ ധാരാളം ശിഷ്യർ വീട്ടിലുണ്ടായിരുന്നു. അങ്ങനെ ഒരു ചുറ്റുപാടിൽ വളർന്നതുകൊണ്ട് ആദ്ധ്യാത്മികരീതിയിലുള്ള കറേ ചിന്തകൾ കുട്ടിക്കാലത്തേ ഉണ്ടായിരുന്നു.

പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് (പി.യു.സി) ചെയ്തത് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലായിരുന്നു. എല്ലാവർക്കും കിട്ടുന്ന ഭാഗ്യമായിരുന്നില്ല അത്. എന്നിട്ടും ഇഷ്ടമുള്ള വിഷയങ്ങൾ മാത്രമേ ഞാൻ പഠിച്ചുള്ളൂ. പരീക്ഷ എഴുതിയതുമില്ല. ഒടുവിൽ റിസൽട്ട് വന്നപ്പോൾ അമ്മാവൻ പറഞ്ഞു, എന്താ ഇനി ചെയ്യുന്നത്, റിസൽട്ട് നോക്കിയില്ലേ, എന്ന്, അതൊന്നും നോക്കേണ്ട... എന്റെ നമ്പർ കാണില്ലെന്ന എന്റെ മറുപടി കേട്ടപ്പോൾ സാരമില്ലെന്നായിരുന്നു മറുപടി. സെപ്തംബറിൽ വീണ്ടും പരീക്ഷ എഴുതാമെന്ന് എന്നോട് പറഞ്ഞു. പരീക്ഷയുടെ തലേന്ന് തന്നെ ഞാൻ കോഴിക്കോടെത്തി അവിടെ താമസിച്ചു. പിറ്റേന്ന് കോളേജിലേക്ക് പോകുകയാണ്.

ഒരു മലയുടെ മുകളിലാണ് കോളേജ്. കോളേജിന്റെ മുന്നിൽ ഒരു റൗണ്ടുണ്ട്, ബസ് തിരിഞ്ഞ് അവിടെ നിൽക്കും, എല്ലാവരും ഇറങ്ങും, ഞാൻ മാത്രം ഇറങ്ങില്ല. ബസ് അവിടെ വരെയേയുള്ളൂ, ഞാൻ പൈസയെടുത്ത് നീട്ടി പറയും, ടൗണിലേക്കൊരു ടിക്കറ്റ്. അങ്ങനെ ഞാൻ വീണ്ടും ടൗണിലെത്തി. പിന്നെ വാതിലടച്ച് മുറിയിലിരിക്കും. ഹോട്ടൽ ബോയ് വന്നുവിളിച്ചപ്പോഴാണ് പിന്നെ എഴുന്നേറ്റത്. തൊട്ടടുത്തെ രാധാ തിയേറ്ററിൽ ഒട്ടിച്ച 'ഉമ്മ" എന്ന ചിത്രത്തിന്റെ പോസ്റ്റർ ശ്രദ്ധയിൽപ്പെട്ടത് ഇന്നും മറന്നിട്ടില്ല. വീട്ടിലെത്തി അമ്മാവനോട് പരീക്ഷ എഴുതിയില്ലെന്ന് പറഞ്ഞപ്പോഴും വഴക്കുപറഞ്ഞില്ല. പക്ഷേ, ഇതറിഞ്ഞ അപ്പൂപ്പൻ ഒറ്റയടി വച്ചു തന്നു. ആ അടി ഒരടിയായിരുന്നു. ഞാൻ തെറിച്ചു വീണു.

എവിടെയോ പോയി അമ്മാവൻ മടങ്ങി വന്നപ്പോഴും ഞാൻ അതേ ഇരിപ്പാണ്. നീയെന്താണ് ഇങ്ങനെ ഇരിക്കുന്നതെന്ന് പറഞ്ഞ് അമ്മാവൻ ടൗണിലുള്ള ടാഗോർ കലാസമിതിയിലേക്ക് എന്നെയും കൊണ്ടു പോയി. നാടകം പഠിപ്പിക്കുകയും നടത്തുകയും ചെയ്യുന്ന കലാകേന്ദ്രമാണത്. ചന്ദ്രശേഖരൻ വൈദ്യരാണ് സമിതിയുടെ സംവിധായകനും നടത്തിപ്പുകാരനും. അമ്മാവൻ അതിന്റെ രക്ഷാധികാരിയും വൈദ്യരുടെ സുഹൃത്തുമാണ്. ഞാൻ ചെന്നപ്പോൾ അവിടെ കറേ പുൽപ്പായകൾ വിരിച്ചിട്ടിരിക്കുന്നു. റിഹേഴ്‌സൽ തുടങ്ങുകയാണ്.

വൈദ്യരെ കാണുമ്പോൾ സാധാരണ ഞാൻ ഒളിച്ചു കളയും. പക്ഷേ, അന്നങ്ങനെയൊന്നും ചെയ്തില്ല. രാഘവൻ അഭിനയിക്കുമോ എന്ന് ചോദിച്ചു, ഞാൻ തലയാട്ടി. ഉടൻ തന്നെ ഒരു നോട്ട് ബുക്കെടുത്ത് നീട്ടി. ഇത് നാടകത്തിന്റെ സ്‌ക്രിപ്റ്റാണ്. ഒരു കഥാപാത്രത്തിന്റെ സംഭാഷണം പഠിച്ചിട്ട് വരാൻ പറഞ്ഞു. ഒരാഴ്ച റിഹേഴ്‌സൽ. നാടകത്തിന്റെ ഉദ്ഘാടന ദിവസം... എനിക്കാണെങ്കിൽ കയ്യും കാലും വിറയ്ക്കുന്നു. എന്റെ കഥാപാത്രം സാക്ഷാൽ ലോർഡ് വെല്ലസ്‌ലി. മലയാളം ഇംഗ്ലീഷ് രീതിയിൽ പറയണം. കൈയും കാലും വിറച്ചിട്ട് വയ്യായിരുന്നു. വൈദ്യർ സ്റ്റേജിലേക്ക് തള്ളിവിടുകയായിരുന്നു.എന്റെ ഡയലോഗ് കേട്ടപ്പോൾ സ്റ്റേജിൽ നിന്നും നീണ്ട കയ്യടി. ആ ധൈര്യം എന്നെ കൊണ്ട് അഭിനയിപ്പിച്ചു. പിറ്റേന്ന് ഒരു പുതുമുഖനടൻ നന്നായി അഭിനയിച്ചു എന്ന രീതിയിൽ വാർത്ത വന്നു. അതെനിക്ക് വലിയ സന്തോഷമുണ്ടാക്കി.

അഭിനയിച്ചത് ആകസ്മികമായാണല്ലോ?​
പഠനം നിറുത്തിയിട്ടാണല്ലോ അതിർത്തിസംസ്ഥാനങ്ങളിലുൾപ്പെടെയുള്ള യാത്രകൾ. നാട്ടിലൊക്കെ ഞാനിങ്ങനെ നടക്കുകയാണെന്ന ചർച്ച തുടങ്ങിയപ്പോൾ പഠിക്കണമെന്നായി. അങ്ങനെയാണ് ഞാൻ മധുരയ്ക്കടുത്തുള്ള ഗാന്ധിഗ്രാമിലേക്ക് പോയത്. എന്റെ കാലാജീവിതത്തിൽ വ്യക്തമായ ദിശയുണ്ടായത് നാലുവർഷത്തെ പഠനകാലയളവിലായിരുന്നു. കലാഭവൻ എന്ന അവിടെയുള്ള സ്ഥാപനത്തിൽ കോളേജ് വിദ്യാഭ്യാസത്തോടൊപ്പം തന്നെ കലാകാരനായി നമുക്ക് നിൽക്കാം.

സജീവമായിരുന്നു ഞാനവിടെ. കുറേ നാടകങ്ങൾ ചെയ്തു,​ അഭിനയിച്ചു. അതുകഴിഞ്ഞാണ് ഡൽഹിയിൽ നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമയിൽ ചേരാമെന്ന് തീരുമാനിച്ചത്. വിവിധ രാജ്യങ്ങളുടെ എംബസികൾ തൊട്ടടുത്തുണ്ടായിരുന്നു. റഷ്യൻ, ജർമ്മൻ, അമേരിക്കൻ സാഹിത്യ കൃതികളും സിനിമയും ഞാൻ വായിച്ചറിഞ്ഞത് ആ എംബസി സന്ദർശനങ്ങളിലൂടെയായിരുന്നു. അവിടെ പ്രശസ്ത എഴുത്തുകാരനും നാടകപ്രവർത്തകനുമായ ബി.വി. കാരന്തുണ്ടായിരുന്നു. അദ്ദേഹമാണ് മൂന്നുവർഷത്തെ പഠനശേഷം മദ്രാസിലേക്ക് പോകാൻ പറഞ്ഞത്.

കന്നഡ സിനിമയിലെ പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ജി.വി. അയ്യരെ കാണാൻ കത്തും തന്നു.ജി.വി. അയ്യർ ഒരു മകനെ പോലെ എന്നെ സ്വീകരിച്ചു. അയ്യരുടെ വീട്ടിൽ താമസിച്ച് ഞാൻ സിനിമ എന്തെന്ന് ഓരോന്നായി മനസിലാക്കുകയായിരുന്നു. എന്നെ സംബന്ധിച്ച് വലിയ അത്ഭുതമായിരുന്നു ആ ലോകം. അവിടെ വച്ചാണ് ആർ.ബി.എസ് മണി എന്ന പ്രശസ്ത ആർട്ട്ഡയറക്ടർ എന്നെ കാണുകയും ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന ഒരു മലയാള സിനിമയിൽ ഒരു നടനെ കാത്തിരിക്കുകയാണെന്നും രാഘവൻ അഭിനയിക്കുമോ എന്നും ചോദിച്ചത്. ചെയ്യാമെന്ന് ഞാനും പറഞ്ഞു. അങ്ങനെയാണ് 'കായൽക്കരയിൽ" എന്ന ചിത്രത്തിൽ ആദ്യമായി ഞാൻ അഭിനയിച്ചത്.

ജീവിതത്തിൽ കറേ അത്ഭുതങ്ങളുണ്ടായി അല്ലേ?
സംവിധാനം കൊതിച്ച ഞാൻ അഭിനയത്തിലേക്ക് വന്നുവീഴുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ എന്നെ ഏതോ വഴിയിലേക്ക് തള്ളിവിട്ടുവെന്നു പറയാം. മഹാത്ഭുതമായിരുന്നു എന്റെ ജീവിതം. അനുഭവങ്ങൾ ധാരാളമുണ്ട്, പറഞ്ഞാലും എഴുതിയാലും തീരാത്ത അത്രയും.സിനിമയെക്കുറിച്ച് പഠിച്ചിരുന്നതുകൊണ്ട് ആദ്യമലയാള സിനിമ 'കായൽക്കരയിലെ" അഭിനയം കുഴപ്പിച്ചില്ല. പക്ഷേ നാടകം, സിനിമ എന്നിവയെ കുറിച്ച് ധാരണയുള്ളതുകൊണ്ട് വളരെ വില കൂടിയ ഫിലിമുകൾ നമ്മുടെ കുഴപ്പം കൊണ്ട് പാഴായി പോകരുതെന്ന ഒരു ചിന്തയുണ്ടായിരുന്നു. അത് ഇടയ്ക്ക് മനസിൽ വരുന്നതുകൊണ്ടുള്ള ഒരു പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'കായൽക്കരയിൽ" അഭിനയിക്കുമ്പോൾ ഒരു ചെറിയ ഇടവേളയുണ്ടായി. ആ സമയത്ത് അയ്യരോടൊപ്പം ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിലേക്ക് പോകുകയായിരുന്നു. സിനിമയിൽ ഹീറോ ആയില്ലെന്ന് സംസാരമദ്ധ്യേ അയ്യർ പറഞ്ഞു. ആരെയെങ്കിലും നോക്കണ്ടേ എന്ന് ഞാൻ ചോദിച്ചപ്പോൾ നീയാണ് ഹീറോയെന്ന് പറഞ്ഞു. ഭാഷയറിയാതെ ഞാൻ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ലന്ന് പറഞ്ഞു.അങ്ങനെ ഒരേ സമയം രണ്ടു ചിത്രങ്ങൾ വന്നു. 'കായൽക്കരയിൽ" പക്ഷേ പെട്ടെന്ന് റിലീസായി, 1968 ൽ. പിന്നെ കുറച്ചു ചിത്രങ്ങൾ മലയാളത്തിൽ പെട്ടെന്ന് തന്നെ ചെയ്തു.

നാലഞ്ചുചിത്രങ്ങൾ കഴിഞ്ഞപ്പോഴാണ് സംവിധായകൻ രാമു കാര്യാട്ടിനെ വിളിച്ചില്ലല്ലോ എന്ന് ഓർമ്മ വന്നത്. ഡൽഹിയിൽ പഠിക്കുന്ന കാലത്ത് 'ചെമ്മീൻ" പ്രിവ്യൂവിനിടെ അദ്ദേഹത്തെ കണ്ടപ്പോൾ മദ്രാസിൽ വരുന്നുണ്ടെങ്കിൽ വിളിക്കാൻ മറക്കരുതെന്ന് പറഞ്ഞിരുന്നു. മദ്രാസിലെത്തിയപ്പോൾ വിളിച്ചപ്പോൾ ഓഫീസിൽ വരാൻ പറഞ്ഞു. ഞാൻ കാണുമ്പോൾ എഴുതിയ കറേ പേപ്പറുകളുമായി ഇരിക്കുകയായിരുന്നു. വരാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു, പേപ്പറുകൾ നീട്ടി,​ ഇതിൽ മുരളി എന്നൊരു കഥാപാത്രമുണ്ട്, ശ്രദ്ധിച്ച് വായിക്കണമെന്ന് പറഞ്ഞു. ഇരുത്തംവന്ന നടൻ വേണം ആ വേഷം ചെയ്യാനെന്നായിരുന്നു എന്റെ അഭിപ്രായം. രാഘവന് ചെയ്യാൻ കഴിയുമോ?​ എന്നായിരുന്നു അടുത്ത ചോദ്യം, എന്റെ ദൈവമേ, ഞാൻ ഷോക്ക് ആയിപ്പോയി. 'അഭയം" എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമാണ് മുരളി. ചെയ്യാമെന്ന് പറഞ്ഞു, ഒരാഴ്ച കൊണ്ട് മുരളിയാകാൻ ഒരുങ്ങി. എന്റെ കരിയറിൽ ഏറ്റവുമധികം അഭിനന്ദനങ്ങൾ ലഭിച്ച ചിത്രമാണത്. അതുകഴിഞ്ഞാണ് ചെമ്പരത്തി വരുന്നത്. എന്റെ ആദ്യചിത്രം ചെമ്പരത്തിയാണെന്നാണ് എല്ലാവരുടെയും ധാരണ. ഹിറ്റാകണമെന്ന എല്ലാ ഒരുക്കങ്ങളുമായി നിർമ്മാതാവ് പുറത്തിറക്കിയ ചിത്രമായിരുന്നു ചെമ്പരത്തി.

സിനിമകൾ കാണാറുണ്ടോ ഇപ്പോൾ, തിയേറ്ററിൽ നിന്നോ വീട്ടിൽ നിന്നോ?
കാണാറുണ്ട്. തിയേറ്ററിൽ പോകുന്നത് വളരെ കുറഞ്ഞെന്ന് തന്നെ പറയാം. പ്രേതം 2 തിയേറ്ററിൽ പോയി കണ്ടു. ഈയടുത്ത് അഭിനയിച്ച മറ്റു സിനിമകൾ തിയേറ്ററിൽ പോയി കണ്ടിട്ടില്ല. സീരിയലാണെങ്കിൽ ആദ്യമൊക്കെ എന്റെ കഥാപാത്രത്തിലാണ് തുടങ്ങുക, പിന്നെ കഥയങ്ങ് മാറും. ഒടുവിലാകുമ്പോൾ വല്ലപ്പോഴും അഭിനയിച്ചാൽ മതിയെന്നാകും. അതുകഴിഞ്ഞ് കഥയങ്ങ് പരക്കും. അല്ലെങ്കിലും ഒരു സമയത്ത് ഒരു സീരിയലിലേ അഭിനയിക്കാറുളളൂ.

അക്കാലത്ത് ആത്മബന്ധം ആരുമായിട്ടായിരുന്നു?​
ആത്മബന്ധം എന്നു പറയുന്നത് ശരിയല്ല, എനിക്ക് എല്ലാവരുമായും ഒരേതരത്തിലുള്ള ബന്ധമേയുള്ളൂ എന്നതാണ് സത്യം. ജോലി ചെയ്യുന്ന സമയത്തുള്ള അടുപ്പമേയുള്ളൂ. അതെന്തുകൊണ്ടോ ചെറുപ്പം മുതലേ എല്ലാവരുമായും ഞാൻ അങ്ങനെ തന്നെയാണ്. ഒന്നിനോടും അധികം താത്പര്യം ഇല്ലാതിരുന്ന ഒരു വ്യക്തിയായിരുന്നു. ഒന്നിലും ഒരു ഗുരുത്വമില്ലായ്മ എന്നെ സംബന്ധിച്ചുണ്ടായിരുന്നെന്ന് പിന്നീടുള്ള ജീവിതത്തിൽ തിരിഞ്ഞുനോക്കിയപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. ജി.വി. അയ്യരുടെയടുത്തേക്ക് എന്നെ പറഞ്ഞുവിട്ട ബി.വി. കാരന്തിനെ ഞാൻ മറന്നു, ഗുരുതുല്യനായ ജി.വി. അയ്യരെ തന്നെ ഞാൻ മറന്നു. അതുകഴിഞ്ഞ് ഓരോരുത്തരെയായി ഞാൻ മറന്നു. മറന്നു എന്നു പറഞ്ഞാൽ പൂർണമായും ആ അർത്ഥത്തിലല്ല. ഞാൻ ആരെയും കൂടെ കൊണ്ടുപോകുന്നില്ല എന്നതാണ് വാസ്തവം. ആരുമായും എനിക്ക് അങ്ങനെ ഒരു ബന്ധമില്ല. സിനിമയിൽ തന്നെ ആരുമായും പറയത്തക്ക അടുപ്പവുമില്ല. കാണുന്ന സമയത്തുള്ള അടുപ്പമല്ലാതെ, അതോടു കൂടെ കഴിഞ്ഞു. ഒരു ഷൂട്ട് കഴിഞ്ഞ് അടുത്ത ഷൂട്ട് വരുമ്പോൾ കാണുകയാണെങ്കിൽ അങ്ങനെ, അതല്ലെങ്കിലുമങ്ങനെ എന്ന അവസ്ഥയാണ്. പണ്ടേ അങ്ങനെയാണ്.

ജീവിതം പഠിപ്പിച്ചത് എന്താണ്?
ഗുരുത്വമില്ലായ്മ എന്നത് എന്റെ ജീവിതം മുഴുവൻ നിറഞ്ഞു നിന്ന ഒന്നായിരുന്നുവെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നുണ്ട്. അത് ഞാൻ അറിയാതെ സംഭവിച്ചു പോകുന്നതാണ്. മനഃപൂർവമല്ല, ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല. അബോധതലത്തിൽ സംഭവിക്കുന്നതാണിത്. യഥാർത്ഥത്തിൽ ബോധത്തോടെ വേണം നമ്മൾ എല്ലാം ചെയ്യാൻ. അതാണ് അതിന്റെ ശരി. നമ്മൾ എല്ലാം ബോധത്തോടെ ചെയ്യുമ്പോഴാണ് നന്മകളുണ്ടാകുന്നത്. ഞാനാണെങ്കിൽ എന്നിലേക്ക് വരുന്നതിനെയെല്ലാം ഉൾക്കൊണ്ടു കൊണ്ട് അതിന്റെ കൂടെ ചെല്ലുകയാണ് ചെയ്യുന്നത്. ഞാനെപ്പോഴും ഈ നിമിഷത്തിൽ ജീവിക്കുന്ന ആളാണ്, ഭാവിയെക്കുറിച്ച് ആലോചിക്കാറേയില്ല. ജീവിതത്തിൽ ഇന്നോളം ഒരു പ്ലാനിംഗുമുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ എനിക്ക് കൂടുതൽ അവസരങ്ങൾ ചോദിക്കാനറിയില്ല. കിട്ടിയ അവസരങ്ങൾ എന്നിലേക്ക് വന്നു ചേരുകയായിരുന്നു.

സിനിമയിൽ വേദനിപ്പിച്ചതെന്താണ്?
ഒരുപാട് കാര്യങ്ങളുണ്ട്. ഈയൊരു സമയം ഞാൻ അതേക്കുറിച്ച് പറയുന്നില്ല. ഒന്നുമാത്രം പറയാം, പ്രതിഫലത്തിന്റെ കാര്യത്തിൽ ഒരുപാട് കബളിപ്പിക്കലുകൾ നേരിട്ടുണ്ട്. കണക്കുപറഞ്ഞ് വാങ്ങിക്കാൻ അന്നും ഇന്നും പഠിച്ചിട്ടില്ല. മനുഷ്യരിലായിരുന്നു എന്റെ വിശ്വാസം. പടം തീരുമ്പോൾ പൈസയ്ക്ക് കുറവുണ്ടെന്ന് നിർമ്മാതാവ് പറയും. അടുത്തപടത്തിൽ തരാമെന്ന് പറയും. അവരുടെതന്നെ പുതിയ പടം വരുമ്പോൾ റോളുമില്ല, ബാക്കി പ്രതിഫലവുമില്ല എന്ന സ്ഥിതിയാകും.ഞാൻ പിന്നെ അതിനെക്കുറിച്ചൊന്നും കൂടുതൽ ചിന്തിക്കാൻ പോയിട്ടില്ല. ജീവിതം തന്നതൊക്കെ ധാരാളമാണെന്ന് വിശ്വസിക്കുകയാണെപ്പോഴും.