കേരളത്തനിമയിൽ കസവു സാരിയുടുത്ത് നീളൻ മുടിയും പിന്നിയിട്ട് മുല്ലപ്പൂ ചൂടിയെത്തുന്ന ലക്ഷ്മിയെ കണ്ടാൽ ആരും മലയാളി അല്ലെന്ന് പറയില്ല. പക്ഷേ ഈ ലക്ഷ്മി മലയാളി അല്ല. ഫ്രാൻസിലാണ് ജനനം. ഇന്ത്യൻ സംസ്കാരത്തോടും നൃത്തത്തോടുമുള്ള ഇഷ്ടം അവസാനം ലക്ഷ്മിയെ മലയാളത്തിന്റെ മരുമകളാക്കി. അതേ സ്നേഹത്തോടെ ലക്ഷ്മി മലയാളത്തേയും കേരളത്തേയും ചേർത്തുപിടിക്കുന്നു.
ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടുമുള്ള എന്റെ ഇഷ്ടത്തിന്റെ ഒരു ഘടകം നൃത്തമാണ്, മറ്റൊന്ന് എന്റെ അച്ഛനും അമ്മയും. ശരിക്കും അവർക്കായിരുന്നു ഇന്ത്യയോട് ഇഷ്ടകൂടുതൽ. ഇവിടെ സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹിച്ചിരുന്നതും അവരാണ്. അതുകൊണ്ടാവാം മറിയം സോഫിയ ലക്ഷ്മി എന്ന് അവർ എനിക്ക് പേരിട്ടത്. ഞാനും അനിയനും ഓർമ്മ വച്ച സമയം മുതൽ എല്ലാ വർഷവും ഇന്ത്യ സന്ദർശിക്കാറുണ്ടായിരുന്നു. ഏഴാം വയസിൽ ഫോർട്ട് കൊച്ചിയിൽ വന്ന് കഥകളി കണ്ടതാണ് ഏറ്റവും നല്ല ഓർമ്മ. അവിടെവച്ചാണ് ആദ്യമായി സുനിലേട്ടനെ കാണുന്നത്. അന്ന് ഇങ്ങനെയൊക്കെയാവും എന്ന് ചിന്തിച്ചിട്ടേയില്ല എന്നതാണ് സത്യം. പിന്നെയും വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടാണ് അദ്ദേഹമാണ് തന്റെ നല്ല പാതിയെന്ന് തിരിച്ചറിവുണ്ടാകുന്നതെന്ന് ലക്ഷ്മി ഓർക്കുന്നു.
മലയാളം പഠിച്ചതിന്റെ കടപ്പാട്
ജനിച്ച് വളർന്നത് ഫ്രാൻസിലായിരുന്നെങ്കിലും ഇന്ത്യൻ രീതികളെ കുറിച്ചൊക്കെ അറിവുണ്ടായിരുന്നതുകൊണ്ട് ഇവിടെ മരുമകളായി എത്തിയപ്പോഴും ഒട്ടും പേടിയും ടെൻഷനും തോന്നിയിരുന്നില്ല. ചെറിയ കുട്ടികളായിരുന്നപ്പോൾ മുതൽ അമ്മ ശിവന്റേയും വിഷ്ണുവിന്റേയും ഗണപതിയുടേയുമൊക്കെ കഥകൾ പറഞ്ഞു തന്നിട്ടുണ്ട്. പിന്നെ വർഷത്തിൽ ഒരിക്കൽ വരുന്ന സ്ഥലവുമാണല്ലോ. കേരളവും ഫ്രാൻസും തികച്ചും വ്യത്യസ്തമായ രണ്ടു സ്ഥലങ്ങളാണ്. രണ്ട് സംസ്കാരം, രണ്ട് ഭാഷ അങ്ങനെയൊക്കെ. ആദ്യമൊക്കെ അതിന്റേതായ ചില ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ മലയാളഭാഷ പഠിപ്പിച്ചതിന്റെ ഫുൾ ക്രെഡിറ്റും എന്റെ നൃത്തവിദ്യാലയത്തിലെ കുട്ടികൾക്കാണ്. പഠിപ്പിക്കുമ്പോൾ ഇവിടത്തെ ഭാഷയില്ലാതെ പറ്റില്ലല്ലോ. അങ്ങനെ കുട്ടികളുടെ സഹായത്തോടെ മലയാളം പഠിച്ചു.
എന്റെ വീടിന്റെ ജീവശ്വാസം
കഥകളിയും നൃത്തവുമാണ് ഞങ്ങളുടെ വീടിന്റെ ജീവശ്വാസം. കഥകളിയുടെ ചില അടിസ്ഥാന പാഠങ്ങൾക്കപ്പുറത്തേക്ക് പഠിക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം. എന്റെ ആത്മാവ് എപ്പോഴും ഭരതനാട്യത്തോടൊപ്പമാണ്. നടന്നു തുടങ്ങും മുമ്പേ പാട്ടു കേട്ടാൽ അതിനൊപ്പം ഡാൻസ് ചെയ്യാനാണ് ഞാൻ ശ്രമിച്ചിരുന്നത് എന്നാണ് അച്ഛനും അമ്മയും പറഞ്ഞിട്ടുള്ളത്. അങ്ങനെ അഞ്ച് വയസ് മുതൽ നൃത്തം പഠിക്കാൻ തുടങ്ങി. അന്ന് കണ്ടംപററി ഡാൻസാണ് പഠിച്ചത്. ജാസ്, ഫ്ലമിംഗോ, ഹിപ് ഹോപ്, ബാലെ അങ്ങനെയങ്ങനെ. ഒരിക്കൽ ഇന്ത്യയിൽ വന്നപ്പോഴാണ് ആദ്യമായി ഭരതനാട്യം കാണുന്നത്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തം എന്ന പേരിലാണ് അന്ന് കണ്ടത്. എല്ലാ നൃത്തരൂപങ്ങളോടും ഒരു ഇഷ്ടമുണ്ടായിരുന്നു. ഭരതനാട്യം കണ്ടപ്പോൾ അത് പഠിക്കണം എന്ന് തോന്നി. തിരിച്ച് ഫ്രാൻസിലെത്തിയ ശേഷം ഇന്ത്യൻ ക്ലാസിക് നൃത്തം പഠിപ്പിക്കുന്ന സ്ഥലങ്ങളെപ്പറ്റി അന്വേഷിക്കാൻ തുടങ്ങി. ഭാഗ്യത്തിന് എന്റെ വീടിന്റെ അടുത്തുതന്നെ ഒരു ഡാൻസ് സ്കൂൾ ഉണ്ടായിരുന്നു. അങ്ങനെ ഒൻപത് വയസുമുതൽ ഭരതനാട്യം പഠിക്കാൻ തുടങ്ങി.
രഹസ്യയുടെ വഴികൾ
കേരളത്തിൽ പലപ്പോഴും ക്ലാസിക് കലകളൊക്കെയും പഠിപ്പിക്കുന്നതും മത്സരങ്ങൾക്കു വേണ്ടി മാത്രമാണ് എന്ന് തോന്നാറുണ്ട്. അത് പലപ്പോഴും അംഗീകരിക്കാനാവുന്നില്ല. മത്സരത്തിന് വേണ്ടി മാത്രം ഞാൻ കുട്ടികളെ പഠിപ്പിക്കാറില്ല. കലാശക്തിയിലെ ക്ലാസുകളെല്ലാം ശാസ്ത്രീയമായ രീതിയിലാണ് പോകുന്നത്. പഠിപ്പിക്കുന്ന കുട്ടികൾ സ്കൂളിലെ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട് എന്ന് മാത്രം. കലയെ സ്നേഹിക്കുന്ന ഒരാൾക്ക് അതിനെ മത്സരമായി കാണാൻ കഴിയില്ല. കല എന്നത് ഒരു കലാകാരന്റെ പ്രാർത്ഥനയാണ്. അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം. മത്സരത്തിന്റെ രീതിയിലേക്ക് പോകുമ്പോൾ അവിടെ ദേഷ്യവും അസൂയയും സങ്കടവുമൊക്കെ വരും. അതൊന്നും ഒരു കലാകാരന് ആവശ്യമില്ല.
കലയ്ക്ക് ഒരിക്കലും അതിർത്തികളില്ല. ഏതു കലയും മറ്റൊരു കലയോട് താദാത്മ്യം പ്രാപിക്കുമെന്നതിൽ സംശയമില്ല. അത്തരത്തിൽ മൂന്ന് ഇന്ത്യൻ കലകൾ ചേർത്തുകൊണ്ട് കഴിഞ്ഞ ജനുവരിയിൽ ഒരു പ്രോഗ്രാം ചെയ്തിരുന്നു. 'രഹസ്യ" എന്ന പേരിൽ ചെയ്ത പരിപാടിയിൽ ഭരതനാട്യവും കഥകളിയും ഒഡീസിയുമാണ് ഉൾപ്പെടുത്തിയിരുന്നത്. രാമായണത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച പരിപാടിയിൽ ഭരതനാട്യത്തിന്റ പശ്ചാത്തലത്തിൽ രാമനായി ഞാൻ തന്നെയാണ് എത്തിയത്. ഹനുമാന്റെ വേഷം അവതരിപ്പിച്ചത് കഥകളിയുടെ പശ്ചാത്തലത്തിലാണ്. അത് സുനിലേട്ടൻ തന്നെയാണ് ചെയ്തത്. പിന്നെയുള്ള സീതയെ ഒഡീസിയുടെ സഹായത്തോടെ അവതരിപ്പിച്ചത് ഒഡീസി കലാകാരിയായ അഭയാലക്ഷ്മിയാണ്. രാമന്റേയും ഹനുമാന്റേയും സീതയുടേയും പേരിന്റെ അക്ഷരങ്ങൾ ചേർത്താണ് പരിപാടിക്ക് 'രഹസ്യ"എന്ന് പേരിട്ടത്. അതിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ്
ആസ്വാദകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
''അന്താക്ഷരി കളിക്കുന്നില്ലേ ചേട്ടാ..."" എന്ന ഡയലോഗാണ് എന്നെ കാണുമ്പോൾ എല്ലാവരും ഓർക്കുന്നത്. ബാംഗ്ലൂർ ഡെയ്സിലെ ആ കഥാപാത്രം ശരിക്കും ഞാനുമായി നല്ല സാമ്യമുണ്ട്. ആ കഥാപാത്രം നൃത്തം പഠിക്കാനായി ഇന്ത്യയിലെത്തി അവസാനം ഇവിടത്തെ തന്നെ ഒരാളായി മാറുകയായിരുന്നു. ബിഗ് ബിയാണ് എന്റെ ആദ്യത്തെ സിനിമ. പക്ഷേ ശ്രദ്ധിക്കപ്പെടുന്നത് ബാംഗ്ലൂർ ഡെയ്സ് മുതലാണ്. പിന്നെയും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാൻ പറ്റി. സിനിമയും ഇപ്പോൾ നൃത്തം പോലെ പ്രിയപ്പെട്ടതാണ്.