താൻപാതി" ദൈവവിശ്വാസികൾ സദാ ഉപയോഗിക്കാറുള്ള ചൊല്ലാണ്. വിജയത്തിലും പരാജയത്തിലും തനിക്ക് പകുതി ഉത്തരവാദിത്തം. മറുപാതി ദൈവത്തിന്റെ ഭാഗത്താണെന്ന് തന്ത്രപൂർവം സമർപ്പിക്കും. വിശ്വാസികളല്ലാത്തവർ താൻപാതിയല്ല മുഴുവനുമാണെന്ന് വാദിക്കും. എങ്കിലും ഒരു പരാജയമോ പോരായ്മയോ വന്നാൽ താൻപാതി മറുപാതി മേലുദ്യോഗസ്ഥന് അല്ലെങ്കിൽ അയൽക്കാരന് എന്ന് സമർത്ഥിക്കും. ഒരു പരാജിതനും നൂറുശതമാനവും തന്റെ കുറ്റമാണെന്ന് സമ്മതിച്ചുതരില്ല. വിജയമുണ്ടായാൽ നൂറ്റിയൊന്നു ശതമാനം ക്രെഡിറ്റും അടിച്ചെടുക്കും. പരാജയമുണ്ടായാൽ തന്റെ ഭാഗത്ത് ഒരു ശതമാനം പോലും കുഴപ്പമില്ലെന്ന് വാദിക്കുകയും ചെയ്യും.
നാട്ടിൻപുറത്തെ ഒരു ക്ഷേത്രപൂജാരിയാണ് രാധാകൃഷ്ണ ശർമ്മ. ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും കടുത്ത ആരാധകൻ. അവരുടെ സന്ദേശങ്ങളെല്ലാം മനഃപാഠം. മനുഷ്യൻ ചെയ്തുകൂട്ടുന്ന പാപകർമ്മങ്ങളുടെയെല്ലാം ഭാരം ചുമക്കേണ്ടിവരുന്നത് ദൈവങ്ങളാണ്. ദൈവവിരുദ്ധമായി നടക്കുകയും സംസാരിക്കുകയും ചെയ്തിട്ട് ദുരന്തങ്ങൾ വരുമ്പോൾ സൂത്രത്തിൽ ദൈവത്തിന്റെ തലയിൽ കെട്ടിവയ്ക്കും. എല്ലാ മതങ്ങളിലെയും വിശ്വാസികളുടെ പൊതു സ്വഭാവമാണിത്. അടുത്തിടെ തനിക്കറിയാവുന്ന രണ്ട് സംഭവങ്ങൾ ശർമ്മ അവതരിപ്പിച്ചു. സുമ എല്ലാ ദിവസവും ക്ഷേത്രത്തിൽ പോകും. ആചാരങ്ങളും വ്രതങ്ങളും പാലിക്കും. കല്യാണം കഴിച്ച യുവാവിന്റെ വീട്ടുകാരും വിശ്വാസികൾ തന്നെ.
അമ്മായിയമ്മയുടെ പണത്തോടുള്ള ആർത്തി പ്രസിദ്ധം. കല്യാണദിവസം തന്നെ മരുമകളുടെ ആഭരണങ്ങളെല്ലാം അഴിച്ചുവാങ്ങി അലമാരയിൽ വച്ചുപൂട്ടി. അടുത്തദിവസം രാവിലെ നഗരത്തിലെ ഒരു ജൂവലറിയിൽ കൊണ്ടുപോയി തൂക്കിനോക്കി. പെൺവീട്ടുകാർ പറഞ്ഞതിൽ നിന്ന് രണ്ടുപവൻ കുറവ്. എൺപതുപവൻ വാഗ്ദാനം ചെയ്തിരുന്നു. ഇട്ടതോ എഴുപത്തിയെട്ടും. ഇതുവിശ്വാസവഞ്ചനയല്ലേ? പെൺവീട്ടുകാർ മാപ്പുപറയണം. അല്ലെങ്കിൽ രണ്ടുപവൻ കൂടി വാങ്ങി നൽകണം. ഭർത്താവ് അവസരത്തിനൊത്ത് ഉയർന്നില്ല. തന്ത്രപരമായ മൗനം.
സുമയ്ക്ക് അത് സഹിക്കാനായില്ല. സ്വർണം പോലെ സ്നേഹവും ബഹുമാനവും പ്രതീക്ഷകളും തൂക്കിനോക്കാനാകുമോ? സ്വർണവില കൂടുകയും കുറയുകയും ചെയ്യും. മൂല്യങ്ങളുടെ വില അങ്ങനെയല്ലല്ലോ. ഈ നിസാരകാര്യത്തിന് രക്ഷിതാക്കൾ മാപ്പുപറയേണ്ടതില്ലെന്ന് സുമ നിർബന്ധിച്ചു പറഞ്ഞു. അകന്ന ബന്ധുക്കളും അയൽക്കാരും രഹസ്യമായി വിവരമറിഞ്ഞു. ചിലർ അമ്മായിയമ്മയെ പഴിച്ചു. ചിലർ മരുമകളെയും വീട്ടുകാരെയും കുറ്റപ്പെടുത്തി. അധികം വൈകും മുമ്പേ ആഡംബര പൂർണമായി നടന്ന വിവാഹബന്ധം മുറിഞ്ഞു.
ദൈവവിശ്വാസം കൊണ്ട് എന്തുകാര്യം, വരാനുള്ളത് വരുമെന്ന് ഒരു കൂട്ടർ. വൈകാതെ സ്വാധീനമുള്ള ഒരു സുഹൃത്ത് വഴി ഭേദപ്പെട്ട ഒരു സ്വകാര്യസ്ഥാപനത്തിൽ സുമയ്ക്ക് ജോലിയായി. എങ്കിലും ഭർതൃവീട്ടുകാരെ അധിക്ഷേപിക്കുകയോ ദൈവത്തെ പഴിക്കുകയോ ചെയ്തില്ല. അമേരിക്കയിലായിരുന്ന ബന്ധുവായ ഒരു സ്ത്രീ അവധിക്ക് നാട്ടിൽ വന്നപ്പോൾ സംഭവമറിഞ്ഞു. സന്മനസുള്ള അവർ മൂന്നുപവന്റെ സ്വർണമാല അമ്മായിക്ക് കാഴ്ചവച്ചു. ഒരു അവകാശവാദവും ഉന്നയിച്ചില്ല. ആരെയും കുറ്റപ്പെടുത്തിയില്ല. രണ്ടുദിവസം കഴിഞ്ഞപ്പോൾ അമ്മായിയമ്മയും മകനും സുമയുടെ വീട്ടിലെത്തി. സ്നേഹപൂർവ്വം കൂട്ടിക്കൊണ്ടുപോകാൻ. എല്ലാവർക്കും സന്തോഷം. സുമയുടെ അമ്മ പറഞ്ഞു: താൻ പാതി ദൈവം പാതി. കേട്ടു നിന്ന സുമ സന്തോഷത്തോടെ തിരുത്തി. ദൈവത്തിന്റെ ബ്രാക്കറ്റിൽ സന്മനസുള്ളവരും സ്നേഹമുള്ളവരും എന്നുകൂടി ചേർക്കണം. വീട്ടിലപ്പോൾ ഉണ്ടായിരുന്ന അമേരിക്കൻ ബന്ധുവിന്റെ കൈയിൽ മൂന്നുപവന്റെ മാല തിരിച്ചു കൊടുത്തപ്പോഴാണ് സംഭവത്തിന്റെ മറുപാതി എല്ലാവർക്കും ബോദ്ധ്യമായത്.
(ഫോൺ : 9946108220)