മലയാളസാഹിത്യ നിരൂപണരംഗത്ത് സ്തുത്യർഹമായ സംഭാവന നൽകുന്ന പ്രതിഭാശാലിയായ എഴുത്തുകാരനാണ് പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ എന്ന എം.ആർ.സി. വിമർശനത്തെ സർഗാത്മകമാക്കുന്നതോടൊപ്പം സംസ്കാര വിമർശനത്തിന്റെ തലത്തിലേക്ക് വളർത്തുന്നതിൽ കരുത്തു പകർന്ന പ്രതിഭ. കമ്മ്യൂണിസ്റ്റ് ചിന്തകനും പത്രാധിപരും അദ്ധ്യാപകനുമൊക്കെയായി പൊതുസമൂഹത്തിൽ ഉന്നതശീർഷനായിരിക്കുമ്പോഴും വെള്ളിവെളിച്ചത്തിൽ നിന്ന് അകന്ന് കഴിയുന്ന അദ്ദേഹം, 90 വയസിലേക്ക് കടക്കുകയാണ്. ആഗസ്റ്റ് പത്തിന് തൃശൂരിൽ സാംസ്കാരികകേരളം അദ്ദേഹത്തിന് നവതി പ്രണാമം ഒരുക്കുന്നുണ്ട്. കഴിഞ്ഞ കാലം എം.ആർ.സി. ഒാർത്തെടുക്കുന്നു:
എഴുത്തിനിറങ്ങിയ പശ്ചാത്തലം?
ഞാൻ കോളേജിൽ പഠിച്ചത് മലയാള ഭാഷയും സാഹിത്യവുമാണ്. ബിരുദമെടുത്തിട്ട് ആദ്യം ചെയ്തത് പത്രപ്രവർത്തനമാണ്. 1953-ൽ തൃശൂരിൽ നിന്ന് ജോസഫ് മുണ്ടശേരിയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന 'നവജീവൻ" പത്രത്തിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി ചെയ്തു. മുണ്ടശേരി മാസ്റ്ററുമായി ബന്ധപ്പെട്ടത് സാഹിത്യകാര്യങ്ങളിൽ തത്പരനാക്കി. മുണ്ടശേരിയുടെ എഡിറ്റോറിയൽ, സാഹിത്യലേഖനങ്ങൾ എന്നിവ പകർപ്പെഴുതിയത് ഞാനായിരുന്നു. അങ്ങനെയാണ് എഴുത്തിന്റെ മേഖലയിലേക്ക് പ്രവേശിക്കുന്നത്. മുണ്ടശേരിയുടെ 'മംഗളോദയം" വായിച്ച് സഹപ്രവർത്തകരുടെ താത്പര്യാർത്ഥം നിരൂപണത്തിൽ വന്നു. 1955-ൽ റിപ്പബ്ലിക്ക് ദിനത്തിൽ എഴുതിയ ലേഖനം ശ്രദ്ധേയമായി. 'ഇന്ത്യ അഭിവൃദ്ധി മാർഗത്തിൽ" എന്നതായിരുന്നു ശീർഷകം. 1956-ൽ മലബാർ ക്രിസ്ത്യൻ കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു. അവിടെ ജോലി ചെയ്യുന്ന അവസരത്തിൽ അമേരിക്കൻ പുസ്തകമായ 'ദി വേൾഡ് വി ലീവ് ഇൻ" (നാം ജീവിക്കുന്ന ഈ ലോകം) എന്ന ശാസ്ത്രഗ്രന്ഥം തർജ്ജമ ചെയ്യാൻ എൻ.വി. നിർദേശിച്ചു. അങ്ങനെ ഞാൻ തർജ്ജമയിലേക്ക് പ്രവേശിച്ചു. കൃഷ്ണവാരിയരുടെ നിർദേശപ്രകാരം എം.ആർ.സി എന്ന പേരിൽ ലേഖന
ങ്ങൾ എഴുതി.
നിരൂപണസരണിയിൽ പാശ്ചാത്യ - പൗരസ്ത്യ ധാരകളെ സമന്വയിപ്പിച്ചല്ലോ?
മുണ്ടശേരി മാഷുടെ പാതയിലൂടെ നിരൂപണസരണിയിൽ ഞാൻ സജീവമായി. എൻ.വി. കൃഷ്ണവാരിയരുടെ നിർദ്ദേശാനുസരണം 'ഗ്രന്ഥനിരൂപണ ലേഖനം വളരുന്ന സാഹിത്യം" എന്ന പംക്തിയിൽ നിരന്തരമായി എഴുതി.
പുതിയ സാഹിത്യവിമർശനം ഏതെങ്കിലും തരത്തിൽ പ്രതിസന്ധി നേരിടുന്നുണ്ടോ?
വിമർശനം ക്ലേശകരമായ പണിയാണ്. പലരും പുസ്തകം വായിക്കാതെ നിരൂപണം ചെയ്യുന്നു. പുസ്തകത്തിന്റെ ബ്ലർബ് വായിച്ച് സംഗ്രഹിക്കുകയാണ് പുതിയ വിമർശകൻമാരിൽ പലരും ചെയ്യുന്നത്.
വർത്തമാനകാല നിരൂപണത്തിന്റെ പ്രത്യയശാസ്ത്രതലം നിർദ്ധാരണം ചെയ്യാമോ?
വർത്തമാനകാല നിരൂപണത്തിൽ ചിന്താപരമായ അരാജകത്വമാണ് കാണുന്നത്. സച്ചിദാനന്ദൻ ആണ് വിശ്വസാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്നതിൽ മുമ്പൻ. അദ്ദേഹം കേസരി ബാലകൃഷ്ണപ്പിള്ള പണ്ട് ചെയ്തത് മറ്റൊരു വിധത്തിൽ ചെയ്തുകൊണ്ടിരിക്കുന്നു.
മലയാള വിമർശനശാഖയ്ക്ക് സർഗാത്മകത നഷ്ടപ്പെടുന്നുണ്ടോ?
വിമർശനവും സർഗാത്മകമാകണമെന്ന് പറഞ്ഞത് മുണ്ടശേരി മാഷാണ്. കുട്ടികൃഷ്ണമാരാരും അതുതന്നെ ചെയ്തു. മലയാളനിരൂപണത്തിൽ മനഃശാസ്ത്രരംഗത്ത് ഇടപെട്ടത് എം.എൻ. വിജയനും, എം. ലീലാവതിയുമാണ്. ഇന്ന് നിരൂപണം സർഗാത്മകമായിട്ടുണ്ട്.
ആധുനികത, ഉത്തരാധുനികത എന്ന സാഹിത്യ വിഭജനത്തെ എങ്ങനെ വിലയിരുത്തുന്നു?
അത്തരം വേർതിരിവ് ആശാസ്യമല്ല. ഒരു ഇടമഴ പോലെ അതു വന്നു അതുപോലെ തന്നെ പോയി. മലയാളത്തിൽ പല ചിന്താപദ്ധതികളും വരികയും പോവുകയും ചെയ്തിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് കവിത്രയം എന്ന ഗ്രന്ഥം എഴുതാനുണ്ടായ പശ്ചാത്തലം?
കമ്മ്യൂണിസ്റ്റ് കവിത്രയം എന്നത് വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി. എന്നിവരാണ്. ഈ മൂന്നു പേരെയും അധികരിച്ചാണ് ഈ ഗ്രന്ഥത്തിൽ എഴുതിയിട്ടുള്ളത്.
ജോസഫ് മുണ്ടശേരി വിമർശനത്തിന്റെ 'പ്രതാപകാലം" എന്ന ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ഇന്ന് എങ്ങനെ നോക്കി കാണുന്നു?
വിമർശനത്തിന്റെ നവോത്ഥാനകാലം പ്രോജ്ജ്വലിപ്പിക്കുന്നത് മുണ്ടശേരി, മാരാർ, കേസരി, എം.പി. പോൾ, കുറ്റിപ്പുഴ എന്നിവരാണ്. ഇവരെ നിരൂപണപഞ്ചകം എന്നറിയപ്പെട്ടു. സർഗാത്മക എഴുത്തുകാരോടൊപ്പം ഇവരും നിരൂപണത്തെ സർഗാത്മകമാക്കി. മുണ്ടശേരിയുടെ സാഹിത്യത്തിലെ സമുന്നത സ്ഥാനം ഇന്നും നിലനില്ക്കുന്നു.
മാർക്സിയൻ സൗന്ദര്യശാസ്ത്രം മലയാള നിരൂപണശാഖയെ എങ്ങനെ സ്വാധീനിച്ചു?
കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാ വിഭാഗങ്ങളിൽ നിന്നും ജനങ്ങളെ ആകർഷിച്ച് പ്രസ്ഥാനമുണ്ടാക്കി. തൊഴിലാളികളെ, കൃഷിക്കാരെ, വിദ്യാർത്ഥികളെ , ജോലി ചെയ്തു ജീവിക്കുന്ന എല്ലാവരെയും, അക്കൂട്ടത്തിൽ സാഹിത്യകാരൻമാരെയും തങ്ങളുടെ മണ്ഡലത്തിൽ കൊണ്ടുവന്നു. തൊഴിലാളികളെ സംഘടിപ്പിച്ച് സമരങ്ങൾ നയിച്ചു. സാഹിത്യകാരൻമാരെ സംബന്ധിച്ച് സംഘടിതരല്ല. അവരെ അവലംബിച്ച് കമ്മ്യൂണിസ്റ്റ് ആശയഗതികൾ പ്രചരിപ്പിച്ചു. കമ്മ്യൂണിസം അടിസ്ഥാനപരമായി ഭൗതിക വാദപരമാണ്. ദൈവത്തെപ്പറ്റിയും, വിധിയെപ്പറ്റിയും അവർ ചിന്തിക്കുന്നില്ല. ഭൗതികമായി കാര്യങ്ങൾ കാണാനും എഴുതാനും എഴുത്തുകാർ പരിശീലിപ്പിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് കൃതികൾ സാമാന്യമായി ശുഷ്കമാണ്. ഇപ്പോഴത്തെ വൃത്തമില്ലാത്ത കവിതയെഴുത്തുപോലെ ആയിരുന്നു കലാസൗഭഗമല്ലാത്ത എഴുത്ത്. മുണ്ടശേരിയുടെ രൂപഭദ്രതാവാദം അതിന് എതിരായിട്ടുള്ളതായിരുന്നു.
രാഷ്ട്രീയപ്രവർത്തനവും, സംഘടനാപ്രവർത്തനവും എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?
ഞാൻ വിദ്യാർത്ഥിയായിരിക്കെ വിദ്യാർത്ഥി ഫെഡറേഷനിൽ പ്രവർത്തിച്ചു. പിന്നീട് വിദ്യാർത്ഥി ഫെഡറേഷന്റെ തൃശൂർ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി. അതോടൊപ്പം പാർട്ടി ലോക്കൽ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു. പിന്നീട് കോളേജദ്ധ്യാപകനായി പ്രവർത്തിക്കാൻ തുടങ്ങിയതോടെ എ.കെ.പി.സി.ടി.എ. എന്ന സംഘടനയിൽ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. സംഘടനയുടെ പേരിൽ സിൻഡിക്കേറ്റിലും സെനറ്റിലും അംഗമായും സേവനമനുഷ്ഠിച്ചു. 1961-ൽ കേരളസാഹിത്യസമിതിയുടെ സെക്രട്ടറിമാരിൽ ഒരാളായി പ്രവർത്തിച്ചു. അന്ന് സമിതിയുടെ പ്രസിഡന്റ് കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയും ജനറൽ സെക്രട്ടറി എൻ.വി. കൃഷ്ണവാരിയരുമായിരുന്നു. സെക്രട്ടറിമാരിൽ ഒരാൾ വയലാറുമായിരുന്നു.
പുതിയ എഴുത്തുകാരോട് പ്രത്യേകിച്ച് കഥ, കവിത രംഗത്തുള്ളവരോടുള്ള സമീപനം?
ഇന്നത്തെ കഥകൾ അധികവും വക്രിച്ചതാണ്. ഇന്നത്തെ പുതുകവിതകൾ ഏറെയും ജീവനില്ലാത്തവയാണ്. ടാഗോറിന്റെയും, എസ്.കെ. പൊറ്റക്കാടിന്റെയും കഥകൾ പുതിയ കഥാകൃത്തുക്കൾക്ക് പാഠപുസ്തകമാണ്. അതുപോലെ പുതിയ കവികൾ വൈലോപ്പിള്ളിയുടെയും സുഗതകുമാരിയുടെയും കവിതകൾ പാഠപുസ്തകമാക്കേണ്ടതാണ്.
നവതിയുടെ നിറവിൽ എഴുത്തുജീവിതം തിരിഞ്ഞുനോക്കുമ്പോൾ?
അമ്പതുപുസ്തകം പ്രസിദ്ധീകരിച്ചു. അതുതന്നെ വലിയ സന്തോഷം.
ജീവിതത്തിലെ നാൾവഴികൾ
ശാസ്ത്രസാഹിത്യപരിഷത്ത്, ദേശാഭിമാനി സ്റ്റഡി സർക്കിൾ എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളാണ് പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ. എ.കെ.പി.സി.ടി.എയുടെ ആദ്യകാലഭാരവാഹിയുമായിരുന്നു. 1929-ൽ തൃശൂർ ജില്ലയിലെ കോലഴിയിൽ ജനിച്ചു. പിതാവ് എം.വി. രാമൻ വൈദ്യർ, മാതാവ് കെ.എസ്. ദേവകി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ഒ.എൽ ബിരുദവും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളത്തിൽ എം.എ. ബിരുദവും നേടി. പത്രപ്രവർത്തനം, അദ്ധ്യാപനം, സാഹിത്യം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു.
പ്രധാനകൃതികൾ: സത്യവും കവിതയും, ഗോപുരം, ലഘുനിരൂപണങ്ങൾ, കമ്മ്യൂണിസ്റ്റ് കവിത്രയം, കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം, മലയാളനോവൽ ഇന്നും ഇന്നലെയും, നിരൂപകന്റെ രാജ്യഭാരം, ശിശിരത്തിലെ പൂക്കൾ, ഗ്രന്ഥപൂജ, മലയാളസാഹിത്യം - സ്വാതന്ത്ര്യലബ്ധിക്കുശേഷം, തീച്ചൂളയിൽ വെന്തുരുകാതെ. അമ്പതു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: രാംകുമാർ, പ്രിയ.