വൃക്ഷസസ്യപക്ഷിമൃഗാദികൾക്ക് ഭൂമിയിൽ മനുഷ്യജനുസിനുള്ളതുപോലെ അവകാശങ്ങളുണ്ടെന്ന വീക്ഷണം പുലർത്തിയ പ്രാചീന ഭാരതീയർ അവയെല്ലാം സ്വന്തം സുഖഭോഗതൃഷ്ണ ശമിപ്പിക്കാനുള്ള വസ്തുക്കൾ മാത്രമാണെന്ന വിചാരഗതിക്ക് അടിമപ്പെട്ടത് വൈദേശിക സംസ്കൃതിയുടെ കടന്നുകയറ്റത്തിനു ശേഷമാണ്. ചേതനാചേതനഭേദം നിർണയിക്കുന്നത് ഗതിസ്വഭാവമല്ല, സ്ഥിതി സ്വഭാവത്തിലെ വളർച്ച രൂപപരിണാമം എന്നിവയാണ് എന്ന വിവേചനം പുലർത്തിയിരുന്ന ഭാരതീയർ വൃക്ഷസസ്യാദികളുടെ വളർച്ചയെയും മനുഷ്യരുൾപ്പെട്ട ജന്തുകുലത്തിൽപ്പെട്ടവയുടെ വളർച്ചയെയും സമാനപ്രതിഭാസമായി കണ്ടു. സൃഷ്ടിസ്ഥിതി സംഹാര ശക്തികളുടെ സാന്നിദ്ധ്യം വൃക്ഷത്തിന്റെ ഉടലിൽ ഉപദർശിക്കുകയും
മൂലതോ ബ്രഹ്മരൂപായ/
മധ്യതോ വിഷ്ണു രൂപിണേ
അഗ്രതഃശിവരൂപായ
വൃക്ഷരാജായ തേ നമഃ
എന്ന് പ്രണമിക്കയും ചെയ്തുപോന്നു. വൃക്ഷസസ്യാദികളുടെ സാന്നിദ്ധ്യമാണ് മനുഷ്യർക്ക് ജീവിതം സാധ്യമാക്കുന്ന പ്രാണവായു ലഭ്യമാക്കുന്നതും ശരീരം നിലനിറുത്തുന്നതിന് ആവശ്യമായ ധാതുക്കൾ നൽകി പോരുന്നതും എന്ന തിരിച്ചറിവ് അവയോടുള്ള ആരാധനാഭാവം വളർത്തി. അവയ്ക്ക് ക്ഷേത്രങ്ങളിൽ മുറ്റത്ത് പ്രതിഷ്ഠ നൽകി പ്രദക്ഷിണം വച്ചു നമസ്ക്കരിക്കുന്ന ശീലം ഉറച്ചു.
അന്നദാതാക്കളായ ധാന്യച്ചെടികളെ മുളപ്പിക്കുന്ന ആചാരം ക്ഷേത്രോത്സവങ്ങളിൽ മുഖ്യസ്ഥാനം നേടി. ഫലമൂലാദികളും ധാന്യങ്ങളും ശേഖരിച്ച് ജീവിക്കുന്നഘട്ടം പിന്നിട്ട് ഉത്പാദിപ്പിക്കുന്ന കാർഷിക സംസ്കാരത്തിലേക്ക് വളർന്നപ്പോൾ ഉത്പാദനത്തിന്റെ ഓരോ ഘട്ടത്തിലും ജനയിതാക്കളെയെന്നപോലെ വൃക്ഷസസ്യാദികളെ പൂജിച്ചു. സംസ്കാരത്തിന്റെ അവിഭാജ്യഘടകമായിത്തീർന്ന ഈ ആരാധനാഭാവം വൃക്ഷസസ്യാദികൾ രോഗശമനത്തിനുള്ള ഔഷധികളാണെന്ന തിരിച്ചറിവുകൂടി കൈവന്നതോടെ ആയുർവേദമെന്ന ശാസ്ത്രത്തിൽ അവയ്ക്ക് ശാശ്വത പ്രതിഷ്ഠ ലഭിച്ചു.
പ്രകൃതിയിലെ എല്ലാ ജൈവ പ്രതിഭാസങ്ങൾക്കും മനുഷ്യനുള്ള അത്രതന്നെ നിലനില്പിന്നവകാശമുണ്ടെന്ന അവബോധം ഭാരതീയരുടെ ശാസ്ത്രങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ജീവിതനിർവഹണത്തിൽ നിന്നുള്ള കർമങ്ങളിലും ആഴത്തിൽ വേരോടി. ഭൂമിയെയും പുഴകൾ, മലകൾ, കാടുകൾ എന്നിവയുൾപ്പെടെയുള്ള ബാഹ്യപ്രകൃതിയെയും അമ്മയായിക്കാണുന്ന ശീലം അന്ധാരാധനയാണെന്ന് വിധിച്ച പാശ്ചാത്യ സംസ്കൃതി മനുഷ്യൻ പ്രകൃതിയെ കീഴടക്കുന്നതാണ് സാംസ്കാരിക പുരോഗതിയെന്ന അന്ധവിശ്വാസത്തിലേക്കാണ് നിപതിച്ചത്. ഇന്ന് അവർ ഉണർന്നുതുടങ്ങിയിരിക്കുന്നു. പരിസ്ഥിത്യവബോധം ശാസ്ത്രീയമായിതന്നെ അംഗീകൃതമായിരിക്കുന്നു. ഭൂമിക്ക് ജീവനുണ്ടെന്നും ഭൂമി ചരാചരങ്ങളുടെയെല്ലാം അമ്മയാണെന്നും ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ജേയ്സ് ലവ്ലോക്കും ലിൻമാർഗുലിസും കൂടി ഉന്നയിച്ച ഗൈയ തിയറി (ഗൈയാ എന്ന കഥാപാത്രം ഗ്രീക്കിൽ അമ്മയുടെ പ്രതിനിധിയാണ്)യ്ക്ക് ശാസ്ത്രജ്ഞരിൽ വലിയൊരുപക്ഷം പിൻഗാമികളായുണ്ട്.
ഈ പശ്ചാത്തലത്തിൽ ഭാരതീയരുടെ ആചാരങ്ങളോടു ബദ്ധമായ 'വിശുദ്ധസസ്യങ്ങളും വ്രതങ്ങളും" എന്ന പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് അനുഷ്ഠാന പരമായ പ്രാധാന്യം നൽകുന്നത് സാമാന്യജനങ്ങളെ അതിലേക്കാകർഷിക്കാനാണ്. 'സമ്പത്തുകാലത്ത് തൈപത്തുവച്ചാൽ ആപത്തുകാലത്ത് കായ് പത്തുതിന്നാം" എന്ന പ്രയോജനവാദം മാത്രമായിക്കൂട വൃക്ഷസസ്യാദികൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രചോദനം.
യജ്ഞമാകൂ, പവിത്രമാകൂ തണൽമരത്തെപ്പറ്റി ഭവഭൂതിയുടേതെന്നു പറയപ്പെടുന്ന ഒരു ശ്ലോകമുണ്ട്. മൂന്നുപഥികരുടെ കഥ. ഛായാവൃക്ഷത്തിന് കീഴിലിരുന്നു തളർച്ച തീർത്ത ഒന്നാമൻ മരത്തിന് ശുഭമാശംസിക്കുന്നു. തന്നെപ്പോലെ അവരെയും ആശ്വസിപ്പിച്ച് അമരത്വം നേടാനുള്ള ആശംസ. രണ്ടാമൻ തളർച്ച തീർന്നതിനുശേഷം വൃക്ഷത്തിന്റെ ഒരു കമ്പൊടിച്ച് ഊന്നുവടിയാക്കുന്നു. മൂന്നാമൻ മരത്തിന്റെ തടി ഊർന്നു പൊളിച്ച് കവാടഫലകമാക്കാമെന്ന് നിശ്ചയിക്കുന്നു. പ്രകൃതിയിലുള്ള എല്ലാവസ്തുക്കളുടെയും ഉടമ മനുഷ്യനാണെന്നും മനുഷ്യനുവേണ്ടി പ്രകൃതിയെ മുടിക്കാമെന്നും നിനയ്ക്കുന്ന പരിഷ്കൃതനാഗരികനെന്ന് സ്വയം വാഴ്ത്തുന്ന അധമന്മാരുടെ പ്രതിനിധിയാണ് മൂന്നാം പഥികൻ.
ഇക്കൂട്ടരുടെ വംശം പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വൃക്ഷങ്ങളെ ആരാധിക്കാൻ പഠിപ്പിക്കുന്ന പ്രാചീനഭാരതീയ സംസ്കാരത്തെ തോറ്റിയുണർത്തുന്ന ഏത് ഉദ്യമവും കാലോചിതവും പവിത്രവുമാണ്. അതിനാൽ പായിപ്ര രാധാകൃഷ്ണൻ വൃക്ഷായുർവേദം, ജ്യോതിഷം, ആരാധനാ പ്രകാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസ പ്രമാണങ്ങൾ മുതലായ വിവിധ ചിന്താമണ്ഡലങ്ങളിൽ മുങ്ങിത്തപ്പി ശേഖരിച്ച ഈ തത്ത്വമുത്തുകൾ കേരളീയ ജനതയുടെ ശാരീരകവും മാനസികവുമായ ആരോഗ്യം നിലനിർത്താനുതകുന്ന ഔഷധങ്ങളത്രെ. 'യുഗളപ്രസാദൻ"എന്ന ഒരു കഥാപാത്രമുണ്ട്, വിഭൂതി ഭൂഷൻ ബന്ദോപാധ്യയയുടെ ആരണ്യക് എന്ന നോവലിൽ.
''ഉപനയനം പോലുള്ള കർമ്മങ്ങൾ പോലും നിർവഹിക്കപ്പെട്ടിട്ടില്ലാത്ത ഇളം പ്രായത്തിൽ സന്യസിക്കാനിറങ്ങിപ്പുറപ്പെട്ട പുത്രനായ ശുകനെനോക്കി വ്യാസമഹർഷി വിരഹകാതരനായി 'പുത്രാ...." എന്നു (രോദനം പോലെ) നീട്ടിവിളച്ചപ്പോൾ കാട്ടിലെ മരങ്ങൾ വിളികേട്ടു. അപ്രകാരം 'സർവഭൂതഹൃദയ"നായിത്തീർന്ന മുനിക്ക് നമസ്കാരം എന്ന് ശ്ലോകതാത്പര്യം. വൃക്ഷങ്ങളുടെ ആത്മാവിലേക്ക് പ്രവേശിക്കാൻ നമ്മെ ക്ഷണിക്കുന്ന ആ ശ്ലോകം പോലെയുള്ള കൃത്യമാണ് വൃക്ഷങ്ങളെ കണ്ണോടുകണ്ണ് കാണാനും ഉള്ളോടുള്ള് അറിയാനും സഹായിക്കുന്ന ഈ അനുപമ ഗ്രന്ഥം.
പൂർണ ബുക്സ് , വില ₹ 70