പച്ചനിറത്തിലെ ക്രിക്കറ്റ് പന്ത് സാധാരണയല്ല. കുറെ മുമ്പ് ഒരു ദിവസം രാവിലെ ഊട്ടിയിലെ ഫേൺഹിൽ ആശ്രമത്തിന്റെ പിന്നിൽ നിന്നും പകർത്തിയതാണ് ഇത്. മാക്രോ ഫോട്ടോഗ്രാഫി എന്നും എല്ലാവർക്കും ഇഷ്ടമുള്ള സംഗതിയാണ്. അതെടുക്കുക അത്ര എളുപ്പവുമല്ല. പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത് നല്ല കാമറ വേണം, കൂടെ മാക്രോ ലെൻസും വേണം, അതിനു വില വളരെ കൂടുതലുമാണ്. മറ്റൊന്ന് ഉദ്ദേശിക്കുന്നരീതിയിൽ അവ പകർത്താനുള്ള പ്രാഗത്ഭ്യം വേണം. ഇന്ന് ഇത് കുറേക്കൂടി ലളിതമാക്കാൻ ചില മൊബൈൽ കമ്പനികൾ പൊടിക്കൈകൾ നടത്തുന്നുണ്ട്. ഫേസ് ബുക്കിനും വാട്സാപ്പിനും ഒക്കെ അത് ധാരാളം മതിയാകും. പ്രിന്റിംഗ് പോലുള്ള ആവശ്യത്തിനു കൂടുതൽ ഡീറ്റൈൽസ് അതിൽ നിന്നും കിട്ടില്ലെന്ന് മാത്രം.
തീരെ ചെറിയ വസ്തുക്കളെ വലുതാക്കി ചിത്രീകരിക്കുന്ന രീതിയാണ് ഇത്. പലപ്പോഴും കണ്ണുകളെത്തന്നെ വിശ്വസിക്കാൻ പറ്റാത്ത വിധം വിസ്മയിപ്പിക്കുന്നതായിരിക്കും ഇത്തരം കാഴ്ചകൾ ! മെഡിക്കൽ ഫീൽഡിൽ ഇത് വളരെ മുമ്പേ തന്നെ ഉപയോഗിച്ചുവരുന്നുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയാത്തത് പലതും മൈക്രോ സ്കോപ്പിന്റെയും ഇലക്ട്രോൺ മൈക്രോ സ്കോപ്പിന്റെയും സഹായത്താൽ ഇന്ന് ഫോട്ടോകളാക്കി പ്രിന്റെടുക്കാൻ വരെ സൗകര്യങ്ങളുണ്ട്. മെഡിക്കൽ ഫീൽഡിൽ ഇത് ഒരവശ്യഘടകവുമാണ്.
എന്നുകരുതി ഇത് അത്തരത്തിലുള്ള ഫോട്ടോയല്ല. കാമറയിൽ മാക്രോ ലെൻസ് ഉപയോഗിച്ച് എടുത്തതാണ്. ഇങ്ങനെ വസ്തുക്കളെ വലുതാക്കി കാണിക്കാൻ മിക്കവരും ചെയ്യുന്ന കുറുക്കുവഴി വെറുതെയുള്ള ക്രോപ്പിംഗാണ്. കട്ട് ചെയ്യുക, അരികു മുറിച്ചു മാറ്റുക എന്നൊക്കെ പറയുന്നതുതന്നെ. അതായതു ക്ലിക്ക് ചെയ്തു കിട്ടുന്ന ഒറിജിനൽ ഫ്രയിമിനെ ആവശ്യമെന്നു തോന്നുന്ന ഭാഗം ഒഴികെ ബാക്കി മുറിച്ചു മാറ്റുക. അതിനു വലിപ്പം തോന്നിക്കുമെങ്കിലും തീരെ കുറഞ്ഞ നിലവാരമായിരിക്കും (ക്വാളിറ്റി) ആ ചിത്രത്തിനെന്നു സൂക്ഷിച്ചു നോക്കിയാൽ മനസിലാകും. വിശേഷിച്ച് ചെറിയതരം കാമറകളിൽ.
മാക്രോ ഫോട്ടോയിലുള്ളത് എന്തെന്ന് കണ്ടു പിടിക്കാനും കുറേനേരം അവരവരുടെ കഴിവിനെ സ്വയം ടെസ്റ്റ് ചെയ്യാനും പലരും ശ്രമിക്കാറുണ്ടന്നെതാണ് ജനങ്ങളെ ഇതിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണം. കണ്ടു പിടിച്ചേ അടങ്ങൂ എന്ന് വാശിപിടിക്കുന്നവരും ഇക്കൂട്ടത്തിൽ കുറവല്ല! ഒരു നെൽച്ചെടിയുടെ ഇലപോലെയുള്ള ഒരു പുല്ലിന്റെ ഇലയിൽ അതിരാവിലെ രൂപപ്പെട്ട മഞ്ഞു തുള്ളികളാണ് ഇവ . ആ തുള്ളികൾ ഇരിക്കുന്നതിന്റെ അപ്പുറത്തുള്ള ചെറിയ വരകൾ സ്ഫടികംപോലെ സുതാര്യമായ ഹിമകണങ്ങളിലൂടെ വലുതായി (മാഗ്നിഫൈ) കാണുന്നതിനാലാണ് ക്രിക്കറ്റ് ബാളിന്റെ വശങ്ങളിലെ വരകൾ പോലെ തോന്നിക്കുന്നത്. കൗതുകത്തിനു വേണ്ടിയാണ് ഇതെടുത്തതെങ്കിലും സയൻസ് ആൻഡ് ടെക്നോളജിവിഭാഗത്തിന്റേതുൾപ്പെടെ മൂന്നു സമ്മാനങ്ങൾ ഇതിനു ലഭിച്ചിട്ടുണ്ട്.