തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം പ്രളയം സംഭവിക്കാൻ കാരണമായ കാലാവസ്ഥാ ഘടകങ്ങൾ വീണ്ടും രൂപപ്പെടുന്നതായി റിപ്പോർട്ട്. കാലവർഷം രൂക്ഷമായതോടെയാണ് ഈ അവസ്ഥയിലേക്ക് വീണ്ടും കേരളം നീങ്ങുന്നതെന്നാണ് കാലാവസ്ഥ വകുപ്പിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രാദേശികമായ വെള്ളപ്പൊക്കങ്ങൾക്ക് മാത്രമാണ് ഇത്തവണ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഈ മാസം 23 മുതൽ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നുണ്ട്.
ആദ്യം സംസ്ഥാനത്ത് മഴ ദുർബലമായിരുന്നുവെങ്കിലും അറബികടലിൽ നിന്നുമുള്ള കാറ്റ് സംസ്ഥാനത്തിന് കുറുകെ വീശി തുടങ്ങിയതോടെയാണ് മഴ ശക്തി പ്രാപിക്കുന്നത്. ഇതിനുപുറമെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും കാലാവർഷത്തിന് ആക്കം കൂട്ടി. കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും എത്തുന്ന കാറ്റുകൾ സംയോജിച്ചുകൊണ്ടുള്ള മഴയ്‌ക്കാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
ഇന്നും സംസ്ഥാനത്ത് കടുത്ത മഴയാണ് ഉണ്ടാകുക എന്ന് കാലാവസ്ഥ വകുപ്പ് പറയുന്നുണ്ട്.
ഇതിനെ തുടർന്ന് കാസർകോട്ടും, ഇടുക്കിയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശവും നിലവിലുണ്ട്. കോട്ടയം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിൽ 22ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോഡ് ജില്ലയിലും നാളെ ഓറഞ്ച് അലെർട്ട് ആണ്. ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിലേക്ക് ഇറങ്ങരുതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.