ന്യൂഡൽഹി: ജമ്മു കാശ്‌മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ അഞ്ചാം ഉപദേശകനായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഫാറൂഖ് അഹമ്മദ് ഖാനെ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിനോടകം തന്നെ തീവ്രവാദ ഭീഷണി നേരിടുന്ന കാശ്‌മീരിൽ കേന്ദ്രസർക്കാരിന്റെ നീക്കം അസാധാരണമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കാശ്‌മീരിലെ സമാധാന ശ്രമങ്ങൾ തള്ളുന്ന വിഘടനവാദികൾക്കും ഭീകരർക്കും ശക്തമായ സന്ദേശമെന്നോണമാണ് കേന്ദ്രസർക്കാർ ഈ മാസം 13ന് ഫാറൂഖിനെ നിയമിച്ചത്. 2014ൽ പൊലീസിൽ നിന്നും ഐ.ജി റാങ്കിൽ വിരമിച്ച ഫാറൂഖ് പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.
ബന്ധം തലമുറകളുടേത്
ബി.ജെ.പിയുമായി പരമ്പരാഗതമായി ബന്ധമുള്ളയാളാണ് ഫാറൂഖ്. ഇദ്ദേഹത്തിന്റെ മുത്തച്ഛൻ കേണൽ പീർ മുഹമ്മദ് ബി.ജെ.പിയുടെ ആദ്യകാല രൂപമായ ജനസംഘത്തിന്റെ കാശ്‌മീരിലെ ആദ്യ പ്രസിഡന്റാണ്. പാർട്ടിൽ ചേർന്നതിന് പിന്നാലെ ഫാറൂഖിന് ന്യൂനപക്ഷ മോർച്ചയുടെ ദേശീയ ചുമതലയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക ചുമതലയുള്ള ദേശീയ സെക്രട്ടറി എന്ന പദവിയും നൽകിയിരുന്നു. തുടർന്ന് 2016ൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവായി നിയമിച്ചെങ്കിലും രണ്ടാം മോദി സർക്കാരിന് കീഴിൽ ആഭ്യന്തര മന്ത്രിയായി അമിത് ഷാ നിയമിച്ചതിന് പിന്നാലെ അദ്ദേഹത്തെ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. ഇത് കാശ്‌മീരിൽ ബി.ജെ.പി തങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ വേണ്ടിയാണെന്നാണ് വിലയിരുത്തൽ. ഇതിന് വേണ്ടിയാണ് ഡൽഹിയിലെ ഉദ്യോഗസ്‍ഥർ പോലും അറിയാതെ ജൂലായ് 13 രണ്ടാം ശനി ദിവസം ഫാറൂഖിന്റെ നിയമന ഉത്തരവ് പുറത്തിറക്കിയത്. മൂന്നാം ദിവസം തന്നെ അദ്ദേഹം ചുമതലയേൽക്കുകയും ചെയ്‌തു.
പൊലീസ് സുരക്ഷ പിൻവലിക്കാൻ ഉത്തരവിട്ട് ഫാറൂഖ്
അതിനിടെ ഗവർണറുടെ ഉപദേശകനായി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്ത് സഞ്ചരിക്കുമ്പോൾ തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്ന നിലപാടുമായി ഫാറൂഖ് രംഗത്തെത്തി. 90കളിൽ കാശ്‌മീരിലെ ഭീകരരുടെ നട്ടൊല്ലൊടിച്ച ഫാറൂഖിന് സംസ്ഥാന സർക്കാർ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തനിക്ക് കനത്ത സുരക്ഷ ആവശ്യമില്ലെന്നും സഞ്ചരിക്കാൻ സാധാരണ വാഹനം മതിയെന്നുമാണ് ഫാറൂഖിന്റെ നിലപാട്. ജനങ്ങളുമായി കൂടുതൽ ഇടപെടുന്നതിന് വേണ്ടിയാണ് ഇതെന്നും അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി ദിൽബാഗ് സിംഗിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
ഉപദേശകരിൽ വീരപ്പനെ കൊന്ന മലയാളിയും
കാട്ടുകള്ളൻ വീരപ്പനെ വധിച്ച ഓപ്പറേഷന് നേതൃത്വം നൽകിയ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനും ജമ്മുകാശ്മീർ ഗവർണറുടെ ഉപദേശകന്റെ റോളിലുണ്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയും വിരമിച്ച ഐ.പി.എസ് ഉദ്യോസ്ഥനുമായ കെ.വിജയകുമാറാണ് ഇത്. സി.ആർ.പി.എഫ് മേധാവിയായിരുന്ന വിജയകുമാർ 2012 സർവീസിൽ നിന്ന് വിരമിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് വിജയകുമാറിനെ ഗവർണറുടെ ഉപദേശകനായി നിയമിച്ചത്. 1975 ബാച്ചിലെ തമിഴ്‌നാട് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാർ, 1998 - 2001 കാലയളവിൽ ബി.എസ്.എഫ് ഐ.ജിയായും പ്രവർത്തിച്ചു. വീരപ്പനെ പിടികൂടാൻ തമിഴ്‌നാട് സർക്കാർ രൂപം നൽകിയ ഓപ്പറേഷൻ കൊക്കൂൺ 2004 ഒക്ടോബർ 18ന് വീരപ്പനെ വധിച്ചതോടെയാണ് അവസാനിച്ചത്.