kollam

കൊല്ലം: നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കോസ്റ്റ്ഗാർഡിന് പുറമെ നാവികസേനയുമെത്തിയിരുന്നു. രാവിലെ പത്ത് മണിയോടെ കൊച്ചിയിൽ നിന്ന് കോസ്റ്റ്ഗാർഡിന്റെ ഡോണിയർ വിമാനമാണ് ആദ്യമെത്തിയത്.

നീണ്ടകര, തങ്കശേരി, ഇരവിപുരം, വർക്കല ഭാഗത്തെ കടലിൽ തിരച്ചിൽ നടത്തിയ ശേഷം ഉച്ചയോടെ മടങ്ങിപ്പോയി. അപ്പോഴേക്കും കൊച്ചിയിൽ നിന്ന് നാവികസേനയുടെ ഹെലികോപ്ടർ എത്തി. വൈകിട്ട് അഞ്ചുവരെ തിിരച്ചിൽ നടത്തിയ ശേഷമാണ് ഹെലികോപ്ടർ മടങ്ങിയത്. വിഴിഞ്ഞത്ത് നിന്നും എത്തിയ കോസ്റ്റ്ഗാർഡിന്റെ കപ്പലും ഇന്നലെ തീരമേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. മറൈൻ എൻഫോഴ്സ്‌മെന്റിന്റെ രണ്ട് ബോട്ടുകളും അവർ ഏർപ്പെടുത്തിയ അഞ്ച് മത്സ്യതൊഴിലാളി വള്ളങ്ങളും ഇന്നലെ വെളിച്ചം മങ്ങും വരെ കടലിലുണ്ടായിരുന്നു. വെള്ളിയാഴ്‌ച രാവിലെ നീണ്ടകര തുറമുഖത്ത് നിന്ന് ഒന്നര നോട്ടിക്കൽ മൈൽ ദൂരത്താണ് കടലിൽ വള്ളം മറിഞ്ഞത്.

തമിഴ്‌നാട് കൊല്ലങ്കോട് നീരോടി സ്വദേശികളായ സ്‌റ്റാലിൻ, നിക്കോളാസ്, രാജു, ജോൺ ബോസ്‌ക്കോ, സഹായ രാജു എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. സ്‌റ്റാലിൻ (45), നിക്കോളാസ് (40) എന്നിവർ 12 കിലോമീറ്റർ നീന്തി വൈകിട്ട് മൂന്നരയോടെ ഇരവിപുരം കാക്കത്തോപ്പ് കളീക്കൽ തീരത്ത് എത്തിയിരുന്നു. രാജു, ജോൺ ബോസ്‌ക്കോ, സഹായ രാജു എന്നിവർ രക്ഷപ്പെട്ടവർക്കൊപ്പം തീരത്തിന് അടുത്തുവരെ നീന്തിയെത്തിയെങ്കിലും ശക്തമായ തിരയിൽ കാണാതാവുകയായിരുന്നു. സ്‌റ്റാലിന്റെ ഉടമസ്ഥതയിലുള്ള വള്ളം തകർന്ന നിലയിൽ മരുത്തടി ഭാഗത്ത് കരയ്‌ക്കടിഞ്ഞിരുന്നു.