ഹൊശിയാർപൂർ: തിരഞ്ഞെടുപ്പ് സംബന്ധിച്ച് വോട്ടർമാരെ ബോധവൽക്കരിക്കാനുള്ള പോസ്റ്ററിൽ 2012ലെ വിവാദമായ നിർഭയ പീഡന കേസ് പ്രതിയുടെ ചിത്രം. പഞ്ചാബിലെ ഹൊശിയാർപൂരിലാണ് സംഭവം നടന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് ഈ പോസ്റ്റർ പതിപ്പിച്ച ബോർഡ് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർ ഈ ബോർഡ് നീക്കം ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ആരാണ് ബോർഡ് അവിടെ സ്ഥാപിച്ചതെന്ന് കണ്ടുപിടിക്കുമെന്നും ഹൊശിയാർപൂർ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ഇഷാ കാലിയ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒാഫീസിലെ നിരവധി ഉദ്യോഗസ്ഥരും സന്ദർശകരും ഈ ബോർഡ് വച്ച വഴി കടന്ന് പോയിരുന്നുവെങ്കിലും ഇക്കാര്യം ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഇതുവഴി പോയ സൊരവ്ദീപ് സിംഗ് എന്ന ഒരാളാണ് ഒടുവിൽ ഇ തെറ്റ് ചൂണ്ടിക്കാട്ടിയത്. മാസങ്ങളായി ബോർഡ് അവിടെതന്നെ ഉണ്ടായിരുന്നു.
കേസിലെ പ്രതി ആയിരുന്ന മുകേഷ് സിംഗിന്റെ ചിത്രമാണ് പോസ്റ്ററിൽ പതിച്ചിരിക്കുന്നത്. ഇയാളെയും മറ്റു പ്രതികളെയും തൂക്കി കൊല്ലാനുള്ള വിധി ഡൽഹി ഹൈകോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. പലതവണ പ്രതികൾ നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. തടവിലിരിക്കുമ്പോൾ പോലും പെൺകുട്ടിക്കെതിരെ 'ഇന്ത്യയുടെ മകൾ' എന്ന ഡോക്യൂമെന്ററിയിലൂടെ മോശമായ പ്രസ്താവന മുകേഷ് നടത്തിയത് വിവാദമായിരുന്നു. ഈ ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ചിരുന്നു.