rajnath-singh

ന്യൂഡൽഹി: കാശ്മീരിൽ നിന്നും തീവ്രവാദം ഉടൻ തന്നെ തുടച്ച് നീക്കുമെന്നും കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ തടസം സൃഷ്ടിക്കാൻ ഒരു ശക്തിക്കും ആവില്ലെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. കാശ്മീരിനെ ഇന്ത്യയുടെ പറുദീസയാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും, അവിടം വിനോദ സഞ്ചാര മേഖലയാക്കി മാറ്റുമെന്നും രാജ്നാഥ്‌ സിംഗ് അറിയിച്ചു. കാർഗിൽ യുദ്ധത്തിന്റെ ഓർമദിവസം കാശ്മീരിലെ യുദ്ധസ്മാരകം സന്ദർശിക്കാനായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

'അധികം താമസിയാതെ കാശ്മീർ തീവ്രവാദ മുക്തമാക്കും. അന്താരാഷ്ട്ര ജനത അതിനായി കൈകോർക്കുയാണ്.' കത്വയിലെ ഉജ്ജ് പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്‌നാഥ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 'കാശ്മീർ പ്രശ്‌നം എന്തായാലും പരിഹരിച്ചിരിക്കും. ഒരു ശക്തിയെക്കൊണ്ടും അതിന് തടസം നിൽക്കാനാകില്ല.' കേന്ദ്ര പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികളെ പോലും 'ആസാദി' മുദ്രാവാക്യങ്ങൾ വിളിക്കാൻ പ്രേരിപ്പിക്കുകയാണെന്ന് പാകിസ്ഥാനെ സൂചിപ്പിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. കാശ്മീരിലെ വിഘടനവാദി നേതാക്കൾ കുട്ടികളെ കൊണ്ട് സേനയ്ക്ക് നേരെ കല്ലെറിയിക്കുകയാണെന്നും എന്നാൽ സ്വന്തം മക്കളെ അവർ വിദേശ രാജ്യങ്ങളിൽ പഠിപ്പിക്കാൻ വിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കാശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ സൈന്യത്തെ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.