ചെന്നെെ: രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം പാർട്ടിയെ സജീവമാക്കാനൊരുങ്ങി നടൻ കമൽഹാസൻ. ഇതിനായി തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറുമായി കരാർ ഒപ്പിട്ടു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി പാർട്ടിയെ സജീവമാക്കാൻ പ്രശാന്ത് കിഷോറിന്റെ ടീമിൽപെട്ട അറുപത് പേർ ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങിയെന്ന് കമൽഹാസന്റെ രാഷ്ട്രീയ ഉപദേശകൻ കൃഷ്ണ ഗിരി പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ചുശതമാനം വോട്ടുനേടിയ കമൽഹാസന്റെ പാർട്ടി നഗരങ്ങളിൽ ഒതുങ്ങുകയാണുണ്ടായത്. ഇതോടെയാണ് പുതിയ പ്രചാരണ തന്ത്രങ്ങൾ ഒരുക്കാൻ കലൽഹാസൻ തീരുമാനിച്ചത്. ഗ്രാമീണ മേഖലകളിലെ സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചു പ്രശാന്ത് കിഷോർ മിഷൻ 2021യെന്ന പേരിൽ പദ്ധതി തയാറാക്കികഴിഞ്ഞു. അറുന്നൂറ് പേരുള്ള ടീമാണ് മക്കൾ നീതി മയ്യത്തിനായി ഐപാക്ക് ഒരുക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13 നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി മൂന്നാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗമോഹൻ റെഡിവരെയുള്ളവരെ അധികാരത്തിലേറ്റിയ പ്രശാന്ത് കിഷോറിനെയും അദ്ദേഹത്തിന്റെ സംഘടനയായ ഐപാക്കിനെയുമാണ് പ്രചാരണം ഏൽപിച്ചിരിക്കുന്നത്.