iran-america

ദുബായ്: ഹോർമൂസ് കടലിടുക്കിൽ വെള്ളിയാഴ്‌ച അർദ്ധരാത്രി ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ 23 ജീവനക്കാരിൽ മലയാളികളും ഉണ്ടെന്ന് സ്ഥിരീകരണം. കപ്പലിലെ 18 ജീവനക്കാർ ഇന്ത്യാക്കാരാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരിൽ മൂന്ന് പേർ മലയാളികൾ ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. ഇവരുടെ മോചനത്തിനായി അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

എറണാകുളം സ്വദേശികളായ മൂന്ന് പേരാണ് സൗദി അറേബ്യയിലേക്ക് പോയ സ്റ്റെനാ ഇംപേരോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ളതെന്നാണ് വിവരം. എറണാകുളം കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ കപ്പലിൽ ഉണ്ടെന്ന് ബന്ധുക്കളെ കപ്പൽ ഉടമകൾ അറിയിച്ചിട്ടിട്ടുണ്ട്. മറ്റ് രണ്ട് പേർ തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളാണെന്നാണ് വിവരം. ഇതിൽ പള്ളുരുത്തി സ്വദേശിയായ യുവാവാണ് കപ്പലിലെ ക്യാപ്‌ടനെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇറാനിൽ നിന്നും വിദേശകാര്യ വകുപ്പിന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പ്രതികരിച്ചു. പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത് വരെ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ഇറാനുമായും കപ്പൽ കമ്പനികളുമായും കൂടുതൽ ആശയവിനിമയം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

IRGC releases a video of the moment that their forces seized #British #tanker #StenaImpero in #StraitOfHormuz. #Iran #IRGC #UnitedKingdom pic.twitter.com/29Q11mgzFP

— Press TV (@PressTV) July 20, 2019


അതേസമയം, തങ്ങളുടെ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു എന്നാരോപിച്ച് ഇറാൻ സൈന്യമായ റവലൂഷണറി ഗാർഡ് സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക്കിന്റെ കപ്പൽ പിടിച്ചെടുക്കുന്ന വീഡിയോ ഇറാൻ പുറത്തുവിട്ടു. ഹെലിക്കോപ്‌ടറിലെത്തി കപ്പലിൽ ഇറങ്ങുന്ന വീഡിയോയാണ് ഇവർ പുറത്തുവിട്ടിരിക്കുന്നത്. ഫിഷിംഗ് ബോട്ടിന്റെ അപായ സന്ദേശം അവഗണിച്ച് അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങൾ ലംഘിച്ചതിനാണ് കപ്പൽ പിടിച്ചെടുത്തതെന്ന് റവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇറാന്റെ ഫിഷിംഗ് ബോട്ടിൽ ബ്രിട്ടീഷ് കപ്പൽ ഇടിച്ചെന്നും തുടർന്ന് നേവിയുടെ കപ്പലും ഹെലികോപ്റ്ററും എത്തി കപ്പൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും ഇറാൻ വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്‌തു. കപ്പൽ ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തേക്ക് കൊണ്ടു പോയതായും അന്വേഷണം കഴിയുന്നതു വരെ കപ്പലും ജീവനക്കാരും അവിടെ തുടരുമെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ ഇറാന്റെ നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ രംഗത്തെത്തി.ഇറാനിൽ നിന്നും കപ്പലിനെ മോചിപ്പിക്കാൻ വേണ്ടത് ചെയ്യുമെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ഇറാൻ അപകടകരമായ വഴിയിലാണെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജറമി ഹണ്ട് മുന്നറിയിപ്പ് നൽകി. സൈനിക നടപടിയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട സ്ഥിതി ഉണ്ടാവരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫ്രാൻസും ജർമ്മനിയും ഇറാനെ അപലപിച്ചു. സംഘർഷം വർദ്ധിക്കുന്നത് ആപത്കരമാണെന്ന് ജർമ്മനി മുന്നറിയിപ്പ് നൽകി. ബ്രിട്ടനുമായി പ്രശ്നം ചർച്ച ചെയ്യുമെന്ന് യു. എസ് പ്രസിഡന്റ് ട്രംപും പറഞ്ഞു. അതിനിടെ സൗദിയിലേക്ക് അമേരിക്ക കൂടുതൽ സൈന്യത്തെ എത്തിക്കുമെന്ന് അറിയിച്ചത് മേഖലയെ കൂടുതൽ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഇന്നലെ അഞ്ഞൂറ് യു.എസ് സൈനികർ സൗദിയിലെത്തിയിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ സൈന്യം ഇവിടേക്കെത്തുമെന്നാണ് വിവരം.