diamond

തിരുപ്പതി: കൃഷി ആവശ്യത്തിനായി പാടത്ത് കിളച്ച കർഷകന് ലഭിച്ചത് അറുപത് ലക്ഷം രൂപയുടെ വജ്രക്കല്ല്. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം. വജ്രം ലഭിച്ചയുടൻ കർഷകൻ ഇത് അല്ല ഭക്ഷ് എന്ന വജ്രവ്യാപാരിക്ക് 13.5 ലക്ഷം രൂപയ്ക്ക് വിറ്റു. വാർത്ത വളരെപ്പെട്ടെന്നെന്ന് തന്നെ പരന്നെങ്കിലും പൊലീസ് സംഭവം അറിഞ്ഞത് ഏറെ വൈകിയാണ്. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഈ മാസം രണ്ടാംതവണയാണ് ജില്ലയിൽ നിന്ന് വജ്രം ലഭിക്കുന്നത്. ജൂലായ് 12ാം തീയതി ജൊന്നാഗിരി ഗ്രാമത്തിലെ ഒരു ആട്ടിടയന് വജ്രക്കല്ല് ലഭിച്ചിരുന്നു. അരക്കോടി വിലമതിക്കുന്ന കല്ല് അന്ന് 20 ലക്ഷം രൂപയ്ക്കാണ് ആട്ടിടയൻ വിറ്റത്. മൺസൂൺ കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വജ്രത്തിനായി തിരച്ചിൽ നടത്താറുണ്ട്.

തമിഴ്നാട്,കർണ്ണാടക പോലുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരെ ആളുകൾ വജ്രത്തിനായി ഇവിടെ എത്തി,താൽക്കാലികമായി താമസിച്ച് തിരച്ചിൽ നടത്താറുണ്ട്. ശരവണ സിംഹ സ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് വജ്രക്കല്ലുകൾ മുമ്പ് പലതവണ ലഭിച്ചിട്ടുള്ളതായി റിപ്പോർട്ടുണ്ട്.വി ജയനഗര സാമ്രാജ്യത്തിന്റെ തലവനായിരുന്ന ശ്രീ കൃഷ്ണദേവരായരും മന്ത്രിമാരും ഭൂമിക്കടിയിൽ നിധി കുഴിച്ചുവച്ചിട്ടുണ്ടെന്ന വിശ്വാസം നിലവിലുണ്ട്.