ems-remya-haridas

തിരുവനന്തപുരം: ആലത്തൂർ എം.പി രമ്യാ ഹരിദാസിന് 14 ലക്ഷം വിലയുള്ള മഹീന്ദ്ര മരാസോ കാറു വാങ്ങാൻ യൂത്ത് കോൺഗ്രസ് പണപ്പിരിവ് നടത്തിയതിൽ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ വിമർശിച്ചവർക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബൽറാം എം.എൽ.എ.

"സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാൽ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാൻ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്"- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്. അവൾക്ക് രണ്ടു വോയിൽ സാരി കൊടുക്കുക. അൽപ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കടം തീർത്തു കൊള്ളാം" എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാൽ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാൻ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്.

എന്നാൽ, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാർലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെൺകുട്ടിക്ക് സ്വന്തം സഹപ്രവർത്തകർ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താൽ അത് ആർത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ. മഹാനായ അംബേദ്കർ "എ ബഞ്ച് ഓഫ് ബ്രാഹ്മിൺ ബോയ്സ്" എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ.