നമ്മുടെ നാട്ടിലെ സർക്കാർ സ്കൂളിൽ പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് പൊതുവിദ്യാഭ്യാസരംഗത്തെ ഒന്നടങ്കം പുച്ഛിച്ച് തള്ളുന്നവർക്കുള്ള മികച്ച ഉത്തരമാണ് തിരുവനന്തപുരത്തുകാരി തേജസ്വിനി.ചിറയിൻകീഴ് എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് ഫാഷന്റെയും കലയുടെയും സാഹിത്യത്തിന്റെയുമൊക്കെ ഈറ്റില്ലമായ പാരീസിലേക്ക് പറന്നുയരാൻ ഒരുങ്ങുന്ന കൊച്ചുമിടുക്കി.സർക്കാർ സ്കൂളിലെ മലയാളം മീഡിയം തന്ന അടിത്തറയിൽ നിവർന്നു നിന്നാണ് പാരീസ് സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോ സയൻസിൽ പിഎച്ച്.ഡി ചെയ്യാനുള്ള ഫെലോഷിപ്പ് ഈ ഇരുപത്തിമൂന്നുകാരി കൈപ്പിടിയിലൊതുക്കിയത്.
ചിറയിൻകീഴ് ശാർക്കര ഭാസുരത്തിൽ ബി.സുശോഭനന്റെയും ലാലിശ്യാമിന്റെയും രണ്ട് മക്കളിൽ ഇളയവളായിട്ടാണ് തേജസ്വിനിയുടെ ജനനം.സുശോഭനൻ റെയിൽവേയിൽ സ്റ്റേഷൻമാസ്റ്ററായിരുന്നതിനാൽ തന്നെ അടിക്കടി സ്ഥലമാറ്റം തേടിയെത്തിക്കൊണ്ടേയിരുന്നു. എന്നാൽ വീട്ടമ്മയായ ലാലി മക്കൾക്കൊപ്പം നാട്ടിൽ തന്നെ തുടർന്നു.
വീടിന് സമീപത്തെ അംഗൻവാടിയിൽ നിന്നാണ് തേജസ്വിനിയും ചേട്ടൻ അഭിമന്യുവും ആദ്യക്ഷരം നുകർന്നത്. കുട്ടികളുടെ സ്കൂൾ പഠനം എവിടെയാകണമെന്നതിൽ സുശോഭന് കൃത്യമായ ധാരണയുണ്ടായിരുന്നു. വീടിനടുത്തുള്ള ചിറയിൻകീഴ് സർക്കാർ യു.പി. എസിൽ ഒന്നാം ക്ലാസിൽ ചേർത്തു ഇരുവരെയും. പഠനത്തിൽ അത്ര വലിയ മിടുക്കിയൊന്നും ആയിരുന്നില്ല താനെന്ന് തേജസ്വിനി പറയുന്നു.
എന്നാൽ കലാരംഗത്ത് മികവ് പുലർത്തിയിരുന്നുതാനും.ഭരതനാട്യവും കുച്ചുപ്പുടിയും നാടകവുമൊക്കെയായി യു.പി സ്കൂൾ കാലം മിടുമിടുക്കിയായി താണ്ടി.എട്ടാം ക്ലാസിൽ ചിറയിൻകീഴിലെ മറ്റൊരു സർക്കാർ സ്കൂളായ എസ്.എസ്.വി ഗേൾസ് ഹയർ സെക്കൻഡറിയിലേക്ക് മാറി.പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടി വിജയം.കണക്കിനും പത്താം ക്ലാസിൽ മാത്രം ഇംഗ്ലീഷിനും ടൂഷന് പോയെന്നത് ഒഴിച്ചാൽ പഠനമെല്ലാം ഒറ്റയ്ക്കായിരുന്നുവെന്ന് തേജസ്വിനി പറയുന്നു.
പ്ലസ് ടു സയൻസിൽ ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തുടർ പഠനം.അപ്പോഴും കലാപ്രവർത്തനങ്ങൾ തുടർന്നു. മികച്ച മാർക്കോടെ പ്ലസടു പാസായതോടെ ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂേക്കഷൻ ആൻഡ് റിസർച്ച് ) എന്ന മോഹം പതിനേഴുകാരിയിൽ മുളപൊട്ടി. പ്ലസ് ടുവിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഐസറിലേക്ക് നടന്ന പ്രവേശനപരീക്ഷയിലും തേജസ്വിനി വിജയം കണ്ടു.
ബോണക്കാട് ഐസറിൽ ബി.എസ്.എം.എസിലാണ് (ഇന്റഗ്രേറ്റഡ് ബി.എസ് സി ആൻഡ് എം.എസ് സി) പ്രവേശനം നേടി.ക്ലാസിലെ 130 കുട്ടികളിൽ പകുതിപ്പേരും വടക്കേ ഇന്ത്യക്കാരായിരുന്നു. പഠിപ്പിക്കുന്നതും പ്രസന്റേഷനുമടക്കം എല്ലാം ഇംഗ്ലീഷിൽ. നന്നായി എഴുതാനും വായിക്കാനും അറിയാമായിരുന്നുവെങ്കിലും ആദ്യമൊക്കെ പത്ത് വാചകം ഇംഗ്ലീഷിൽ പറയാൻ ആവശ്യപ്പെട്ടാൽ പേടിയായിരുന്നുവെന്ന് തേജസ്വിനി പറയുന്നു. എന്നാൽ എല്ലാ പതുക്കെ പതുക്കെ മാറി. ക്ലാസിലെ മിടുക്കരുടെ പട്ടികയിലേക്ക് തേജസ്വിനിയും ഉയർന്നു.
പാരീസ് എന്ന സ്വപ്നംഐസറിലെ പൂർവവിദ്യാർത്ഥിയും പാരീസ് സർവകലാശാലയിലെ വിദ്യാർത്ഥിയുമായ ഒരാൾ വഴിയാണ് പാരീസെന്ന സ്വപ്നത്തിൽ തേജസ്വിനി എത്തിയത്. സർവകലാശാലയിലെ ഫ്രഞ്ച് അദ്ധ്യാപകന്റെ മെയിൽ ഐഡി തപ്പിപ്പിടിച്ച് തന്റെ ആഗ്രഹം അറിയിച്ചു. റിസർച്ച് ചെയ്യണമെങ്കിൽ ആദ്യമൊരു അഭിമുഖം ആവശ്യമാണെന്ന് അറിയിപ്പ് കിട്ടി.
ഓൺലൈൻ വഴിയുള്ള അഭിമുഖം വിജയിച്ചതോടെ പാരീസിലെത്തി മറ്റൊരു അഭിമുഖത്തിൽ കൂടി പങ്കെടുക്കണമെന്ന് അറിയിപ്പ് കിട്ടി.അതിനനുസരിച്ച് ഒരുമാസം മുമ്പ് പാരിസീലെത്തി. മാസം ഒന്നരലക്ഷം രൂപം ഫെലോഷിപ്പോടെ പാരീസ് സർവകലാശാലയിൽ സെന്റർ ഫോർ ന്യൂറോ സയൻസിൽ പിഎച്ച്.ഡി ചെയ്യാനുള്ള അനുമതിയുമായി തിരികെ നാട്ടിലേക്ക്.
ലോകത്തിൽത്തന്നെ ഒൻപതുപേർക്കാണ് ഇത്തവണ ഫെലോഷിപ്പ് ലഭിച്ചത്. അതിലൊരാൾ നമ്മുടെ സർക്കാർ സ്കൂളുകാരിയും.നേട്ടം കൈപിടിയിലൊതുക്കിയതോടെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അടക്കമുള്ളവരുടെ അഭിനന്ദന പ്രവാഹങ്ങൾ തേജസ്വിനിയെ തേടിയെത്തി. മകളുടെ നേട്ടത്തിൽ അമ്പരന്ന് നിൽക്കുകയാണ് മാതാപിതാക്കളും.