മുറ്റം തീരെയില്ലാത്ത വില്ലകളിലും ആകാശംമുട്ടെ നിൽക്കുന്ന ഫ്ളാറ്റുകളിലും താമസിക്കുന്നവർക്ക് ചെടികൾ നട്ടുവളർത്താൻ കഴിയാത്തതിന്റെ സങ്കടം ഇനി വേണ്ട. സ്വീകരണമുറിയും ബഡ് റൂമും ആരാമമാക്കാമെന്നാണ് കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ഗവേഷക വിദ്യാർത്ഥി എസ്. അനുഷ പറയുന്നത്. ചെടികളെ സംരക്ഷിക്കുകയും ചെയ്യാം, പരിസ്ഥിതിക്ക് ദോഷമാകുന്ന കുപ്പികൾ പ്രയോജനപ്പെടുത്തുകയും ചെയ്യാം. വിദേശരാജ്യങ്ങളിൽ പ്രചാരത്തിലായിക്കഴിഞ്ഞ 'ബോട്ടിൽ ടെറാറിയം" വിദ്യയാണ് അനുഷയും പിന്തുടരുന്നത്.
വാവട്ടം കുറഞ്ഞ ചില്ലു കുപ്പിക്കുള്ളിൽ ചെടികളെ വളർത്തുന്ന രീതിയാണ് 'ബോട്ടിൽ ടെറാറിയം".വലിച്ചെറിയുന്ന മദ്യക്കുപ്പികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. മണ്ണ്, ചകിരിച്ചോറ്, ചെറിയ പാറക്കഷ്ണങ്ങൾ, കരി എന്നിവ ഉപയോഗിച്ച് കുപ്പികളിൽ ആദ്യം പ്രതലം ഒരുക്കണം. ഓരോ ചെടിയ്ക്കും അനുയോജ്യമായിരിക്കണം പ്രതലം. പന്നൽ ചെടികൾ, ബ്രയോഫൈറ്റ, മോസ്സ്, ടർട്ടിൽ വെയിൻ തുടങ്ങിയ ചെടികളാണ് അനുയോജ്യം. അധികം സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടികളായതിനാൽ വീടിനകവും കുപ്പിച്ചെടികളാൽ അലങ്കരിക്കാം.
ചെടികൾ ആദ്യം പുറത്തുവച്ച് വേര് പിടിപ്പിക്കും. വേരിറങ്ങിയ ചെടികളെ നീളംകൂടിയ ചവണ ഉപയോഗിച്ച് കുപ്പിയ്ക്കുള്ളിലെ പ്രതലത്തിൽ ഉറപ്പിക്കും. ഒരു കുപ്പിയിൽ ഒന്നിലേറെ ഇനം ചെടികളെ വളർത്താം. വാവട്ടം കൂടിയ കുപ്പിയും ഉപയോഗിക്കാം.
ആറു മാസം മുമ്പ് ഒരു രസത്തിനായിരുന്നു തുടക്കം. കാര്യവട്ടം കാമ്പസിലെ സെമിനാറിൽ പ്രദർശിപ്പിച്ചതോടെ ഹിറ്റായി. കഴിഞ്ഞ ദിവസം കൊല്ലം ഫാത്തിമമാത കോളേജിൽ ലോക പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇമയ്സിംഗ് ക്ലിക്ക് എന്ന പ്രദർശനത്തിൽ അനുഷയുടെ കുപ്പിച്ചെടികൾ ശ്രദ്ധനേടി. ആവശ്യക്കാരും നിരവധിയാണ്.ഗവേഷണത്തിനൊപ്പം കുപ്പിച്ചെടികളുടെ കച്ചവടവും നടത്താനുള്ള തയ്യാറെടുപ്പിലാണ് അനുഷ.ഇത് ആർക്കും ചെയ്യാമെന്നാണ് ബോട്ടണിയിൽ ഗവേഷണം നടത്തുന്ന അനുഷ പറയുന്നത്. നെടുമങ്ങാട് അനുഷ മൻസിലിൽ അമീർഖാൻ- സെയ്ഫുന്നിസ ദമ്പതികളുടെ മകളാണ്.