alencier

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളിൽ തന്റെ പെരുമാറ്റം കൈവിട്ടു പോകാറുണ്ടെന്ന് നടൻ അലൻസിയർ. തനിക്കെതിരെ ഉയർന്ന മീ ടൂ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ. ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും, നേരത്തെ തന്നെ അവരോട് താൻ ക്ഷമ ചോദിച്ചിട്ടുള്ളതാണെന്നും അലൻസിയർ പ്രതികരിച്ചു.

'എന്റെ പെരുമാറ്റം മോശമായി എന്നു തോന്നിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ഞാൻ അവരോട് മാപ്പു പറഞ്ഞ ആളാണ്. പരസ്യമായി മാപ്പു പറയണമെന്നും പറഞ്ഞപ്പോഴും, ഒരു തവണ പറഞ്ഞയാളാണ്. പിന്നെന്തിനാ മറച്ചു വയ്‌ക്കുന്നേ എന്നു വിചാരിച്ചു. വളരെ സത്യസന്ധമായി തന്നെയാണ് മാപ്പ് പറഞ്ഞത്. ആ കുട്ടിക്ക് ഫീൽ ചെയ്‌തതു പോലെ ഒന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. ചില നേരങ്ങളിൽ എന്റെ വർത്തമാനവും സൗഹാർദ്ദവും കൈവിട്ടു പോകാറുണ്ട്. അത് ആണുങ്ങളോടായാലും, പെണ്ണുങ്ങളോടായാലും. അങ്ങനെ ഒരു പെരുമാറ്റം എന്നിൽ നിന്നുണ്ടായപ്പോൾ ഞാൻ അന്നുതന്നെ അവരോട് മാപ്പു പറഞ്ഞയാളാണ്.

മലയാളത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട മീ ടൂ എന്റെതാണ്. ഈ വാർത്ത കണ്ടപ്പോൾ എനിക്കാദ്യം ചിരിയാണ് വന്നത്. മലയാള സിനിമയിലെ പീഡകൻ എന്ന ഒന്നാം സ്ഥാനപ്പേര് ചാർത്തി കിട്ടിയ ഒരു സ്വഭാവ നടൻ. സത്യസന്ധമായി ആരെങ്കിലും എന്തെങ്കിലുമൊക്കെ തുറന്നു പറയാനുള്ള ആർജവം കാണിച്ചിരുന്നുവെങ്കിൽ....'- അലൻസിയർ പറഞ്ഞു നിറുത്തി.

വിവാദമുണ്ടായ ദിവസങ്ങളിൽ ബിജു മേനോൻ ചിത്രത്തിലായിരുന്നു താനെന്നും. സഹപ്രവർത്തകരിൽ നിന്നും തനിക്ക് ലഭിച്ച പിന്തുണ പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും അലൻസിയർ വ്യക്തമാക്കി.

മലയാള സിനിമാ രംഗത്തും കേരളീയ സമൂഹത്തിലും ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു അലൻസിയറിനെതിരായ മീടു വെളിപ്പെടുത്തൽ. യുവനടി ദിവ്യ ഗോപിനാഥാണ് അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് വിവിധ മേഖലകളിൽ നിന്ന് കടുത്ത വിമർശനം നേരിട്ട അലൻസിയർ ഒടുവിൽ ദിവ്യയോട് പരസ്യമായി ക്ഷമ ചോദിച്ച് രംഗത്തെത്തുകയായിരുന്നു.