തിരുവനന്തപുരം: കെ.എസ്.യു പ്രവർത്തകരെ അടിച്ചാൽ പൊലീസിനെ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി കെ.സുധാകരൻ എം.പി രംഗത്തെത്തി. യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷത്തിന്റെയും പരീക്ഷാ ക്രമക്കേടിന്റെയും പശ്ചാത്തലത്തിൽ പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന സമരത്തെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.
കെ.എസ്.യു പ്രവർത്തകരെ തിരഞ്ഞു പിടിച്ച് അടിക്കുകയാണ് ചില പൊലീസുകാർ ചെയ്യുന്നതെന്നും. ഭരണം മാറി വരുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണം മാറിയാലും ഇല്ലെങ്കിലും കെ.എസ്.യു പ്രവർത്തകരെ തൊട്ടാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും. കാക്കി ഇട്ടാൽ നിങ്ങൾ പൊലീസാണ്, കാക്കി ഊരിയാൽ വെറും മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ചുണക്കുട്ടികൾ കെ.എസ്.യുവിൽ ഉണ്ട്. അതിനുള്ള സാഹചര്യം പൊലീസ് ഉണ്ടാക്കരുതെന്നും സുധാകരൻ പറഞ്ഞു.
കെ.എസ്‍.യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും എവിടെ വച്ചും കൈകാര്യം ചെയ്യാൻ കെ.എസ്.യുവിന് സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് അക്രമിക്കാൻ പൊലീസ് തയാറാകരുതെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.