gulf-news

ദോഹ: വിമാനമാർഗ്ഗം യാത്ര ചെയ്യുമ്പോൾ സ്വന്തം പെട്ടി മാത്രം കൈവശം വച്ചാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. മറ്റുള്ളവരുടെ ബാഗുകളും പെട്ടികളും ഒപ്പം കൊണ്ടുവരുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിലുണ്ട്.

ബാഗിനുള്ളിൽ എന്താണെന്ന് അറിയാതെ മറ്റുള്ളവരെ സഹായിക്കാൻ നിൽക്കരുതെന്നാണ് അധികൃതർ പറയുന്നത്. ഇത്തരം ബാഗുകൾ ഒപ്പം കൊണ്ടുവരുമ്പോൾ അതിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ നിയമകുരുക്കിൽ അകപ്പെടാനും യാത്ര തടസപ്പെടാനും സാദ്ധ്യതയുള്ളതിനാലാണ് ഈ നിർദ്ദേശം.

വിമാനത്താവളങ്ങളിലെ പാസ്പ്പോർട്ട് വകുപ്പ് നടപടികൾ പിന്നെയും സുഗമമാക്കിയിട്ടുണ്ട്. എന്നാൽ ചെക്ക് ഇൻ ചെയ്യുമ്പോൾ സമയനഷ്ടം ഒഴിവാക്കാൻ പാസ്‌പ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടില്ലെന്നും വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പാസ്‌പ്പോർട്ടും ടിക്കറ്റുകളും കൈയിൽ തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അധികൃതർ ഓർമിപ്പിക്കുന്നുണ്ട്. അവധിക്കാലമായതിനാൽ നിരവധി പേർ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യമായതിനാലാണ് ഈ നിർദ്ദേശം.