ഇന്ന് അമേരിക്കൻ രാഷ്ട്രീയത്തിൽ മുഴങ്ങി കേൾക്കുന്ന രണ്ട് വാചകങ്ങളാണ് 'തിരിച്ചു പോകൂ, മടക്കി അയയ്ക്കൂ"എന്നത്. മടങ്ങിപ്പോകുക എന്നത് പ്രസിഡന്റ് ട്രംപിന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് അദ്ദേഹത്തെ വിമർശിച്ച നാല് വനിതാ ജനപ്രതിനിധികളോട് ട്രംപ് ആവശ്യപ്പെട്ടതാണ്. നാൽവർസംഘം എന്നറിയപ്പെടുന്ന റഷീദാ തലീബ്, അയന്നാ പ്രസിലി, അലക്സാൻഡ്രിയ, ഇൽഹാൻ ഒമർ എന്നീ ഇടതുപക്ഷ ചായ്വുള്ള ഡെമോക്രാറ്റുകളായ ന്യൂനപക്ഷ ജനപ്രതിനിധികളാണ് ഇവർ. ഇവർ നാലുപേരും വിവിധ രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരാണ്. ഇവരിൽ ഇൽഹാൻ ഒമർ ഒഴികെ ബാക്കിയെല്ലാവരും അമേരിക്കയിൽ ജനിച്ച് വളർന്നവരാണ്. ഒമർ ജനിച്ചത് സൊമാലിയയിലാണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ തീവ്രദേശീയനയങ്ങളെ വിമർശിച്ചതിന് 'നിങ്ങളിവിടെ സംതൃപ്തരല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു പോകൂ ' എന്ന വംശീയ വിഷമാണ് ട്രംപ് ചീറ്റിയത്.
ഈ പ്രസ്താവനകൾക്ക് ശേഷം നോർത്ത് കരോലിനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് ഇൽഹാൻ ഒമറിനെതിരെ ആഞ്ഞടിച്ചു. 'അമേരിക്കയോട് സ്നേഹമില്ലാത്ത ഇവർ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നവരും അൽക്വയ്ദയോട് ആഭിമുഖ്യമുള്ളവരുമാണെന്ന് ' ട്രംപ് ആരോപിക്കുന്നു. ഇത് കേട്ട ട്രംപിന്റെ കടുത്ത അനുയായികൾ - ചുവന്ന വസ്ത്രമണിഞ്ഞ മാഗാ ഫാൻസ് ( മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ ) ആർത്തലച്ച് വിളിച്ച് പറഞ്ഞതാണ് 'അവളെ മടക്കി അയയ്ക്കൂ എന്നത് . ' ഇത്രയും വംശീയ വിദ്വേഷം കലർന്ന ഒരു പ്രസ്താവന അടുത്ത കാലത്തൊന്നും അമേരിക്ക ഒരു പ്രസിഡന്റിൽ നിന്ന് കേട്ടിട്ടില്ല.
രണ്ട് ചേരിയായി അമേരിക്ക
ഈ വിഷയത്തിൽ രണ്ട് ചേരിയായാണ് അമേരിക്ക പ്രതികരിക്കുന്നത്. ട്രംപിന്റെ കടുത്ത ആരാധകർ വമ്പിച്ച പിന്തുണയാണ് അദ്ദേഹത്തിന് നൽകുന്നത്. വംശീയവിദ്വേഷം കലർന്ന മുദ്രാവാക്യങ്ങൾ ആയുധമാക്കി അവർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. റിപ്പബ്ളിക്കൻ പാർട്ടിയും പൊതുവെ ട്രംപിന് അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഡെമോക്രാറ്റിക് പാർട്ടി ഈ സമീപനത്തെ ശക്തമായി എതിർക്കുന്നെങ്കിലും പാർട്ടിയിലെ തന്നെ പലരും നിസംഗതയോടെയാണ് പ്രതികരിച്ചത്. പ്രചാരണവേളയിൽ , ഒമറിനെ തിരിച്ചയയ്ക്കണമെന്ന മുദ്രാവാക്യത്തെ പ്രോത്സാഹിപ്പിച്ച ട്രംപ് പിന്നീട് അതിൽ സന്തുഷ്ടനല്ല എന്ന് പറഞ്ഞു. അടുത്ത ദിവസം, മുദ്രാവാക്യം മുഴക്കിയവർ ദേശസ്നേഹികളാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. വിവിധ സർവേകൾ പ്രകാരം അമേരിക്ക രണ്ട് ചേരിയായാണ് ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.
എന്തുകൊണ്ട് രാജ്യം വിടണം
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പുറത്തുപോകണമെന്ന് ട്രംപ് പറയുന്നതിന്റെ പ്രധാനകാരണം അവർ അദ്ദേഹത്തിന്റെ തീവ്രദേശീയ നിലപാടുകളെ വിമർശിച്ചു എന്നതാണ്. ഇതിനായി അദ്ദേഹം നിരത്തുന്ന കാരണങ്ങൾ അവർ അമേരിക്കയെ സ്നേഹിക്കുന്നില്ല, അമേരിക്കക്കാരെ അവജ്ഞയോടെ കാണുന്നു, ഈ രാജ്യത്തെക്കുറിച്ച് നല്ലതൊന്നും പറയാൻ അവർക്കില്ല, അവർ രാജ്യത്തെ കീറിമുറിക്കുന്നു എന്നിങ്ങനെയുള്ള വൈകാരിക വാദങ്ങളാണ്. ഒരു നിലവാരവുമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വന്ന ഇവർക്ക് അമേരിക്കയെ വിമർശിക്കാൻ എന്തവകാശം, എന്നതാണ് ധ്വനി. യഥാർത്ഥത്തിൽ വെള്ളക്കാരുടെ വംശീയവൈകൃതത്തിന്റെ മുഖമാണ് ട്രംപ്. ഇൽഹാൻ ഒമറിന്റെ അഭിപ്രായത്തിൽ 'തുടക്കത്തിൽ സ്വകാര്യസംഭാഷണങ്ങളിൽ ഒതുങ്ങി നിന്ന വംശീയവിദ്വേഷം പിന്നീട് ടെലിവിഷൻ ചർച്ചകളിലും ഇപ്പോൾ വൈറ്ര് ഹൗസിന്റെ സ്വീകരണമുറിയിലും സ്ഥാനംപിടിച്ചു കഴിഞ്ഞു. ' അമേരിക്കയെ മഹത്തരമാക്കുക എന്ന ട്രംപിന്റെ മുദ്രാവാക്യം യഥാർത്ഥത്തിൽ അമേരിക്കയെ വെള്ളക്കാരുടേത് മാത്രമാക്കുക എന്നതാണെന്ന് അവർ വിമർശിക്കുന്നു. നിറംകെട്ട ഭരണത്തിന്റെ വീഴ്ച മറച്ചുവയ്ക്കാനുള്ള തന്ത്രമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ലക്ഷ്യം 2020 തിരഞ്ഞെടുപ്പ്
വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാർ രാജ്യം വിടണമെന്നുള്ള നിലപാട് ട്രംപിന് രാഷ്ട്രീയ നേട്ടമാവുകയാണ്. ട്രംപിന്റെ അഭിപ്രായത്തിൽ 'രാഷ്ട്രീയപോരാട്ടം വലിയ രീതിയിൽ താൻ വിജയിക്കുകയാണ് . നമ്മുടെ രാജ്യം നശിപ്പിക്കാൻ വന്ന തീവ്രവാദികളാണ് നാൽവർ സംഘം. ' ട്രംപിന്റെ അനുയായികളെ ആവേശക്കൊടുമുടിയിലെത്തിച്ച വാക്കുകളാണിവ. റിപ്പബ്ളിപ്പിക്കൻ പാർട്ടി മറ്ര് മാർഗങ്ങളില്ലാതെ ട്രംപിനെ പിന്തുണയ്ക്കുന്നു. ഡെമോക്രാറ്റുകൾ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ട് നിൽക്കുകയാണ്. ട്രംപിന്റെ വംശീയ പ്രസ്താവനകൾക്കെതിരെ ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയെങ്കിലും കുറ്റവിചാരണയുമായി മുന്നോട്ടു പോകണോ എന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായമാണുള്ളത്.
ഒരു കാര്യം ഉറപ്പ്, 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രധാന വിഷയം തീവ്രദേശീയത തന്നെയാണ്. 'അവളെ തുറുങ്കിലടയ്ക്കുക ' എന്ന് 2016 ൽ ഹിലാരി ക്ളിന്റനെതിരെ ഉയർത്തിയ മുദ്രാവാക്യത്തിന് സമാനമാണ് ഒമറിനെതിരെയുള്ള 'അവളെ മടക്കി അയയ്ക്കൂ ' എന്നതും. 2020 ൽ ആരെങ്കിലും ഡെമോക്രാറ്റ്സിന് വോട്ട് ചെയ്താൽ അത് തീവ്രസോഷ്യലിസത്തിനും ഈ രാജ്യത്തിന്റെ നാശത്തിനും കാരണമാകുമെന്ന് ട്രംപ് പറഞ്ഞു കഴിഞ്ഞു. യു.എസ്.എ ടുഡേ നടത്തിയ സർവേ പ്രകാരം 60 ശതമാനം റിപ്പബ്ളിക്കൻസ് ട്രംപിനെ ശക്തമായി പിന്തുണയ്ക്കുന്നു.
ആരുടേതാണ് അമേരിക്ക?
യഥാർത്ഥത്തിൽ തദ്ദേശീയ അമേരിക്കക്കാർ അഥവാ അമേരിക്കൻ ഇന്ത്യൻസ് എന്നറിയപ്പെടുന്നവരാണ് യഥാർത്ഥ അമേരിക്കക്കാർ. ഇവർ തന്നെ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്നവരാണെന്നും പറയപ്പെടുന്നു. ബാക്കി ഇന്നത്തെ അമേരിക്കയിലെ വെള്ളക്കാരും കറുത്തവരുമൊക്കെ 16-ാം നൂറ്റാണ്ടുമുതൽ കുടിയേറിയവരാണ്. തദ്ദേശീയരെ ആക്രമിച്ച് കീഴടക്കിയാണ് വെള്ളക്കാർ അമേരിക്കയിൽ ആധിപത്യം സ്ഥാപിച്ചത്. പ്രസിഡന്റ് ട്രംപിന്റെ പൂർവികർ 19-ാം നൂറ്റാണ്ടിൽ ജർമ്മനിയിൽ നിന്ന് കുടിയേറിയവരാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ മെലാനിയ 1996 ലാണ് പഴയ യൂഗോസ്ളാവിയയുടെ ഭാഗമായ സ്ളൊവാനിയയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. അദ്ദേഹത്തിന്റെ ആദ്യഭാര്യയും കുടിയേറ്റക്കാരിയാണ്. ട്രംപിന്റെ വാദം അംഗീകരിച്ചാൽ അദ്ദേഹവും ഭാര്യമാരും മക്കളും രാജ്യം വിട്ടുപോകേണ്ടവരാണ്. വിവിധ ചരിത്രമുഹൂർത്തങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മത -വംശ -നിറ വിഭാഗങ്ങളിൽപ്പെട്ടവർ ചേർന്ന് സൃഷ്ടിച്ചതാണ് ആധുനിക അമേരിക്ക. ഇവിടെ ആർക്കും ആരെയും പുറത്താക്കാൻ അവകാശമില്ല. ഒരു വാദത്തിന് വേണ്ടി അത് അംഗീകരിച്ചാൽത്തന്നെ അമേരിക്ക അവിടുത്തെ തദ്ദേശീയർക്കുള്ളതാണ്.
2020 അമേരിക്കൻ തിരഞ്ഞെടുപ്പിനുള്ള അജൻഡ തീരുമാനിച്ചു കഴിഞ്ഞു. എടുത്ത് പറയാൻ ഭരണനേട്ടങ്ങളൊന്നുമില്ലാത്ത ട്രംപ് തീവ്രദേശീയതയിൽ തിരഞ്ഞെടുപ്പ് വിജയം കാണുകയാണ്. ഈ തീവ്രദേശീയത രാജ്യാന്തര ബന്ധങ്ങളെയും ബാധിച്ചുകഴിഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെയുള്ള നികുതി വർദ്ധന ട്രംപിന് വലിയ പിന്തുണ നൽകുന്നു. ചൈനയെ നിലയ്ക്ക് നിറുത്താൻ ട്രംപിനേ കഴിയൂ എന്ന ധാരണ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകരാഷ്ട്രീയ വിഷയങ്ങളിൽ ഏകപക്ഷീയമായ നിലപാടുകളെടുക്കാൻ ട്രംപിന്റെ നിലപാട് മറ്റ് രാജ്യങ്ങൾക്ക് പ്രചോദനമാകും. ലോകസമാധാനത്തിനും സമൃദ്ധിക്കും ഗുണകരമല്ല ഈ സമീപനം.
(ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)