hindu-priest

ന്യൂയോർക്ക്: അമേരിക്കയിൽ വഴിയിലൂടെ നടന്ന് പോകുകയായിരുന്നു ഹിന്ദു സന്യാസിയെ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ സന്യാസി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 52 വയസുള്ള സ്വാമി ഹരിഷ് ചന്ദ്ര പുരി എന്നയാൾക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലെ ഗ്ലെൻ ഓക്‌സിലുള്ള ശിവ ശക്തി പീഠ ക്ഷേത്രത്തിനരികിലൂടെ നടന്നു പോകുകയായിരുന്നു ഹരിഷ് ചന്ദ്ര പുരി. ഈ ക്ഷേത്രത്തിലെ പുരോഹിതനാണ് പുരി.

പുരിയുടെ പിറകിലൂടെ എത്തിയ സെർജിയോ ഗൗവെയാ എന്നയാളാണ് സന്യാസിയെ ആക്രമിച്ചത്. ആക്രമണത്തിനിടെ 'ഇതെന്റെ സ്ഥലമാണ്' എന്നും ഇയാൾ ആക്രോശിച്ചു. തുടർന്ന് സന്യാസിയെ ഇയാൾ ആവർത്തിച്ചാവർത്തിച്ച് മർദ്ദിക്കുകയായിരുന്നു. സംഭവസമയത്ത് കാവി വേഷമാണ് സന്യാസി ധരിച്ചിരുന്നത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. ഹരിഷ് ചന്ദ്ര പുരിയുടെ ദേഹത്തും മറ്റും മർദ്ദനം ഏറ്റതിന്റെ പാടുകളുണ്ട്.

ഇയാളുടേ മുഖത്തും പരിക്കുകളുണ്ട്. ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് വംശീയമായ അതിക്രമം ആണോ എന്ന് തങ്ങൾ അന്വേഷിച്ച് വരികയാണെന്നാണ് എൻ.വൈ.പി.ഡി പൊലീസ് പറയുന്നു. എന്നാൽ ഇത് സന്യാസിക്ക് നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമമാണെന്ന് പുരി ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകർ പറയുന്നുണ്ട്.