ന്യൂഡൽഹി: സി.പി.ഐ ജനറൽ സെക്രട്ടറിയായി ഡി.രാജയെ ദേശീയ കൗൺസിൽ പ്രഖ്യാപിച്ചു. ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ സി.പി.ഐ ജനറൽ സെക്രട്ടറിയാണ് രാജ. സുധാകർ റെഡ്ഡിയുടെ പിൻഗാമിയായിട്ടാണ് ഇദ്ദേഹം എത്തുന്നത്. ദീർഘകാലമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശിയായ ഡി.രാജയെ സുധാകർ റെഡ്ഡിയാണ് നിർദ്ദേശിച്ചത്.
എ.ഐ.ടി.യു.സി സെക്രട്ടറി അമർജിത് കൗറിന്റെ പേര് പഞ്ചാബ്, കേരളം,തമിഴ്നാട് ഘടകങ്ങൾ നിർദേശിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമായ രാജയുടെ കാലാവധി ഉടൻ അവസാനിക്കും. പ്രതിപക്ഷ ഐക്യ വേദികളിലെല്ലാം സി.പി.ഐയുടെ മുഖമായെത്തുന്ന രാജ എല്ലാ പാർട്ടികളുമായി സൗഹൃദം പുലർത്താറുണ്ട്.
പാർട്ടി ദേശീയ നേതാവും മലയാളിയുമായ ആനി രാജയാണ് ഭാര്യ. ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവായിരുന്ന അപരാജിതയാണ് മകൾ. 2012ലാണ് സുധാകർ റെഡ്ഢി ജനറൽ സെക്രട്ടറിയായത്. 2021 ഏപ്രിൽ വരെ പദവിയിൽ തുടരാമെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒഴിയണമെന്ന ആവശ്യം നേതൃത്വത്തെ അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.