ദമ്പതികൾ തമ്മിലുള്ള വഴക്ക് മൂർച്ഛിക്കുമ്പോൾ കുടുംബ കലഹത്തിൽ ഏറ്റവുമധികം മാനസിക ബുദ്ധിമുട്ട് നേരിടുന്നത് കുട്ടികളാണ്. സ്വന്തം വാദങ്ങൾ നിരത്തി കുടുംബത്തിലെ സമാധാനം കെടുത്തുന്ന ദമ്പതികൾ ഇതൊക്കെ കണ്ട് പകച്ച് നിൽക്കുന്ന സ്വന്തം കുട്ടികളെ ഓർക്കുക കൂടിയില്ല. വളർന്നു വരുമ്പോൾ ഈ സംഭവങ്ങൾ കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുകയും മറ്റുള്ളവരുമായി ഇടപെടുന്നതിൽ പ്രതിഫലിക്കുകയും ചെയ്യും. ഇത്തരം അവസ്ഥകളിലൂടെ കടന്നുവന്ന ഒരു പെൺകുട്ടി തന്നെ കാണാൻ വന്ന സംഭവം ഓർത്തെടുക്കുകയാണ് സൈക്യാർട്ടിസ്റ്റായ കല മോഹൻ.
"ഒരു മോളും കേൾക്കാൻ ആഗ്രഹിക്കാത്ത വസ്തുതകൾ. അതും പാവം അച്ഛനെ കുറിച്ച്.. !
എത്രയോ നാളുകളായി തുടങ്ങിയ പ്രശ്നങ്ങൾ. തീരെ ചെറുപ്പത്തിൽ, ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിട്ടുണ്ട്. അമ്മയുടെയും അച്ഛന്റെയും വഴക്കിന്റെ ഒച്ച കേട്ടിട്ട്. ഭിത്തിയോട് ചേർന്നിരുന്നു അവരെ നോക്കി നേരം വെളുപ്പിക്കും. ഈ ഇടയായിട്ടാണ് അമ്മ അച്ഛനെ കുറിച്ച്, ഇത്രയും മോശമായി സംസാരിക്കുന്നത്. അതും തന്നോട്, അച്ഛൻ മോശമായി പെരുമാറും എന്നൊക്കെ. യാത്രയിൽ ഉടനീളം ഞാൻ കരഞ്ഞു" കലാമോഹൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സങ്കടം കൊണ്ടു വിങ്ങി പൊട്ടിയ മുഖത്തോടെ ആ പെൺകുട്ടി ഇങ്ങനെ പറഞ്ഞു തുടങ്ങി. കോളേജിൽ നിന്നും അവധിക്കു നാട്ടിൽ എത്തിക്കൊണ്ടിരിക്കുമ്പോ ആണ് അമ്മയുടെ ഫോൺ വരുന്നത്. അച്ഛൻ വിളിക്കാൻ വന്നിട്ടുണ്ട്, മോൾ സൂക്ഷിക്കണം, കാറിന്റെ വാതിൽ തുറന്നിട്ടേക്കു..
നിലവിളിച്ചു കൊണ്ടാണ് അമ്മ സംസാരിക്കുന്നത്..
പിന്നെയും എന്തൊക്കെയോ പറയുന്നു..
അച്ഛനെ പറ്റി ഒരുപാട് കാര്യങ്ങൾ...
ഒരു മോളും കേൾക്കാൻ ആഗ്രഹിക്കാത്ത വസ്തുതകൾ..
അതും പാവം അച്ഛനെ കുറിച്ച്.. !
എത്രയോ നാളുകളായി തുടങ്ങിയ പ്രശ്നങ്ങൾ..
തീരെ ചെറുപ്പത്തിൽ, ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിട്ടുണ്ട്..
അമ്മയുടെയും അച്ഛന്റെയും വഴക്കിന്റെ ഒച്ച കേട്ടിട്ട്...
ഭിത്തിയോട് ചേർന്നിരുന്നു അവരെ നോക്കി നേരം വെളുപ്പിക്കും..
ഈ ഇടയായിട്ടാണ് അമ്മ അച്ഛനെ കുറിച്ച്, ഇത്രയും മോശമായി സംസാരിക്കുന്നത്..
അതും തന്നോട്, അച്ഛൻ മോശമായി പെരുമാറും എന്നൊക്കെ..
യാത്രയിൽ ഉടനീളം ഞാൻ കരഞ്ഞു..
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ എന്നെ ചേര്ത്ത് പിടിച്ചു..
അവനെന്റെ ജീവിതത്തിൽ എത്തിയിട്ട്, മൂന്ന് വർഷമായി..
പൊതുവെ എനിക്ക് ആളുകളെ നമ്പാൻ പാടാണ്.. മറ്റൊരാളെ ഉൾകൊള്ളാൻ സമയമെടുക്കും..
പക്ഷെ, എന്റെ കൂട്ടുകാരനെ എനിക്ക് ഒരുപാട് ഇഷ്‌ടമാണ്..
വിവാഹം എന്ന ഉപാധി ഇല്ലാതെ, ജീവിതം മുന്നോട്ടു കൊണ്ടു പോകാനാണ് എനിക്ക് ഇഷ്ടം..
അവനെന്റെ കൂടെ വേണമെന്നില്ല..
ഈ തരുന്നത് എന്തോ, അത്രയും മതി..
ഒന്നിനും അല്ലാതെ ഒരാളെ സ്നേഹിക്കുന്ന നിമിഷങ്ങൾ..
അതിന്റെ തീവ്രത വാക്കുകൾക്ക് അതീതമാണ്..
ആ ഇടത്ത് നിന്നും കിട്ടുന്ന ചെറിയ തലോടൽ എത്ര വലിയ പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ പോന്നതാകും..
എന്തിനാണ് പിന്നെ ഒരുപാട് ബന്ധങ്ങളും സുഹൃത്തുക്കളും..
ഈ ഒരാൾ പോരേ?
മതി എന്നു തത്കാലം ഉത്തരം..
അവളിൽ ദാമ്പത്യം എന്നത് ഒരു പേടി സ്വപ്നം ആണ്.. അതു മാറാനുള്ള സമയം കൊടുത്തേ തീരു..
അമ്മയുടെ സ്വഭാവം ഒരുപാട് പ്രശ്നം ഉണ്ടാക്കി തുടങ്ങിയപ്പോൾ, അച്ഛന്റെ രോഗം മാറ്റാൻ എന്ന പേരിൽ ഒരു മനഃശാത്രജ്ഞനെ കാണിച്ചു..
എന്നെ ഒരു ദിവസം മുഴുവൻ അമ്മ മുറിയിൽ പൂട്ടി ഇട്ടു..
അച്ഛൻ നിന്നെ ബലാത്സംഗം ചെയ്യാൻ വരുന്നു എന്നു ഇടയ്ക്ക് ജനാല തുറന്നു പറയും..
കരഞ്ഞു കൊണ്ടു, വീടിന് ചുറ്റും ഓടി നടന്നു..
ആ ദിവസം വരെ അമ്മയെ എന്ത് കൊണ്ടു ഡോക്ടർ നെ കാണിച്ചില്ല എന്ന് ഞാൻ ഇപ്പോൾ ആലോചിക്കാറുണ്ട്..
വിറ്റാമിൻ ഗുളിക എന്ന പേരിൽ അമ്മയ്ക്കു ഗുളിക കൊടുത്തു. ഞാൻ ആണ് കൂടെ നിന്നത്..
ആരെയും വിശ്വാസമില്ലാത്ത അമ്മ എന്നെ മാത്രമേ വിശ്വസിക്കുന്നുള്ളു..
ഞാൻ എടുത്തു കൊടുത്താൽ ഗുളിക കഴിക്കും..
പറയുന്ന കാര്യങ്ങൾ കേൾക്കും.
ഒരുപാട് അംഗങ്ങൾ ഉള്ള കുടുംബത്തിൽ, ഞാൻ ഇപ്പൊ വലിയ ഒരു കാരണവരുടെ റോളിൽ ആണ്..
എന്തിനും ഏതിനും എന്നെ ആശ്രയിക്കുന്ന ആളുകൾ എന്നിൽ വല്ലാതെ ഭയമുണ്ടാക്കുന്നു..
എന്നിൽ ഇനിയും ഉണ്ടാകേണ്ട പക്വതയെ കുറിച്ച് വിശദമായി കാഴ്ചപ്പാടുകൾ ഉണ്ടാക്കാൻ മത്സരിക്കുന്നു..
ഞാൻ അവരോടു മനസ്സ് കൊണ്ടു മതി, ഇനിയും അടുത്ത് വരരുത് എന്നു വിലക്കുന്നത് അവർ അറിയുന്നില്ല..
എന്റെ പത്തോന്പതു വയസ്സിൽ ഞാൻ കണ്ട ജീവിതം,
വേറിട്ടതാണ് എന്നത് കൊണ്ടു സമപ്രായക്കാരുമായി ഒത്തുപോകാനും വയ്യ..
അവരിൽ കാണുന്ന അപരിചിതത്വം നിരാശപെടുത്തുമ്പോൾ ഞാൻ കൂട്ടത്തിൽ ഒറ്റപ്പെടുന്നു..
മുതിർന്നവരുടെ ഇടയിലും വയ്യ..
ആ കഴിഞ്ഞു പോയ ദിനം.
എന്നെ മുറിയിൽ പൂട്ടിയിട്ട അമ്മ അന്ന് അനുഭവിച്ച അവസ്ഥ..
ഞാൻ നേരിട്ട നിസ്സഹായത..
ഞെട്ടൽ..
അതൊക്കെ എന്നെ മറ്റൊരാൾ ആക്കി..
അവൾ പറഞ്ഞു നിർത്തിയിടത്ത് നിന്നും അടുത്ത പെൺകുട്ടി തുടരുന്നു..
അച്ഛനായിരുന്നു കുടുംബത്തിൽ എല്ലാമെല്ലാം..
എന്റെ അച്ഛനെ കൂട്ടുകാരുടെ ഇടയിൽ കൊണ്ടു ചെല്ലുമ്പോൾ എന്തൊരു അഭിമാനം ആയിരുന്നു..
അത്രയും സുന്ദരനും സരസനും..
ഞങ്ങളുമായി കളിച്ചു ചിരിച്ചു കിടന്നുറങ്ങാൻ പോയ അച്ഛന്, രാത്രിയിൽ വയ്യാതായി എന്നു കരഞ്ഞു കൊണ്ടു അമ്മ വന്നു പറയുമ്പോൾ ഉറക്കം വിട്ടു മാറാത്ത എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല..
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഞാൻ ഓടുക ആയിരുന്നു..
കാർ വിളിക്കാൻ, ഡോക്ടർ നെ വിളിക്കാൻ... ആശുപത്രിയിൽ എത്തിയിട്ട് ഉണ്ടായ പ്രശ്നങ്ങൾ..
എല്ലാം ഞാൻ ഒറ്റയ്ക്കു നേരിട്ടു എന്നു പറയുന്നതാണ് ശെരി..
അച്ഛന്റെ മരിച്ചു കൊണ്ടിരിക്കുന്ന ജീവന് മുന്നില് കരഞ്ഞു അലമുറ ഇടുന്ന അമ്മയും ഇളയ അനിയത്തിമാരും..
ഇവരുടെ ഇടയിൽ ഞാൻ പിടിച്ചു നിന്നു.
എല്ലാം കൃത്യമായി ചെയ്തു, അച്ഛനെ ജീവിതത്തിലോട്ടു കൊണ്ടു വന്നു..
ജീവനുണ്ട് എങ്കിലും അച്ഛൻ കിടപ്പിലാണ്..
സംസാരിക്കാനോ നടക്കാനോ ആവതില്ല..
എല്ലാവരും അതു ഉൾക്കൊണ്ട് പോകുന്നു.
ഞാൻ അന്നും ആരുടേയും മുന്നില് കരഞ്ഞിട്ടില്ല..
പക്ഷെ, ആ രാത്രിയിൽ അമ്മ കരഞ്ഞു കൊണ്ടു വിളിച്ചു ഉണർത്തി, അച്ഛന് വയ്യ എന്നു പറഞ്ഞത് കേട്ട്, ഓടി ചെന്നു ഞാൻ കണ്ട അച്ഛന്റെ വേദനയുടെ പിടച്ചില്..
പിന്നെ അനുഭവിച്ച യാതനകൾ.
അതിനേക്കാൾ ഉപരി, ഇന്നത്തെ അച്ഛന്റെ അവസ്ഥ..
എനിക്ക്, അതൊക്കെ മനസ്സിലെ കുത്തികീറുന്ന നോവുകൾ ആണ്..
കരുത്തനായ അച്ഛൻ..
അതാണ്, അതായിരുന്നു എന്റെ അച്ഛൻ..
ഇന്നത്തെ രൂപവും നിസ്സഹായാവസ്ഥയും എന്നിലുണ്ടാക്കുന്ന മാനസിക സംഘർഷം മറ്റൊരാൾക്കു മനസ്സിലാകില്ല..
ആ കൂടെ ആണ്, കുടുംബത്തിലെ മൂത്തകുട്ടി, നീയാണ് മറ്റുള്ളവർക്ക് താങ്ങാവേണ്ടത് എന്ന ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഉപദേശങ്ങൾ..
കുടുംബത്തിൽ ഒരു ആൺതുണ വേണമെന്നുള്ളത് കൊണ്ടു, മൂത്തകുട്ടിയായ ഞാൻ വിവാഹം കഴിക്കണമത്രേ..
ആ വരുന്ന ആളിന്റെ പിന്തുണ അമ്മയ്ക്കും അനിയത്തിമാർക്കും വയ്യാത്ത അച്ഛനും ആവശ്യമാണെന്ന്..
എന്റെ സ്വപ്നങ്ങൾ, സന്തോഷങ്ങൾ, ഒക്കെ പണയപ്പെടുത്തി ഞാൻ മറ്റൊരാളായി ജീവിക്കണം എന്നു പറയുന്നത് എന്ത് ന്യായം ആണ്..?
വിവാഹം എന്നത് പ്രശ്നങ്ങൾക്കു പരിഹാരം അല്ല...
അവനവന്റെ ആവശ്യം ആണ്..
ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്,
ഒരേ ഒരു അനുഭവം മതി..
ഒറ്റ നിമിഷം മാത്രം മതി..
നമ്മുടെ ചിന്തകൾ മാറിമറിയും.. "!
പ്രളയജലം വന്ന് എല്ലായിടവും മൂടി പോകുന്നു എന്നു തോന്നും ചില പ്രശ്നങ്ങൾ നട്ടം തിരിക്കുമ്പോൾ..
ഭൂമിയിൽ ഒറ്റപെട്ട അവസ്ഥയിൽ ഉണ്ടാകുന്ന ഞെട്ടലുകൾ ഉണ്ട്..
അതു പുറത്തു ഒരാൾക്ക് കാണാൻ ആകില്ല.. അതിന്റെ നോവും ഊഹിക്കാൻ പറ്റില്ല..
ആ നിസ്സഹായാവസ്ഥ
ആരും മനസ്സിലാക്കണമെന്നില്ല,
കാരണം
ഉപരിതലം അത്രയും ശാന്തമാണ്.. ! ഇരുട്ടിലേക്ക് താഴ്ന്നു താഴ്ന്നു പോകുമ്പോഴും
കൊടുംകാറ്റ് ഉറങ്ങുന്ന മനസ്സിന്റെ ആഴങ്ങളെ, ഹൃദയത്തിലേക്ക് വീണു വെന്തു വൃണമായ നോവിനെ ആരും കാണില്ല എന്നത് എത്ര വലിയ ആശ്വാസം ആണെന്നത് മറ്റൊരു സത്യം.