തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ യുവജന - വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിക്കുന്ന പ്രതിഷേധം അതീവ സുരക്ഷാ മേഖലയിലേക്കും കടന്നുകയറുന്നത് മനസിലാക്കാൻ ഇന്റലിജൻസ് വകുപ്പിന് കഴിയാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്‌തിയുണ്ടെന്ന് റിപ്പോർട്ട്. മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടന്നതിന് പിന്നാലെ ക്ലിഫ് ഹൗസിന് മുന്നിൽ വരെ സമരക്കാർ എത്തിയതിൽ ഇന്റലിജൻസ് വകുപ്പ് ഉന്നതരെ മുഖ്യമന്ത്രി അതൃപ്‌തി അറിയിച്ചു. പ്രതിഷേധങ്ങൾ കണ്ടെത്തുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വരുന്ന വീഴ്‌ചയെപ്പറ്റി മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് തേടി. വിദ്യാർത്ഥി സമരം ചാനലുകളിൽ ലൈവായി കാണിക്കുമ്പോൾ പോലും പൊലീസുകാർ സ്ഥലത്തില്ലാത്തത് ഗുരുതര സുരക്ഷാ വീഴ്‌ചയാണെന്നാണ് വിലയിരുത്തൽ.
യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേൽക്കുകയും തുടർന്ന് സർവകലാശാല ഉത്തരക്കടലാസ് കുത്തുകേസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തതോടെ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന കെ.എസ്.യു നഗരത്തിലെമ്പാടും ഓടിനടന്ന് കരിങ്കൊടി കാണിച്ചും മതിലുചാടിയും പ്രതിഷേധിക്കുന്നത് പൊലീസിനും നാണക്കേടാണ്. പലപ്പോഴും പ്രവർത്തകരെത്തി പ്രതിഷേധം അവസാനിച്ച് മടങ്ങുമ്പോഴാണ് ഇക്കാര്യം അറിഞ്ഞ് പൊലീസ് ഇവിടേക്ക് എത്താറുള്ളത്. കഴിഞ്ഞ ദിവസം ഗവർണറെ കാണാൻ രാജ്ഭവനിലെത്തി തിരികെ പോകുന്നതിനിടെയാണ് കേരള സർവകലാശാല വി.സിക്ക് നേരെ അപ്രതീക്ഷിത പ്രതിഷേധമുണ്ടായത്. പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു സംഘം രാജ്ഭവന് സമീപം കാറിൽ കാത്തിരിക്കുകയായിരുന്നു. സ്ഥലത്താകട്ടെ രാജ്ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥരല്ലാതെ മറ്റ് പൊലീസുകാരുമുണ്ടായിരുന്നില്ല. വി.സിയുടെ കാർ തിരികെ രാജ്ഭവന്റെ കവാടം പിന്നിട്ടതോടെ കരിങ്കൊടിയുമായി പ്രവർത്തകർ ചാടിവീണു. വി.സിയും കൂടെയുണ്ടായിരുന്ന പൊലീസും അമ്പരന്ന് നിൽക്കെ കെ.എസ്.യുക്കാർ മുദ്രാവാക്യം വിളിച്ച് തകർത്തു. കരിങ്കൊടി ഉയർത്തി വി.സിയുടെ കാറിൽ ഇടിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ കണ്ട് പൊലീസ് അല്പസമയത്തേക്ക് പകച്ച് നിന്നു. ശേഷം പ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും കാറിന് മുന്നിൽ പ്രവർത്തകർ കിടന്ന് പ്രതിഷേധിച്ചതോടെ സംഗതി വഷളായി. തുടർന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്നടക്കം കൂടുതൽ പൊലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തി ഒരുവിധം വി.സിയുടെ കാർ കടത്തിവിടുകയായിരുന്നു.
മന്ത്രിസഭായോഗം നടക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഒാഫീസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ളോക്കിലും കെ.എസ്.യുക്കാർ മതിൽചാടിക്കടന്നുചെന്ന് പ്രതിഷേധിച്ചു. എം.എൽ.എ ബൽറാമിനെ സെക്രട്ടേറിയറ്റിൽ കയറ്റിയില്ലെന്ന് പറഞ്ഞ് സൗത്ത് ഗേറ്റിലും പ്രതിഷേധം നടത്തി. കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് അനക്സിന്റെ മതിൽചാടിക്കടന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ ഒാഫീസിന് മുന്നിലും കെ.എസ്.യുക്കാർ പ്രതിഷേധം നടത്തി പൊലീസിനെ വെട്ടിലാക്കി. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുമെത്തി പ്രതിഷേധിക്കാൻ ചില കെ.എസ്.യു പ്രവർത്തകർ മുതിർന്നു. വനിതാ പ്രവർത്തകർ അടക്കമുള്ളവർ പ്രതിഷേധിക്കാനെത്തുമ്പോൾ ഇവിടങ്ങളിൽ മതിയായ വനിതാ പൊലീസിനെ സുരക്ഷയ്‌ക്കായി നിറുത്താറുണ്ടായിരുന്നില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ് സുരക്ഷാ മേഖലകളിലെ പ്രതിഷേധം മുൻകൂട്ടി അറിയുന്നതിലുള്ള വീഴ്‌ചയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ സമരങ്ങളുടെ സാധ്യതകളെപ്പറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും എന്നാൽ ഒന്നോ രണ്ടോ പേർ ചേർന്ന് നടത്തുന്ന സമരങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഒരിക്കലും സാധിക്കില്ലെന്നുമാണ് ഇന്റലിജൻസ് വൃത്തങ്ങളുടെ വിശദീകരണം.