മുംബയ്: വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഫോർമാറ്റിലും വിരാട് കൊഹ്‌ലി തന്നെ നായകൻ. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ശിഖർ ധവാൻ ഏകദിന ട്വന്റി 20 ടീമിൽ ഇടംപിടിച്ചു. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, നവ്ദീപ് സൈനി എന്നിവരും ടീമുകളിൽ സ്ഥാനം പിടിച്ചു.
മൂന്ന് വീതം ട്വന്റി 20-യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ടെസ്റ്റിൽ രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയുണ്ട്. ടെസ്റ്റിൽ അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റൻ. യുവ ബോളർമാരായ നവ്ദീപ് സൈനി, ഖലീൽ അഹമ്മദ് എന്നിവരും ടീമുകളിലുണ്ട്. വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചാഹർ, ദീപക് ചാഹർ,ശ്രേയസ് അയ്യർ എന്നിവരും ട്വന്റി 20 ടീമിലുണ്ട്.
കുൽദീപ് യാദവും യൂസ്വേന്ദ്ര ചാഹലും ടീമിലില്ല. രവീന്ദ്ര ജഡേജ, രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമുകളിലും ഉൾപ്പെട്ട താരങ്ങൾ. പൃഥ്വി ഷാ, മുരളി വിജയ് എന്നിവർ ടെസ്റ്റ് ടീമിലില്ല. ടെസ്റ്റിൽ കെ.എൽ രാഹുലും മായങ്ക് അഗർവാളുമാണ് ഓപ്പണർമാർ. ഹനുമ വിഹാരി ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിറുത്തി. ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിൽ നിന്ന് ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ബി.സി.സി.ഐ വിശ്രമം അനുവദിച്ചു. ആഗസ്റ്റ് മൂന്നിനാണ് പര്യടനം ആരംഭിക്കുന്നത്.