intercity-express

എറണാകുളം: 'എം 80 മൂസ'യായെത്തിയ പ്രേക്ഷകരുടെ പ്രിയതാരം വിനോദ് കോവൂരിന്റെ ട്രെയിനിൽ നിന്നുമുള്ള ഫേസ്ബുക്ക് ലൈവ് വൈറൽ. എറണാകുളത്ത് നിന്നും പുറപ്പെട്ട ഇന്റർസിറ്റി എക്സ്പ്രസ് മഴയത്ത് ചോർന്നൊലിക്കുന്ന കാഴ്ച ജനങ്ങൾക്ക് കൂടി കാണിച്ചുതരാനാണ് വിനോദ് കോവൂർ ഈ ഫേസ്ബുക്ക് ലൈവ് ഇട്ടത്. ട്രെയിനിലെ മഴ നനഞ്ഞു കൊണ്ടുള്ള യാത്ര എന്നാണ് തന്റെയും യാത്രക്കാരുടേയും ദുരനുഭവത്തെ വിനോദ് വിശേഷിപ്പിച്ചത്.

ഇന്നലെ അഞ്ച് മണി സമയത്തോടടുത്ത് ഉണ്ടായ മഴയിലാണ് ട്രെയിൻ ചോർന്നൊലിച്ചതും യാത്രക്കാരുടെ ദേഹത്തെല്ലാം വെള്ളം വീണതും. ചോർന്നൊലിക്കുന്ന ട്രെയിനിന്റെ ബോഗിക്കുള്ളിൽ കുടയും കൂടിയാണ് യാത്രക്കാർ നിൽക്കുന്നതും ഇരിക്കുന്നതും. ചിലർ വെള്ളം വീഴുന്നത് തടയാൻ തലവഴി ടവലാണ് ഇട്ടിരിക്കുന്നത്.

ഇക്കാര്യം ജനങ്ങളുടെ മുൻപിലേക്ക് എത്തിക്കാൻ വേണ്ടിയാണ് താൻ ഈ വീഡിയോ ചെയ്യുന്നതെന്നും സംഭവം ആരും തമാശയായി എടുക്കരുതെന്നും വിനോദ് ലൈവിലൂടെ പറയുന്നു. റെയിൽവേ അധികൃതർ ഈ ദുരിതം മനസിലാക്കണമെന്നും നടപടി ആവശ്യമാണെന്നും വിനോദ് പറഞ്ഞു. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും സ്ഥിരം യാത്രക്കായി ഉപയോഗപ്പെടുത്തുന്നത് ഇന്റർസിറ്റി എക്സ്പ്രസിനെയാണ്. കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ടതായിരുന്നു വിനോദ് കോവൂർ.