iran-ship

ലണ്ടൻ: ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് വണ്ണിൽ മൂന്ന് മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇറാനിലെ ഗ്രേസ് വൺ കമ്പനിയിൽ ജൂനിയർ ഓഫീസറായ മലപ്പുറം വണ്ടൂർ സ്വദേശി കെ.കെ.അജ്‌മൽ, കാസർകോട് സ്വദേശി പ്രജീഷ്, ഗുരുവായൂർ സ്വദേശി റെജിൻ എന്നിവരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. എന്നാൽ എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അജ്‌മൽ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്ത കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യാക്കാർ കുടുങ്ങിയിട്ടുണ്ടെന്ന വിവരത്തിന് പിന്നാലെയാണ് ഇക്കാര്യവും പുറത്താകുന്നത്.

അന്താരാഷ്ട്ര വിലക്ക് ലംഘിച്ച് സിറിയയിലേക്ക് പെട്രോളിയം ഉത്പനങ്ങൾ കടത്തിയെന്നാരോപിച്ച് രണ്ടാഴ്‌ച മുമ്പാണ് ജിബ്രാൾട്ടർ കടലിടുക്കിൽ വച്ച് ഗ്രേസ് വൺ ഇറാനിയൻ ടാങ്കർ ബ്രിട്ടീഷ് നാവികസേന പിടികൂടുന്നത്. യൂറോപ്യൻ യൂണിയന്റെ വിലക്ക് മറികടന്ന് എണ്ണ കൈമാറ്റം ചെയ്‌തതിനാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് വിശദീകരണം. ഈ കപ്പൽ 30 ദിവസം കൂടി കസ്‌റ്റഡിയിൽ വയ്‌ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കപ്പലായ സ്റ്റെനാ ഇംപേരോ ഇറാൻ പിടിച്ചെടുത്തത്. എറണാകുളം കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ, തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളായ മറ്റ് രണ്ട് പേർ എന്നിവർ ഇതിലുണ്ടെന്നാണ് വിവരം. ഇതിൽ പള്ളുരുത്തി സ്വദേശിയായ യുവാവാണ് കപ്പലിലെ ക്യാപ്‌ടനെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മലപ്പുറം സ്വദേശിയായ അജ്‌മലും ഈ കപ്പലിലെ ജീവനക്കാരൻ ആണെന്നാണ് ആദ്യ ഘട്ടത്തിൽ ലഭിച്ച വിവരം. എന്നാൽ പിന്നീടാണ് അജ്‌മലിന്റെ വീട്ടുകാർ ഇക്കാര്യം അറിയിച്ചത്.

എന്നാൽ ഇക്കാര്യത്തിൽ ഇറാനിൽ നിന്നും വിദേശകാര്യ വകുപ്പിന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പ്രതികരിച്ചു. പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത് വരെ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ഇറാനുമായും കപ്പൽ കമ്പനികളുമായും കൂടുതൽ ആശയവിനിമയം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.